മാര്‍ വിതയത്തില്‍ മറ്റുള്ളവരുടെ ജീവിതങ്ങളെ ദീപ്തമാക്കിയ പ്രാര്‍ഥനയുടെ മനുഷ്യന്‍: മാര്‍ എടയന്ത്രത്ത്
സ്വന്തം ലേഖകന്‍

കൊച്ചി: മറ്റുള്ളവരുടെ ജീവിതങ്ങളെ ദീപ്തമാക്കിയ പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് അനുസ്മരിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇന്നലെ വൈകുന്നേരം അര്‍പ്പിച്ച അനുസ്മരണ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

മുന്തിരിച്ചെടിയോടു ചേര്‍ന്നുനില്‍ക്കുന്ന ശാഖകള്‍ ഫലം പുറപ്പെടുവിക്കുന്നതു പോലെ തന്നോടു ചേര്‍ന്നുനിന്നവരില്‍ ദൈവാനുഭവത്തിന്റെ സമൃദ്ധമായ ഫലങ്ങളുണ്ടാക്കാന്‍ മാര്‍ വിതയത്തിലിന്റെ ജീവിതത്തിനായി. ഏതു സാഹചര്യങ്ങളിലും പ്രാര്‍ഥനയുടെ ജീവിതത്തെ മുറുകെപ്പിടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. എവിടെ പോകുമ്പോഴും മടങ്ങിയെത്തുമ്പോഴും പ്രാര്‍ഥന ശീലമാക്കിയ മാര്‍ വിതയത്തില്‍ സമൂഹത്തില്‍ സമാധാനത്തിന്റെ ദൂതനായിരുന്നുവെന്നും മാര്‍ എടയന്ത്രത്ത് അനുസ്മരിച്ചു.

ദിവ്യബലിക്കു മുമ്പു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബസിലിക്കയിലെ അല്‍ത്താരയിലുള്ള കര്‍ദിനാള്‍ മാര്‍ വിതയത്തിലിന്റെ കബറിടത്തില്‍ പൂക്കളര്‍പ്പിച്ച് പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷ നയിച്ചു. വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ കോണ്‍ക്ളേവില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ അവിടെ കൂടിയവര്‍ പലരും കര്‍ദിനാള്‍ മാര്‍ വിതയത്തിലിന്റെ പേരു പരാമര്‍ശിച്ചതായി മാര്‍ ആലഞ്ചേരി പറഞ്ഞു. ഇറ്റാലിയന്‍ മാധ്യമങ്ങളിലും മാര്‍ വിതയത്തില്‍ ആ ദിനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. സഭയ്ക്കു മുഴുവന്‍ മാതൃകയായ ഇടയശുശ്രൂഷയായിരുന്നു മാര്‍ വിതയത്തിലിന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു.


അതിരൂപത പ്രോ വികാരി ജനറാള്‍ റവ. ഡോ. ജോസ് പുത്തന്‍വീട്ടില്‍, ചാന്‍സലര്‍ റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍, ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്ത്, ഫാ. തോമസ് വിതയത്തില്‍, ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഫാ. വര്‍ഗീസ് അമ്പലത്തിങ്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് നേര്‍ച്ച ആശീര്‍വദിച്ചു വിതരണം ചെയ്തു. അതിരൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളും അനുസ്മരണശുശ്രൂഷകളില്‍ പങ്കെടുത്തു.