കുടിവെള്ള വിതരണത്തിന് കമ്പനി: ഉത്തരവില്‍ ഭേദഗതി വരുത്തും
തിരുവനന്തപുരം: കുടിവെള്ള വിതരണത്തിനായി സിയാല്‍ മോഡലില്‍ പുതിയ കമ്പനി രൂപീകരിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്നു മന്ത്രി പി.ജെ. ജോസഫ്. സിയാല്‍ മാതൃകയില്‍ ജലവിതരണത്തിന് കമ്പനി രൂപീകരിക്കുന്നതു കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനു മാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ മുമ്പ് ഇറക്കിയ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിട്ടില്ലെന്ന് കേരള സംസ്ഥാന ജലവിഭവ റെഗുലേറ്ററി അഥോറിറ്റി ബില്ലില്‍ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ച ഭരണപക്ഷ -പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണു മന്ത്രിയുടെ വിശദീകരണം.

കമ്പനി രൂപികരിക്കുന്നത് വാട്ടര്‍ അഥോറിറ്റിയുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും മന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി.


സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രത്തിലായിരിക്കും ജലവിതരണത്തിനുള്ള കമ്പനിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

കമ്പനി നിലവില്‍വരുന്നതോടെ ഇപ്പോഴുള്ള വിലയുടെ പത്തിലൊന്നു തുക മാത്രമേ കുടിവെള്ളത്തിനു നല്‍കേണ്ടിവരുകയുള്ളൂ. കമ്പനി രൂപികരിക്കുന്നതിന്റെ പേരില്‍ ഇപ്പോള്‍ വാട്ടര്‍ അഥോറിറ്റി ജനങ്ങള്‍ക്കു നല്‍കുന്ന യാതൊരു സേവനവും ഇല്ലാതാകുന്നില്ല.

പശ്ചിമ ബംഗാളില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലൊരു കമ്പനി ആരംഭിച്ചിരുന്നു. ആ കമ്പനിയും മാതൃകയാക്കിയാണ് കേരളത്തിലും കുപ്പിവെള്ള വിതരത്തിനു കമ്പനി ആരംഭിക്കുന്നത്. സാധാരണക്കാര്‍ക്കു സബ്സിഡി നിരക്കില്‍ ജലവിതരണം നടത്തുന്നതിന് വ്യാവസായിക മേഖലക്കു സബ്സിഡി ഇല്ലാതെ ജലം വിതരണം ചെയ്യുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.