ഇനി അമേരിക്കയിൽ ടി–20 പോര്
ഇനി അമേരിക്കയിൽ ടി–20 പോര്
Friday, August 26, 2016 11:56 AM IST
ഫോർട്ട് ലൗഡർഡേൽ: ഒരു പകരംവീട്ടലിന് ഇന്ത്യയും ലോക ട്വന്റി–20 ചാമ്പ്യന്മാരുടെ പകിട്ട് തെളിയിക്കാൻ വെസ്റ്റ് ഇൻഡീസും ഇന്ന് ക്രിക്കറ്റിന് വേരോട്ടം കുറഞ്ഞ യുഎസ്എയിൽ പോരാട്ടത്തിനിറങ്ങുകയാണ്. ഫ്ളോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജണൽ പാർക്കിലാണ് മത്സരം. ഈ സ്റ്റേഡിയമാണ് ക്രിക്കറ്റിനായി പ്രയോജനപ്പെടുത്താൻ ഉതകുന്ന അമേരിക്കയിലെ ഏക സ്റ്റേഡിയം. രണ്ടു കാര്യങ്ങളാണ് പരമ്പരയിൽ ശ്രദ്ധേയമാകുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ ക്രിക്കറ്റിന്റെ വളർച്ചയും ഭാവിയും പിന്നെ ട്വന്റി20 നായകനായുള്ള കാർലോസ് ബ്രാത്വെയ്റ്റിന്റെ ഭാവിയും. ഇന്ത്യക്കാണെങ്കിൽ സ്വന്തം നാട്ടിൽ നടന്ന ട്വന്റി–20 ലോകകപ്പ് സെമി ഫൈനലിൽ വിൻഡീസിൽനിന്നേറ്റ തോൽവിക്കു പരമ്പര നേടി കണക്കു തീർക്കേണ്ടതുണ്ട്. ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്കും തന്റെ ടീമിന്റെ മികവ് പുറത്തെത്തിക്കേണ്ടുതുണ്ട്. പരമ്പര നേടിയാൽ മാത്രമേ ഇന്ത്യക്കു ട്വന്റി –20 റാങ്കിംഗിൽ ഒന്നാമതെത്താനാകൂ. യുഎസ്എ ആതിഥേയരാകുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ട്വന്റി–20 പരമ്പരയാണ് ഇന്ത്യ–വിൻഡീസ് മത്സരം. ഇതിനു മുമ്പ് 2010ൽ ന്യൂസിലൻഡ്– ശ്രീലങ്ക ട്വന്റി–20 മത്സരം നടന്നിരുന്നു. ഇക്കഴിഞ്ഞ കരീബിയൻ പ്രീമിയർ ലീഗിലെ ആറ് മത്സരങ്ങൾക്കും ഫ്ളോറിഡ വേദിയൊരുക്കിയിരുന്നു.

വെസ്റ്റ് ഇൻഡീസിനെതിരേയുള്ള ടെസ്റ്റ് പരമ്പര ജയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ടെസ്റ്റിനുണ്ടായിരുന്ന വിൻഡീസല്ല ട്വന്റി–20യിലേത്. ക്രിസ് ഗെയ്ൽ, ആന്ദ്രെ റസൽ, ഡ്വയ്ൻ ബ്രാവോ, മർലോൺ സാമുവൽസ്, ലെൻഡൽ സിമൺസ്, കയ്റോൺ പോളാർഡ് എന്നിവരുൾപ്പെടുന്ന ടീം ശക്‌തമാണ്. മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ഇന്ത്യ ടീമും അടുത്തകാലത്തായി ഇന്ത്യ ട്വന്റി–20യിൽ മികച്ച ഫോമിലാണ് ഓസ്ട്രേലിയയിലും ശ്രീലങ്കയും പരമ്പര ജയിച്ചു. ഏഷ്യകപ്പ് ചാമ്പ്യന്മാരായി. സിംബാബ് വേ പര്യടനത്തിൽ 2–1ന് ജയിച്ചു. ട്വന്റി 20 ലോകകപ്പ് സെമിയിൽ വിൻഡീസിനോടു തോൽക്കേണ്ടിവന്നത് ഇന്ത്യയെ ഞെട്ടിച്ചു. അതിനുള്ള പ്രതികാരവും ധോണിക്കും കൂട്ടർക്കുമുണ്ട്.


കുടിയേറ്റക്കാരായ ഇന്ത്യക്കാരെകൊണ്ട് സ്റ്റേഡിയം ഫ്ളോറിഡയിലെ സ്റ്റേഡിയം രണ്ടു ദിവസവും നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ– എം.എസ്. ധോണി, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, അമിത് മിശ്ര, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ, മുഹമ്മദ് ഷാമി, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, രോഹിത് ശർമ, ശിഖർ ധവാൻ, സ്റ്റുവർട്ട് ബിന്നി, ഉമേഷ് യാദവ്

വെസ്റ്റ് ഇൻഡീസ്– കാർലോസ് ബ്രാത്വെയ്റ്റ്, ആന്ദ്രെ ഫ്ളെച്ചർ, ആന്ദ്രെ റസൽ, ക്രിസ് ഗെയ്ൽ, ഡ്വയ്ൻ ബ്രാവോ, ഇവിൻ ലൂയിസ്, ജേസൺ ഹോൾഡർ, ജോൺസൺ ചാൾസ്, കിറോൺ പൊളാർഡ്, ലെൻഡിൽ സിമൺസ്, മർലോൺ സാമുവൽസ്, സാമുവൽ ബദ്രി, സുനിൽ നരേൻ.

<ആ>റാങ്കിൽ മെച്ചപ്പെടാം

ന്യൂഡൽഹി: പരമ്പരയിലെ സമ്പൂർണ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫ്ളോറിഡയിൽ ഇറങ്ങുന്നത്. രണ്ട് ട്വന്റി 20യും ജയിച്ചാൽ ടീം റാങ്കിംഗ് ടീമിന് ഒന്നാം സ്‌ഥാനത്തെത്താം. ടീം റാങ്കിംഗിനു പുറമെ വ്യക്‌തിഗത റാങ്കിംഗും മെച്ചപ്പെടുത്താനും കളിക്കാർക്കു സാധിക്കും. ഇന്ത്യ 2–0ന് പരമ്പരയിൽ തോറ്റാൽ നിലവിലെ ന്യൂസിലൻഡിനു പിന്നിൽ രണ്ടാമതുള്ള ഇന്ത്യക്ക് ഒരു സ്‌ഥാനം കൂടി താഴേക്കിറങ്ങേണ്ടിവരും.

വിരാട് കോഹ്ലി ബാറ്റിംഗിൽ ഫോം തുടർന്നാൽ ഒന്നാം സ്‌ഥാനം കൂടുതൽ ബലപ്പെടുത്താനാകും. രോഹിത് ശർമ (23–മത്), മഹേന്ദ്രസിംഗ് ധോണി (50–ാം സ്‌ഥാനം) എന്നിവർക്കും സ്‌ഥാനം മെച്ചപ്പെടുത്താനാകും. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (എട്ടാമത്), മർലോൺ സാമുവൽസ് (17–ാം സ്‌ഥാനം) എന്നിവർക്കും റാങ്കിംഗ് ഉയർത്താനുള്ള സാഹചര്യമുണ്ടാകും. ബൗളിംഗിൽ സാമുവൽ ബദ്രിയാണ് നിലവിൽ ഒന്നാമതും സുനിൽ നരേൻ നാലാമതുമാണ്. ഇന്ത്യയുടെ ജസ്പ്രീത് ബുംറ രണ്ടാമതും അശ്വിൻ ഏഴാം സ്‌ഥാനത്തുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.