ചന്ദ്രശേഖരന്‍ വധം: മൊഴിമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന- ചെന്നിത്തല
ചന്ദ്രശേഖരന്‍ വധം: മൊഴിമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന- ചെന്നിത്തല
Sunday, April 21, 2013 11:21 PM IST
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സാക്ഷികളുടെ മൊഴിമാറ്റത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തില്‍ സിപിഎമ്മിലെ ഉന്നതനേതാക്കള്‍ക്കും പങ്കുണ്ട്.

സത്യസന്ധമായ അന്വേഷണത്തെ അട്ടിമറിക്കാനാണു സിപിഎം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളയാത്രയുടെ ഭാഗമായി കണ്ണൂര്‍ ഗസ്റ് ഹൌസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിനിര്‍വഹണത്തെ അട്ടിമറിക്കാനുള്ള ശ്രമം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ടി.പി. വധത്തില്‍ ആദ്യം പങ്കില്ലെന്നു പറഞ്ഞ സിപിഎം ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പോലീസ് സ്റേഷനുകളിലേക്കു മാര്‍ച്ച് നടത്തിയതും അന്വേഷണ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതും കോടതിക്കു നേരേയുണ്ടായ പ്രതിഷേധവും ഇതിന്റെ തെളിവാണ്. ഏറ്റവും ഒടുവില്‍ സാക്ഷികള്‍ക്കു നേരേ വധഭീഷണിവരെ മുഴക്കുകയാണ്.

പ്രതികളെ രക്ഷിക്കുന്നതിനും കേസ് നടത്തിപ്പിനുമായി ഗള്‍ഫ് നാടുകളിലും മറ്റും സിപിഎം വ്യാപകമായി പിരിവും നടത്തിവരുന്നു. ടി.പിയെ വധിച്ച സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം നടത്തുമെന്നു സിപിഎം പോളിറ്റ്ബ്യൂറോ പറഞ്ഞെങ്കിലും അന്വേഷണം നടത്തിയതായി കണ്ടില്ല. ഇതിന്റെ നിജസ്ഥിതി നേതൃത്വം ജനങ്ങളോടു തുറന്നുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


കോണ്‍ഗ്രസ് പുലര്‍ത്തിയതു വികസനോന്മുഖ സമീപനമായിരുന്നു. രാഷ്ട്രീയ ഭിന്നതയുണ്െടങ്കിലും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു യുഡിഎഫിന്റെ എതിര്‍പ്പുമൂലം ഒരു വികസന പദ്ധതിയും നടക്കാതെ പോയിട്ടില്ല.

പരിസ്ഥിതി സൌഹാര്‍ദ വികസനമാണു യുഡിഎഫ് നയം. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ നടന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. ഇതു സംബന്ധിച്ചു ഫലപ്രദമായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്െടന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ശരിയല്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും കരിഞ്ചന്ത അവസാനിപ്പിക്കാനും സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഇപ്പോള്‍ സംയമനം പാലിക്കുന്നുണ്ട്. പഴയരീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. കേരളയാത്ര നടത്തേണ്ടത് എഐസിസി ആസ്ഥാനത്തേക്കാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന യാത്രയുടെ ജനപിന്തുണ കണ്ടു വിറളിപിടിച്ചുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.