പുരം നിറയ്ക്കാന്‍ പൂരം
സ്വന്തം ലേഖകന്‍

തൃശൂര്‍: പൂരം നിറയുകയായി, നഗ രം നിറയെ പൂരക്കമ്പക്കാരും. പ്രദക്ഷിണവഴിയിലൂടെ പുരുഷാരം പൂരക്കാഴ്ചകളിലേക്കൊഴുകുകയാണ്. കടുംനിറങ്ങള്‍ മിന്നിത്തിളങ്ങുന്ന ചമയശാലകളിലെ ജനത്തിരക്കില്‍നിന്ന് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ ജനസാഗരത്തിലേക്ക് ഉറക്കമില്ലാതെ നഗരമുണര്‍ന്നു. ഇന്ന് തൃശൂര്‍ പൂരം.

പൂരത്തിനായി വടക്കുന്നാഥന്റെ തെക്കേഗോപുരനട ഇന്നലെ രാവിലെ പതിനൊന്നോടെ തുറന്നു. നെയ്തലക്കാവിലമ്മ ആനപ്പുറത്ത് മേളാകമ്പടിയോടെ എഴുന്നള്ളിയാണ് തെക്കേഗോപുരനട തുറന്നത്. പൂരത്തിന്റെ പ്രൌഢഗാംഭീര്യം ദേശങ്ങള്‍ക്കപ്പുറത്തേക്കു വിളംബരം ചെയ്ത സാമ്പിള്‍ വെടിക്കെട്ടോടെ തൃശൂര്‍ നഗരം പൂരലഹരിയിലായി. പാറമേക്കാവ് വിഭാഗം വെള്ളിയാഴ്ച അഗ്രശാലയിലും തിരുവമ്പാടി വിഭാഗം ഇന്നലെ രാവിലെ എംജി റോഡിലെ ശ്രീശങ്കര ഹാളിലും ആരംഭിച്ച ചമയപ്രദര്‍ശനം കാണാന്‍ ആവേശത്തോടെയാണ് ജനങ്ങളെത്തിയത്. ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്ന തിങ്കളാഴ്ച ഉച്ചവരെ ശക്തന്റെ തട്ടകത്തില്‍ ഇനി ഈ പൂരത്തിരക്കുതന്നെ.


ഇന്നു വെളുപ്പിനു മൂന്നിനു നിയമവെടി മുഴക്കത്തോടെ പൂരത്തിനു തുടക്കമാകും.