രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മലബാര്‍ സിമന്റസ് മുന്‍ കമ്പനി സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ച കേസില്‍ പിടിയിലായ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഇ.സി. ഹരിഗോവിന്ദന്‍ തള്ളി. കേസ് ഡയറി പരിശോധിക്കുമ്പോള്‍ പ്രഥമദൃഷ്്ട്യാ കേസുള്ളതായി വ്യക്തമാകുന്നുണ്െടന്നു ചൂണ്ടിക്കാട്ടിയാണു ജാമ്യാപേക്ഷ തള്ളിയത്. സുപ്രധാന രേഖകള്‍ കൈവശപ്പെടുത്തിയ പ്രതി വളരെ സ്വാധീനശക്തിയുള്ള ആളാണെന്നു വ്യക്തമായതിനാല്‍ പ്രതിക്കു ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി.


മലബാര്‍ സിമന്റ്സിലെ അഴിമതി വിവരങ്ങള്‍ അറിയാമായിരുന്ന ശശീന്ദ്രനെ രാധാകൃഷ്ണന്‍ പ്രലോഭിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വ്യക്തമാകുന്നുണ്െടന്നു കോടതി പറഞ്ഞു. പ്രതിയുടെ വീട്ടില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് അടക്കം പ്രധാനപ്പെട്ട രേഖകള്‍ എത്തിയതെങ്ങനെയെന്നു കണ്െടത്തേണ്ടതുണ്െടന്നു സിബിഐ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. മൂന്നു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും സിബിഐക്ക് കേസുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലെന്നുമുള്ള രാധാകൃഷ്ണന്റെ വാദം കോടതി തള്ളി.