സിറ്റിയെ അടിച്ചു മാട്ടേൽ കയറ്റി
സിറ്റിയെ അടിച്ചു മാട്ടേൽ കയറ്റി
Thursday, October 27, 2016 11:54 AM IST
ലണ്ടൻ: ചെൽസിയിൽനിന്നേറ്റ കനത്ത പരാജയത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രായശ്ചിത്തം ചെയ്തു; അതും ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുകൊണ്ട്. ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാർ കൂടിയായ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് കെട്ടുകെട്ടിച്ചു. അതേസമയം, വെസ്റ്റ്ഹാം യുണൈറ്റഡിനോട് ചെൽസി പരാജയപ്പെട്ടു.

സ്പാനിഷ് താരം ഹ്വാൻ മാട്ടയാണ് മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനായി വിജയഗോൾ നേടിയത്. ഓൾഡ്ട്രാഫോഡിൽ തിങ്ങിനിറഞ്ഞ ആരാധകർക്കു വിജയത്തിൽ കുറഞ്ഞൊന്നും വേണ്ടായിരുന്നു. ഹൊസെ മൗറീഞ്ഞോ എന്ന സൂപ്പർ പരിശീലകനും നിൽനിൽപ്പിന്റെ ആവശ്യം കൂടിയായിരുന്നു സിറ്റിക്കെതിരായ ജയം. കഴിഞ്ഞ സെപ്റ്റംബറിൽ സിറ്റിക്കു മുമ്പിൽ അടിയറവു പറഞ്ഞ യുണൈറ്റഡിന് മധുര പ്രതികാരം കൂടിയായി ഈ വിജയം.

മത്സരത്തിൽ ആദ്യ ആക്രമണം നടത്തി സിറ്റിയാണ് നന്നായി തുടങ്ങിയത്. എന്നാൽ, ഇനാച്ചിയോയുടെ ഹെഡ്ഡർ ലക്ഷ്യം തെറ്റിപാഞ്ഞു. ചെൽസിയോടു നാലു ഗോളുകൾക്ക് പരാജയപ്പെട്ടതുകൊണ്ടാകാം ആക്രമണത്തിനു പകരം പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് യുണൈറ്റഡ് നടപ്പാക്കിയത്.

ആദ്യപകുതിയിൽ പന്ത് പരമാവധി സമയം കൈയിൽ വയ്ക്കാൻ ശ്രമിച്ച യുണൈറ്റഡ് അതിൽ വിജയിച്ചു. രണ്ടാം പകുതിയിൽ ആക്രമണത്തിനു വേഗം കൂട്ടിയ യുണൈറ്റഡ് ഗോളവസരങ്ങൾ സൃഷ്‌ടിച്ചു. പോൾ പോഗ്ബയുടെ നേതൃത്വത്തിൽ സിറ്റിയുടെ ഗോൾ മുഖം യുണൈറ്റഡ് പരീക്ഷിക്കാൻ ആരംഭിച്ചു.

49–ാം മിനിറ്റിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പാസിൽനിന്ന് പോഗ്ബയുടെ ഇടങ്കാൽ ഷോട്ട് സിറ്റി ഗോളിയെ മറികടന്നെങ്കിലും ക്രോസ്ബാറിൽ തട്ടി മടങ്ങി. അഞ്ചു മിനിറ്റിനു ശേഷം ഇബ്ര വീണ്ടും മുന്നണിപ്പോരാളിയായി.

സിറ്റിയുടെ പ്രതിരോധ നിരയിലുണ്ടായ അപാകതയിൽ മുതലാക്കി പന്തുമായി ബോക്സിലേക്കു കുതിച്ച സ്വീഡിഷ് സൂപ്പർ താരം പോസ്റ്റിനു മുന്നിൽ കാത്തുനിന്നിരുന്ന ഹെറേറയ്ക്കാണ് പാസ് നല്കിയതെങ്കിലും പന്ത് അടുത്തു നിന്ന ഹ്വാൻ മാട്ടയിലേക്ക് ഒഴുകിയെത്തി. മാട്ടയുടെ ഇടതു കാൽ ഷോട്ട് സിറ്റി ഗോളി വില്ലി കബെല്ലേറോയ്ക്ക് തടുക്കാനായില്ല. അവസാന നിമിഷം വരെ സമനില ഗോളിനായി സിറ്റി ആവുംവിധം പൊരുതി നോക്കിയെങ്കിലും യുണൈറ്റഡ് പ്രതിരോധം പിടിച്ചുനിന്നു.


ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയോടേറ്റ വൻ തോൽവിയുൾപ്പെടെ സിറ്റി വിജയം കാണാത്ത ആറാമത്തെ മത്സരത്തിനാണ് ഓൾഡ് ട്രാഫോഡിൽ തിരശീല വീണത്.

സ്പെയിനിലും ജർമനിയിലും വെന്നിക്കൊടി പാറിച്ച് ഇംഗ്ലണ്ടിലെത്തിയ പെപ് ഗാർഡിയോള എന്ന സൂപ്പർ കോച്ച് ശനിയാഴ്ച പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമിനെതിരെ അദ്ഭുതം പ്രവർത്തിക്കുമെന്നാണ് സിറ്റി ആരാധകർ പ്രതീക്ഷിക്കുന്നത്.

ചെൽസി വെസ്റ്റ്ഹാമിനോടു പരാജയപ്പെട്ടു

ലണ്ടൻ: മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിയെ വെസ്റ്റ് ഹാം യുണൈറ്റഡ് അട്ടിമറിച്ചു. ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന നാലാം റൗണ്ട് മത്സരത്തിൽ 2–1നാണ് വെസ്റ്റ്ഹാമിന്റെ വിജയം. ചെയ്ഖു കൊയാത്തയും (11) ഫെർണാണ്ടസുമാണ്(48) വെസ്റ്റ്ഹാമിനായി ഗോൾ നേടിയത്. ചെൽസിയുടെ ആശ്വാസഗോൾ 90–ാം മിനിറ്റിൽ ഗാരി കാഹിൽ വകയായിരുന്നു. പതിവിനു വിപരീതമായി മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച വെസ്റ്റ്ഹാം ചെൽസിക്കു മേൽ വ്യക്‌തമായ ആധിപത്യം പുലർത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 4–0ന്റെ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ചെൽസി കളിക്കാനിറങ്ങിയത്. എന്നാൽ, തുടക്കം മുതൽ കാര്യങ്ങൾ കൈവിട്ടു. പരാജയത്തിൽ നിരാശരായ ചെൽസി ആരാധകർ ഗാലറിയിൽ അക്രമാസക്‌തരായി പ്ലാസ്റ്റിക് കുപ്പികളും മറ്റും മൈതാനത്തേക്കു വലിച്ചെറിഞ്ഞു.

ഇതേത്തുടർന്ന് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നിർഭാഗ്യകരവും സംഭവിക്കാൻ പാടില്ലാത്തതുമാണെന്ന് വെസ്റ്റ് ഹാം പരിശീലകൻ സ്ലാവൻ ബിലിക് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്, കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും അവർക്ക് പിന്നീട് സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവില്ലെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.