ജലഗതാഗത വകുപ്പിനു സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്നു ഹൈക്കോടതി
കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ (എസ്ഡബ്ള്യുടിഡി) യാത്രാബോട്ടുകള്‍ക്കു സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കു ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയ നടപടി ചോദ്യം ചെയ്തു.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ട്രാന്‍സ്പോര്‍ട്ട്) സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റീസ് വി. ചിദംബരേഷിന്റ ഇടക്കാല ഉത്തരവ്. ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വീസ് മേഖലയിലെ സേവനദാതാക്കള്‍ക്കെതിരായുള്ള നിര്‍ദേശം അന്യായവും നിയമവിരുദ്ധവുമാണെന്നു ഹര്‍ജിയില്‍ പറയുന്നു.


വികലാംഗര്‍ക്കും സ്വാതന്ത്യ്രസമരസേനാനികള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റും ജലഗതാഗത വകുപ്പ് ബോട്ടുകളില്‍ സൌജന്യ പാസ് അനുവദിക്കുന്നുണ്െടന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.കേന്ദ്ര പെട്രോളിയം മന്ത്രാലയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് എതിര്‍കക്ഷികള്‍. സബ്സിഡി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സബ്സിഡി പുനഃസ്ഥാപിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.