മാരുതിയുടെ സുന്ദരി വിറ്റാര
മാരുതിയുടെ സുന്ദരി വിറ്റാര
Saturday, June 25, 2016 11:31 AM IST
ബ്രെസ സാധാരണക്കാരനു കാർ എന്ന വാഹനത്തിന്റെ സാന്നിധ്യം ആദ്യമായി അറിയിച്ച് ഇന്ത്യയുടെ സ്വന്തം കമ്പനിയാണ് മാരുതി. മാരുതി 800 മുതൽ ജനപ്രീതി നേടിയ നിരവധി കാറുകളാണ് മാരുതി കുടുംബത്തിൽ നിന്നു പിറന്നിട്ടുള്ളത്. 21–ാം നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഇന്ത്യൻ വാഹന പ്രേമികളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിദേശ വാഹന നിർമാതക്കൾ ആകർഷണീയ മോഡലുകളുമായി ഇന്ത്യൻ നിരത്തുകൾ കൈയടക്കി മുന്നേറിയപ്പോൾ അത് മാരുതിയുടെ ഏകാധിപത്യത്തിന് വലിയ വെല്ലുവിളി ഉയർത്തി. പിന്നീട് ഉപയോക്‌താക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് വ്യത്യസ്ത രൂപത്തിലുള്ള മോഡലുകളെ മാരുതിയും പരിചയപ്പെടുത്തി വിപണിയിൽ ഒന്നാം സ്‌ഥാനം നിലനിർത്തുകയും ചെയ്തു. ഇത്തരത്തിൽ ജനപ്രീതി നേടിയ മോഡലുകളാണ് ആൾട്ടോയും പിന്നാലെ വന്ന സ്വിഫ്റ്റും. മാരുതിയുടെ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മോഡലാണ് വിറ്റാര ബ്രെസ.

ആഢ്യത്വം കൊണ്ടും സൗന്ദര്യം കൊണ്ടും നിരത്തുകളെ വിസ്മയിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഈ കോംപാക്ട് എസ് യുവി നിരവധി അത്യാധുനിക സൗകര്യങ്ങളും പ്രധാനം ചെയ്യുന്നു. ശരാശരി വാഹന പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ കോംപാക്ട് എസ് യുവിയാണ് ഈ വാഹനം.

ഫോർഡ് പുറത്തിറക്കിയ എക്കോ സ്പോർട്ടിനോടും മഹീന്ദ്രയുടെ നുവോ സ്പോർട്ടിനോടും ഹ്യൂണ്ടായിയുടെ ക്രെറ്റയോടുമാണ് വിറ്റാര ബ്രെസ മത്സരിക്കുന്നത്.

മികച്ച സർവീസിംഗും പാർട്സിന്റെ വിലക്കുറവുമാണ് സാധാരണക്കാരെ മാരുതിയിലേക്ക് അടുപ്പിക്കുന്നത്. ഈ പ്രത്യേകതകൾ ബ്രെസയുടെ കാര്യത്തിലും കമ്പനി ഉറപ്പു വരുത്തിയിട്ടുണ്ട്. മാരുതിയിൽനിന്ന് ആദ്യമായി പുറത്തിറങ്ങുന്ന മൾട്ടി കളർ കാർ എന്നത് ബ്രെസയുടെ മറ്റൊരു പ്രത്യേകതയാണ്. വെള്ള കളറിനു പുറമെ മൂന്ന് കളർ കോമ്പോയാണ് ബ്രെസയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോഡിക്ക് ചുവന്ന കളറിനൊപ്പം റൂഫിന് കറുപ്പും, നീല, മഞ്ഞ എന്നീ നിറങ്ങൾക്ക് വെള്ള നിറത്തിലുള്ള റൂഫുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ മൾട്ടി കളർ കോമ്പൊ ബ്രെസക്ക് കൂടുതൽ ആകർഷണീയതയും വ്യത്യസ്തതയും നല്കുന്നു.

ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ബ്രെസയുടെ മുൻ ഭാഗം രൂപ കല്പന ചെയ്തിരിക്കുന്നത്. താരതമ്യേന വലിപ്പം കൂടിയ ഗ്രീല്ലിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റീൽ റാഡിനു മധ്യത്തിൽ സ്‌ഥാപിച്ചിരിക്കുന്ന മാരുതിയുടെ ലോഗോയും മുൻ വശത്തിന്റെ സൗന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നു. ഇരുണ്ട പ്രതലത്തിലുള്ള ഹെഡ്ലാമ്പുകളും അതിനു താഴെ ഭാഗത്തായി ഘടിപ്പിച്ചിരിക്കുന്ന എൽഇഡി ലൈറ്റുകളുമാണ് മുൻഭാഗത്തിന്റെ മറ്റൊരു ആകർഷണീയത. മാരുതിയുടെ മറ്റു കാറുകളിൽനിന്നു വ്യത്യസ്തമായി ഹെഡ്ലാമ്പിനു താഴെ ഭാഗത്തായി ബമ്പറിലാണ് സൈഡ് ഇൻഡിക്കേറ്ററുകൾ ഫിറ്റ് ചെയ്തിരിക്കുന്നത്. അതിനു താഴെയായി കറുത്ത പ്രതലത്തി ൽ ഫോഗ് ലാംപുകളും ഘടിപ്പിച്ചിരിക്കുന്നു.

പിൻഭാഗം ഫോർഡ് എക്കോ സ്പോർട്ടിനോടും ഹ്യൂണ്ടായി ക്രെറ്റയോടും നേരിയ സാമ്യം പുലർത്തുന്നുണ്ടെങ്കിലും ബ്രെസയുടെ ഡിക്കി സാധാരണ കാറുകളുടേത് പോലെ തന്നെയാണ് തുറക്കുന്നത്. എന്നാൽ എക്കോ സ്പോർട്ട്, നുവോ സ്പോർട്ട് എന്നീ കാറുകളുടെ ബാക്ക് ഡോർ വശങ്ങളിലേക്കാണ് തുറക്കുന്നത്.


ആദ്യ കാഴ്ചയിൽ തന്നെ വളരെ ലാളിത്യം തോന്നിക്കുന്ന രീതിയിലാണ് ബ്രെസയുടെ ഉൾഭാഗത്തിന്റെ രൂപകല്പന. മറ്റ് കോംപാക്റ്റ് എസ് യുവികളിൽ ഇക്കോ സ്പോട്ടിന്റെ സീറ്റിനെക്കാളും കുഴിഞ്ഞതും ടിയുവിയുടെ സീറ്റിനെക്കാളും അല്പം ഉയർന്നതുമാണ് ബ്രെസയുടെ മുൻ വശത്തെ സീറ്റുകൾ. ഇവയ്ക്ക് ചാരി അഡ്ജസ്റ്റ് ചെയ്യുന്നതിനു പുറമെ ഹൈറ്റ് അഡ്ജസ്റ്റ്മെന്റിനുള്ള സൗകര്യവും നല്കിയിരിക്കുന്നു.

മാരുതിയിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ എസ് ക്രോസ്, ബലേനോ, സിയാസ് എന്നീ കാറുകളുടെ സ്റ്റീയറിംഗ് വീലിനോട് സമാനമായ സ്റ്റീയറിംഗ് ആണ് ബ്രെസയിലും. കോൾ, മ്യൂസിക്ക് സിസ്റ്റം എന്നിവ നിയന്ത്രിക്കാനുള്ള സൗകര്യവും മറ്റ് കാറുകളിലെ എന്നപോലെ ഇതിലും ഒരുക്കിയിട്ടുണ്ട്. ഡാഷ് ബോർഡിന് കറുത്ത നിറത്തോടൊപ്പം സിൽവർ നിറവും നല്കിയിരിക്കുന്നത് ഡാഷ് ബോർഡിന് ആഡംബര ഭാവം പകരുന്നു. കൂടാതെ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. സെൻട്രൽ കൺസോളിനു താഴെ ഭാഗത്തായി എസിയുടെ സ്ക്രീനും മൊബൈൽ ചാർജിംഗ് സ്ലോട്ടും കൊടുത്തിരിക്കുന്നു.

