ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
പുഞ്ചവയല്‍: ബസില്‍ ബൈക്കിടിച്ച് യുവാവു മരിച്ചു. പുല്ലുപാറ കല്ലുകരോട്ട് ലാലുമോന്‍ (43) ആണു മരിച്ചത്. ഇന്നലെ രാവിലെ മുരിക്കുംവയല്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിനു സമീപത്തായിരുന്നു അപകടം. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിരേ വന്ന സ്വകാര്യ ബസില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ലാലു സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ലാലു ഇപ്പോള്‍ താമസിക്കുന്ന പുഞ്ചവയലിലെ വാടകവീട്ടില്‍നിന്ന് മുണ്ടക്കയത്തേക്കു പോകവേ 504 കോളനിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. ചെമ്മണ്ണൂര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് വിഭാഗം പാലാ മേഖലാ സീനിയര്‍ മാനേജരാണ്. സംസ്കാരം ഇന്ന് പുല്ലുപാറയിലെ വീട്ടുവളപ്പില്‍. ഭാര്യ: ഷൈലജ, മക്കള്‍: പാര്‍വതി, ഹരിക്കുട്ടന്‍.