കാൺപുർ ടെസ്റ്റിൽ ഇന്ത്യക്ക് ജയം അരികേ
കാൺപുർ ടെസ്റ്റിൽ ഇന്ത്യക്ക് ജയം അരികേ
Sunday, September 25, 2016 11:11 AM IST
കാൺപുർ: ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിൽ ജയം ആറ് വിക്കറ്റ് മാത്രം അകലെ. അശ്വിൻ തകർത്താടുന്ന ടെസ്റ്റിൽ ഇന്ത്യക്കെതിരേ രണ്ടാം ഇന്നിംഗ്സിലും ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. ഇന്ത്യ ഉയർത്തിയ 434 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് നാലാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റിന് 93 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അഞ്ചു വിക്കറ്റിന് 377 എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

ആറു വിക്കറ്റും ഒരു ദിവസവും ശേഷിക്കേ കിവീസിനു ജയിക്കാൻ 341 റൺസ് കൂടി വേണം. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കിവീസിന് അതു സാധിക്കുമോ എന്നു കണ്ടറിയണം. മിന്നും ഫോം തുടരുന്ന അശ്വിൻ നാലാം ദിവസം നിലംപതിച്ച നാലിൽ മൂന്നു വിക്കറ്റും സ്വന്തമാക്കി.

രോഹിത് ഫോമിൽ

രണ്ടാം ഇന്നിംഗ്സിൽ ഒന്നിന് 159 എന്ന നിലയിൽ നാലാം ദിവസത്തെ കളിയാരംഭിച്ച ഇന്ത്യക്ക് അധികം താമസിയാതെ മുരളി വിജയ്യെ (76) നഷ്‌ടപ്പെട്ടു.

170 പന്തിൽ എട്ട് ബൗണ്ടറിയുടെ സഹായത്തോടെയാണ് വിജയ് 76 റൺസെടുത്തത്.

പിന്നീട് ക്രീസിലെത്തിയ നായകൻ വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. 18 റൺസെടുത്ത കോഹ്്ലി അനാവശ്യ ഷോട്ടിനു മുതിർന്ന് ക്രെയ്ഗിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. തൊട്ടുപിന്നാലെ ചേതേശ്വർ പൂജാരയും പുറത്തായി. പൂജാര 152 പന്തിൽ 10 ബൗണ്ടറികളുടെ സഹായത്തോടെ 78 റൺസ് സ്വന്തമാക്കി.

പിന്നീട് ക്രീസിൽ ഒത്തുചേർന്ന അജിങ്ക്യ രഹാനെയും രോഹിത് ശർമയും ഇന്ത്യയെ മുന്നോട്ടു നയിച്ചു. ആദ്യ ഇന്നിംഗ്സിലെ പാഠം ഉൾക്കൊണ്ടു കളിച്ച ഇരുവരും ഇന്ത്യയെ മികച്ച ലീഡിലേക്കു നയിച്ചു. ഇതിനിടെ, 40 റൺസെടുത്ത രഹാനെയെ സാന്റ്നർ പുറത്താക്കി. രണ്ടാം ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ടിനാണ് പിന്നീട് ഗ്രീൻപാർക് സ്റ്റേഡിയം സാക്ഷിയായത്. രോഹിത് ശർമയും ജഡേജയും ചേർന്ന് മികച്ച ഷോട്ടുകളിലൂടെ ഇന്ത്യൻ സ്കോർ ഉയർത്തി. ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ 93 പന്തിൽ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 68 റൺസുമായി രോഹിത് ശർമയും 58 പന്തിൽ മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 50 റൺസുമായി ജഡേജയുമാണ് ക്രീസിൽ. ന്യൂസിലൻഡിനു വേണ്ടി സാന്റ്നറും സോധിയും രണ്ടു വിക്കറ്റ് വീതം നേടി.


രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കിവീസിനു തുടക്കത്തിലേ തിരിച്ചടിയേറ്റു. ലാഥത്തെയും (2) ഗപ്ടിലിനെയും (0) നഷ്‌ടപ്പെട്ട ന്യൂസിലൻഡ് വില്യംസന്റെയും ടെയ്ലറുടെയും സഹായത്തോടെ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു. വില്യംസൺ 25ഉം ടെയ്ൽ 17ഉം റൺസെടുത്തു. 38 റൺസുമായി റോഞ്ചിയും എട്ട് റൺസുമായി നൈറ്റ് വാച്ച്മാൻ സാന്റ്നെറുമാണ് ക്രീസിൽ.

സ്കോർബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 318

ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ് 262

ഇന്ത്യ രണ്ടാം ഇന്നിംഗ്സ്

കെഎൽ രാഹുൽ സി ടെയ്ലർ ബി സോധി 38, മുരളി വിജയ് എൽബിഡബ്ല്യു ബി സാന്റ്നർ 76, ചേതേശ്വർ പൂജാര സി ടെയ്ലർ ബി സോധി 78, കോഹ്ലി സി സോധി ബി ക്രെയ്ഗ് 18, രഹാനെ സി ടെയ്ലർ ബി സാന്റ്നർ 40, രോഹിത് ശർമ നോട്ടൗട്ട് 68, ജഡേജ നോട്ടൗട്ട് 50, എക്സ്ട്രാസ് 9 9

ആകെ 107.2 ഓവറിൽ അഞ്ചിന് 377 ഡിക്ലയേർഡ്

ബൗളിംഗ്

ട്രെന്റ് ബൗൾട്ട് 9–0–34–0, സാന്റ്നർ 32.2–11–79–2, ക്രെയ്ഗ് 23–3–80–1, വാഗ്നർ 16–5–52–0, സോധി 20–2–99–2, ഗപ്ടിൽ 4–0–17–0, വില്യംസൺ 3–0–7–0.

ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്

ലാഥം എൽബിഡബ്ല്യു ബി അശ്വിൻ 2, ഗപ്ടിൽ സി വിജയ് ബി അശ്വിൻ 0, വില്യംസൺ എൽബിഡ ബ്ല്യു ബി അശ്വിൻ 25, റോസ് ടെയ്ലർ റണ്ണൗട്ട് 17, റോഞ്ചി നോട്ടൗട്ട് 38, സാന്റ്നർ നോട്ടൗട്ട് 8, എക്സ്ട്രാസ് 3.

ആകെ 37 ഓവറിൽ നാലിന് 93



ബൗളിംഗ്

മുഹമ്മദ് ഷാമി 4–2–6–0, അശ്വിൻ 16–1–68–3, ജഡേജ 14–10–8–0, യാദവ് 3–0–9–0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.