വല്ലാര്‍പാടം-കോഴിക്കോട് തീരദേശപാത സമഗ്രപുരോഗതിക്ക്: മുഖ്യമന്ത്രി
വല്ലാര്‍പാടം-കോഴിക്കോട് തീരദേശപാത സമഗ്രപുരോഗതിക്ക്: മുഖ്യമന്ത്രി
Sunday, April 21, 2013 11:45 PM IST
തിരൂര്‍: വല്ലാര്‍പ്പാടം-കോഴിക്കോട് തീരദേശപാത സംസ്ഥാനത്തിന്റെ സമഗ്രപുരോഗതിക്കവഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തിരൂര്‍ പറവണ്ണയില്‍ തീരദേശ പാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി-കോഴിക്കോട് യാത്രാസമയം കുറയ്ക്കുന്നതോടൊപ്പം ടൂറിസം വികസനത്തിനും പാതയുടെ നിര്‍മാണം വഴിയൊരുക്കും.

പാതയുടെ സ്ഥലമെടുപ്പിനു വ്യക്തമായ നയം സര്‍ക്കാരിനുണ്ട്. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രയത്നം ആവശ്യമാണ്. തീരദേശപാതയ്ക്കു സ്ഥലം നല്‍കുന്നവര്‍ നാടിനുവേണ്ടി ത്യാഗം ചെയ്യുകയാണ്. അവരുടെ ത്യാഗത്തിനനുസരിച്ചു നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ വിശ്വാസത്തിലെടുത്തുളള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നഷ്ടപരിഹാരം ലഭിക്കാന്‍ ആരും മുദ്രാവാക്യം വിളിക്കേണ്ട സ്ഥിതിയുണ്ടാവില്ല. ജനങ്ങളിലേക്കു ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുളള ടിപ്പു സുല്‍ത്താന്‍ റോഡ് ഘട്ടം ഘട്ടമായി നവീകരിച്ച് വല്ലാര്‍പ്പാടം മുതല്‍ കോഴിക്കോട് വരെയുളള തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിനുളള സമഗ്രപദ്ധതിക്കാണ് ഇതോടെ തുടക്കമായത്. 2000 കോടി ചെലവു കണക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണത്തിന് 117 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു.


ഉദ്ഘാടനത്തോടനുബന്ധിച്ച പൊതുസമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷനായിരുന്നു. ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ സി. മമ്മൂ ട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.ടി. ജലീല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കളക്ടര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുളളകുട്ടി, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി. സൈനുദീന്‍, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. അബ്ദുല്‍ റസാഖ്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സിദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.