റബർവില മെച്ചപ്പെടുന്നു, കറുത്ത പൊന്നിനു വിലയിടിവ്
റബർവില മെച്ചപ്പെടുന്നു, കറുത്ത പൊന്നിനു വിലയിടിവ്
Sunday, September 25, 2016 11:17 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ടോക്കോമിൽ റബർ നാലു മാസത്തെ ഉയർന്ന റേഞ്ചിൽ, ആഭ്യന്തര സ്റ്റോക്കിസ്റ്റുകൾ മെച്ചപ്പെട്ട വിലയെ ഉറ്റുനോക്കുന്നു. നവരാത്രി, ദീപാവലി ഡിമാൻഡിനെ ഭക്ഷ്യയെണ്ണവിപണി കാത്തിരിക്കുന്നു. പുതിയ ഏലക്ക വരവ് ശക്‌തിയാർജിച്ചു. കുരുമുളകുവില വീണ്ടും കുറഞ്ഞു. ആഗോള സ്വർണവിപണിയിലെ ബുള്ളിഷ് ട്രൻഡ് പവന്റെ വില ഉയർത്തി.

റബർ

അന്താരാഷ്ട്ര മാർക്കറ്റിൽ റബർ നാലു മാസത്തിനിടയിലെ ഉയർന്ന റേഞ്ചിൽ എത്തിയത് പ്രമുഖ ഉത്പാദക രാജ്യങ്ങളിലെ കർഷകരിൽ ആവേശം ജനിപ്പിച്ചു. ക്രൂഡ് ഓയിൽ വില ഉയരുമെന്ന പ്രതീക്ഷയും പ്രമുഖ നാണയങ്ങൾക്കു മുന്നിൽ ഡോളറിന്റെ തിരിച്ചുവരവുമാണ് ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് പുതുജീവൻ പകർന്നത്. ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോ 145–160 യെന്നിൽനിന്ന് പുറത്തുചാടി. 160ലെ പ്രതിരോധം ഭേദിച്ച് 175 യെൻ വരെ റബർവില ഉയർന്നു. മേയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിൽ റബർ എത്തിയത് ടയർ മേഖലയിൽനിന്ന് ഷീറ്റിന് ഡിമാൻഡ് ഉയർത്താം.

തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്റ്റോക്കിസ്റ്റുകൾ വരും ദിവസങ്ങളിൽ റബറിൽ പിടിമുറുക്കിയാൽ ലോകവിപണിയിൽ ഷീറ്റ് വില ശ്രദ്ധിക്കപ്പെടാം. എന്നാൽ, ഉത്പാദക രാജ്യങ്ങൾ വില്പനയ്ക്ക് പതിവുപോലെ മത്സരിച്ചാൽ വിലയിൽ ചാഞ്ചാട്ടത്തിനിടയുണ്ട്. ഇന്ത്യൻ മാർക്കറ്റ് നിരക്ക് ഉയർത്താതെ ടയർ കമ്പനികൾ ഷീറ്റ് സംഭരിച്ചു. അവധിവ്യാപാരത്തിലെ വില്പന സമ്മർദം റെഡി മാർക്കറ്റിനെ പിടിച്ചുനിർത്തി. ആർഎസ്എസ് നാലാം ഗ്രേഡ് 12,100 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 500 രൂപയുടെ നേട്ടവുമായി 11,500 രൂപയായി. സംസ്‌ഥാനത്തെ തോട്ടങ്ങളിൽ റബർ ടാപ്പിംഗ് പുനരാരംഭിച്ചു. എന്നാൽ, പിന്നിട്ടവാരം കാര്യമായി ലാറ്റക്സ് വില്പനയ്ക്ക് ഇറങ്ങിയില്ല.

നാളികേരം

ഭക്ഷ്യയെണ്ണ വിപണികൾ ഉണർവിനുള്ള ഒരുക്കത്തിലാണ്. നവരാത്രി വേളയിൽ ഭക്ഷ്യയെണ്ണകൾക്ക് ഡിമാൻഡ് ഉയരും. ദീപാവലി വേളയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പാചക എണ്ണകളുടെ വില്പന നടക്കുക. ഉയർന്ന വില കണക്കുകൂട്ടി സ്റ്റോക്കിസ്റ്റുകൾ എണ്ണയ്ക്ക് വൻവില ആവശ്യപ്പെട്ടു. ഇറക്കുമതി ലോബി പാം ഓയിൽ, സൂര്യകാന്തി, സോയ എണ്ണവിലകൾ ഉയർത്തിയത് കടലയെണ്ണയുടെ വില ഉയരാനിടയാക്കി. ഈ അവസരത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും മില്ലുകാർ വെളിച്ചെണ്ണവിലയും ഉയർത്തി.


കൊച്ചിയിൽ എണ്ണവില 200 രൂപ ഉയർന്ന് 9,400 രൂപയായി. കോഴിക്കോട്ട് 10,400 വരെ കയറി. കൊപ്ര 6,400 രൂപയിലാണ്. വിളവെടുപ്പ് പുരോഗമിക്കുന്നുണ്ടെങ്കിലും നാളികേരവും കൊപ്രയും ഗ്രാമീണമേഖലകളിൽനിന്ന് കാര്യമായി വില്പനയ്ക്കെത്തിയില്ല.

ഏലം

ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് സജീവമായി. പുതിയ ഏലക്ക ഉയർന്ന അളവിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ലേലകേന്ദ്രങ്ങളിൽ എത്തിയത് വിലയെ ബാധിച്ചു. കിലോ ഗ്രാമിന് 1,300 രൂപയിൽനിന്ന് വാരാന്ത്യം 1,145 രൂപയായി. പിന്നിട്ട വാരം ഏകദേശം 600 ടൺ ഏലക്ക ലേലത്തിനിറങ്ങി. നവരാത്രി, ദീപാവലി വേളയിലെ ആവശ്യങ്ങൾ കണ്ട് വ്യാപാരികൾ ചരക്ക് സംഭരിക്കുകയാണ്. അറബ് രാജ്യങ്ങളിൽനിന്ന് ഏലത്തിന് അന്വേഷണങ്ങളെത്തി. എന്നാൽ, കയറ്റുമതിക്കാരുടെ താത്പര്യത്തിനൊത്ത് വലുപ്പം കൂടിയ ഇനം ഏലക്കയുടെ ലഭ്യത ഉയർന്നില്ല.

കുരുമുളക്

കുരുമുളകുവില കുറഞ്ഞിട്ടും രാജ്യാന്തര മാർക്കറ്റിൽനിന്ന് ആവശ്യക്കാരില്ല. ഉത്പന്നവില ക്വിന്റലിന് 200 രൂപ താഴ്ന്ന് 71,700 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ മലബാർ മുളക് വില ടണ്ണിന് 11,200 ഡോളർ. മറ്റ് ഉത്പാദക രാജ്യങ്ങൾ 8,500–9,000 ഡോളറിന് ക്വട്ടേഷൻ ഇറക്കി. യുഎസ് ബയറർമാർ പുതുവത്സരാഘോഷങ്ങൾക്കുവേണ്ടിയുള്ള മുളകുസംഭരണം തുടങ്ങി.

സ്വർണം

ആഭരണവിപണികൾ സ്വർണവില പവന് 280 രൂപ വർധിച്ചു. പവൻ 23,200ൽനിന്ന് 23,480 രൂപയായി. ഒരു ഗ്രാമിന്റെ വില 2,935 രൂപ. ന്യൂയോർക്കിൽ സ്വർണം ഔൺസിന് 1,310 ഡോളറിൽനിന്ന് 1,337ലേക്കുയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.