ജലവിഭവ റെഗുലേറ്ററി അഥോറിറ്റി ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്
തിരുവനന്തപുരം: വെള്ളക്കരം നിശ്ചയിക്കലും നിയന്ത്രണം ഉള്‍പ്പെടെയുള്ള അധികാരവും നല്‍കി പ്രത്യേക അഥോറിറ്റി രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അഥോറിറ്റി ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ടു.

മന്ത്രി പി.ജെ. ജോസഫ് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ഭരണപക്ഷത്തെ ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ബില്ലിന് എതിരാണെന്നും ഇത്തരത്തിലൊരു ബില്‍ അവതരിപ്പിച്ചു നടപ്പാക്കുന്നത് അംഗീകരിക്കില്ലെന്നും ആരോപിച്ച് പ്രതിപക്ഷം ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ബഹിഷ്കരണം നടത്തി.

എന്നാല്‍, ബില്ലിന്‍മേലുള്ള അഭിപ്രായം മാത്രമാണു തങ്ങള്‍ സഭയില്‍ ചര്‍ച്ചയില്‍ അറിയിച്ചിട്ടുള്ളതെന്നും ഇതു സര്‍ക്കാരിനെതിരാണെന്നുള്ള അഭിപ്രായം പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം മാത്രമാണെന്നും ടി.എന്‍. പ്രതാപന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറഞ്ഞു.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വെള്ളത്തിന്റെ താരിഫ് തീരുമാനിക്കുന്നതു റെഗുലേറ്ററി അഥോറിറ്റിയാകും.

ജലവിതരണത്തിന്റെ സുസ്ഥിരവും ശാസ്ത്രീയവുമായ പരിപാലനം ഉറപ്പാക്കുന്നതിനും ജലമേഖലയിലെ ചെലവും വരുമാനവും ആനുകാലികമായി പുനരവലോകനം ചെയ്യുന്നതിനും അഥോറിറ്റിക്ക് അധികാരമുണ്ട്.

അഥോറിറ്റിയുടെ ആസ്ഥാനം തിരുവനന്തപുരമായിരിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ ചീഫ് എന്‍ജിനിയര്‍ പദവിയിലുള്ള ആളായിരിക്കും ചെയര്‍മാന്‍.

അംഗങ്ങളിലൊരാള്‍ ജലവിഭവ എന്‍ജിനിയറിംഗ് മേഖലയിലെ വിദഗ്ധനും രണ്ടാമത്തെ അംഗം സര്‍ക്കാര്‍ കോളജില്‍ പ്രഫസര്‍ പദവിയില്‍ താഴെയല്ലാത്ത ജലവിഭവ മേഖലയിലെ ഒരു വിദ്യാഭ്യാസ വിദഗ്ധനുമായിരിക്കും.

അഥോറിറ്റിക്ക് ആവശ്യമുള്ളപ്പോള്‍ നയപരമായ തീരുമാനം എടുക്കുന്നതിനു സഹായിക്കുന്നതിനായി എന്‍ജിനിയറിംഗ്, കൃഷി, കുടിവെള്ളം, വ്യവസായം, നിയമം, സാമ്പത്തികം, വാണിജ്യം, ധനം, മാനേജ്മെന്റ് എന്നീ മേഖലകളില്‍ വിദഗ്ധരെയോ സംസ്ഥാനത്തെ കര്‍ഷകസംഘടനകളിലെ അംഗങ്ങളെയോ പ്രത്യേക ക്ഷണിതാക്കളായി വിളിക്കാം.

അഥോറിറ്റിയുടെ ചെയര്‍മാനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി രൂപീകരിക്കുന്ന കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയായിരിക്കും. ധനകാര്യ സെക്രട്ടറി അംഗമായിരിക്കും.


അഥോറിറ്റിയിലെ ഒഴിവുകള്‍ ആറുമാസത്തിനകം നികത്തണം. അഞ്ചുവര്‍ഷമോ, 65 വയസ് തികയുന്നതുവരെയോ അംഗമായി തുടരാം. വിവിധ വിഭാഗങ്ങളിലുള്ള ഉപയോക്താക്കളുടെ ജല ആവശ്യകത വാര്‍ഷിക അടിസ്ഥാനത്തിലോ കാലിക അടിസ്ഥാനത്തിലോ അഥോറിറ്റി തീരുമാനിക്കും.

പദ്ധതി മാനേജ്മെന്റിന്റെ ചെലവ്, ഭരണനിര്‍വഹണം, പ്രവര്‍ത്തനവും കേടുപാടു തീര്‍ക്കല്‍ലും എന്നിവ അടിസ്ഥാനമാക്കി ഗുണഭോക്താക്കളുടെ അഭിപ്രായം തേടിയശേഷമായിരിക്കും വാട്ടര്‍ താരിഫ് സംവിധാനം സ്ഥാപിക്കുക.

അഥോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് 28.50 ലക്ഷം രൂപയുടെ ആവര്‍ത്തനച്ചെലവും 12 ലക്ഷം രൂപയുടെ അനാവര്‍ത്തന ചെലവും സംസ്ഥാന ഖജനാവിലുണ്ടാകുമെന്നു ബില്ലിലെ ധനകാര്യ മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു.

2005 ലെ കേരള വാട്ടര്‍ ആന്‍ഡ് സ്വീവേജ് ആക്ടിലെ അതേ വ്യവസ്ഥകള്‍ തന്നെയാണു പുതിയ ബില്ലിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് പ്രതിപക്ഷത്തു നിന്ന് എ.കെ. ബാലന്‍ തടസവാദം ഉന്നയിച്ചു.

എന്നാല്‍, പുതിയ ബില്‍ വരുന്നതോടെ പഴയ നിയമം സ്വാഭാവികമായി അസാധുവാകുമെന്നുമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. പദ്ധതികളുടെ നിര്‍മാണച്ചെലവിന്റെ അടിസ്ഥാനത്തില്‍ താരിഫ് നിര്‍ണയിക്കുന്നതു ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

വാട്ടര്‍ അഥോറിറ്റിയുടെ കാര്യക്ഷമത ഇല്ലായ്മ ഉള്‍പ്പെടെയുള്ള നഷ്ടങ്ങളുടെ ഭാരം ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ നിയമപരമായ കാര്യങ്ങള്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും താരിഫ് വര്‍ധനയുടെ അവസാനവാക്ക് റെഗുലേറ്ററി അഥോറിറ്റി ആയിരിക്കില്ലെന്നും മറുപടി പ്രസംഗത്തില്‍ മന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി.