ഫാ. തോമസിന്റെ മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത് സഹോദരി
ഏറ്റുമാനൂര്‍: ബാംഗളൂരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഫാ. കെ. ജെ. തോമസിന്റെ മരണവാര്‍ത്ത ഏറ്റുമാനൂരിലെ വീട്ടിലറിയിച്ചത് അദ്ദേഹത്തെ കാണാനും ധ്യാനത്തില്‍ പങ്കെടുക്കാനുമായി പോണ്ടിച്ചേരിയില്‍ നിന്നെത്തിയ സ്വന്തം സഹോദരിയും ക്ളൂണി സന്യാസിനി സമൂഹാംഗവുമായ സിസ്റര്‍ ജാക്വിലിന്‍. ഫാ. തോമസ് റെക്ടറായ ബാംഗളൂര്‍ മല്ലേശ്വരം സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ നടക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാനാണ് സിസ്റര്‍ ജാക്വിലിന്‍ ബാംഗളൂരിലെത്തിയത്. നേരിത്തെ പറഞ്ഞതനുസരിച്ച് പുലര്‍ച്ചെ നാലിന് വിമാനത്താവളത്തിലെത്തിയ സിസ്റര്‍, സഹോദരനെ തെരഞ്ഞെങ്കിലും കണ്ടില്ല. ഫോണില്‍ പലപ്രാവശ്യം വിളിച്ചെങ്കിലും പ്രതികരണമുണ്ടായതുമില്ല. അധികം വൈകാതെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സിസ്റര്‍ ടാക്സിയെടുത്ത് സെമിനാരിയിലെത്തി.


അവിടെയെത്തിയപ്പോഴാണ് സഹോദരന്റെ ദാരുണ മരണം അറിഞ്ഞത്. ഉടന്‍ സിസ്റര്‍ തന്നെ സംഭവം വീട്ടിലേക്കു വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അമ്പരന്നുപോയ വീട്ടുകാര്‍, അദ്ദേഹത്തിന്റെ ഓര്‍മയില്‍ വിതുമ്പുകയാണ്. ഈസ്റര്‍ ദിനത്തില്‍ വീട്ടിലേക്കു വിളിച്ച് എല്ലാവര്‍ക്കും ഈസ്റര്‍ ആശംസകള്‍ നേര്‍ന്ന കാര്യം അവര്‍ ഒര്‍മിച്ചു. സിസ്റര്‍ ജാക്വിലിനെ സ്വീകരിക്കാന്‍ പോകുന്ന കാര്യവും അപ്പോള്‍ പറഞ്ഞിരുന്നുവത്രേ.