വിമാനത്തിലും കപ്പലിലുമായി 2,700 വിദേശ വിനോദസഞ്ചാരികളെത്തി
നെടുമ്പാശേരി: ടേണ്‍ എ റൌണ്ട് സമ്പ്രദായത്തില്‍ വിമാനത്തിലും കപ്പലിലുമായി 2,700 വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയിലെത്തി. എയര്‍ ബര്‍ലിന്‍, കൊണ്ടൂര്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വെയ്സ് എന്നിവയുടെ ഫ്ളൈറ്റുകളിലായി ജര്‍മനിയില്‍ നിന്ന് ഇന്നലെ രാവിലെ 1,350 വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ വന്നിറങ്ങി.

ഐഡ ദിവ എന്ന ആഡംബര യാത്രാകപ്പലില്‍ 1,350 വിനോദസഞ്ചാരികള്‍ കൊച്ചി തുറമുഖത്തുമെത്തി. കപ്പലില്‍ വന്നവരെ തുറമുഖത്തു നിന്ന് കൊച്ചി വിമാനത്താവളത്തില്‍ കൊണ്ടുവന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കു ഫ്ളൈറ്റില്‍ കയറ്റിവിട്ടു. വിമാനത്തില്‍ വന്നവരെ പ്രത്യേക വാഹനത്തില്‍ തുറമുഖത്തെത്തിച്ച് കപ്പലില്‍ കയറ്റിവിട്ടു. കൊളംബോയില്‍ നിന്നു വന്ന കപ്പല്‍ കൊച്ചിയില്‍ നിന്നു മംഗലാപുരത്തേക്കാണു പോയത്. ഈ വിനോദസഞ്ചാരികളുടെ യാത്രാരേഖ പരിശോധനകള്‍ എളുപ്പമാക്കാനും പോക്കുവരവ് ക്രമീകരിക്കാനും പ്രത്യേക സംവിധാനമുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ മേല്‍നോട്ടം വഹിച്ചു.