ഓവൽ ആകൃതിയിലുള്ള സ്പീഡ്, ആർപിഎം മീറ്ററുകളുടെ മധ്യത്തിലാണ് സമയം, അന്തരീക്ഷ ഉഷ്മാവ്, ഇന്ധനം, ദൂരം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ മീറ്ററും നല്കിയിട്ടുണ്ട്.

എസിയുടെ സാധാരണ ഉഷ്മാവ് മാനുവലായി നിയന്ത്രിക്കുന്നതിനു പുറമെ ഓട്ടോ എന്ന ഓപ്ഷനും ഒരുക്കിയിരിക്കുന്നു. അതിനാൽ തന്നെ പുറത്തെ കാലാസ്‌ഥയ്ക്ക് അനുസരിച്ച് വാഹനത്തിനുള്ളിലെ തണുപ്പിനെ നിയന്ത്രിക്കാൻ ഇത് പര്യാപ്തമാക്കുന്നു.

പിൻഭാഗത്ത് വിശാലമായി ബൂട്ട് സ്പേസും ബ്രെസയുടെ പ്രത്യേകതയാണ്. മൂന്ന് പേർക്ക് വിശാലമായി ഇരിക്കാവുന്ന സീറ്റുകളും പിൻഭാഗത്തുണ്ട്. സീറ്റുകൾക്ക് അനുയോജ്യമായ ഹൈറ്റും ഇതിൽ നല്കിയിട്ടുണ്ട്.

താരതമ്യേന വളരെ വലിയ ഡിക്കിയാണ് ഇതിലുള്ളത്. 328 ലിറ്ററാണ് ബ്രെസയുടെ ഡിക്കിയുടെ കപ്പാസിറ്റി. കൂടാതെ സീറ്റിന്റെ ഒരു വശം മടക്കി വയ്ക്കാൻ സാധിക്കുന്നതിനാൽ കൂടുതൽ ലഗേജ് വയ്ക്കാനുള്ള സൗകര്യവും ലഭിക്കുന്നു. വളരെ ലളിതവും ആകർഷകവുമായ ഉൾവശമാണ് ബ്രെസയുടെ ഏറ്റവും വലിയ പ്രത്യേകത.

1.3 ലിറ്റർ ഡിഡിഐഎസ് 200 ഡീസൽ എൻജി നും അഞ്ച് സ്പീഡ് ഗിയർ ബോക്സുമാണ് ബ്രെസയിൽ പ്രവർത്തിക്കുന്നത്. 1250 സിസിയിൽ 90 പിഎസിൽ 4000 ആർപിഎമും 200 എൻഎം ടോർക്കിൽ 1750 ആർപിഎമുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. 2500 എംഎം വീൽ ബേസ് ആണ് ബ്രെസയ്ക്കുള്ളത്. സിറ്റിയിൽ 20.3 കിലോമീറ്ററും, ഹൈവേയിൽ 24.3 കിലോമീറ്ററുമാണ് ബ്രെസയ്ക്ക് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

ബ്രെസയുടെ ഏഴ് വേരിയന്റുകളാണ് മാരുതി പുറത്തിറക്കിയിരിക്കുന്നത്. എൽഡിഐ, എൽഡിഐ ഓപ്ഷണൽ, വിഡിഐ, വിഡിഐ ഓപ്ഷണൽ, ഇസഡ് ഡിഐ, ഇസഡ് ഡിഐ പ്ലെസ്, ഇസഡ് ഡിഐ ഡ്യുവൽ ടോൺ എന്നീ മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ബ്രെസയുടെ ഡീസൽ മോഡൽ മാത്രമാണ് മാരുതി പുറത്തിറക്കിയിരിക്കുന്നത്.

7.3 ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ബ്രെസയുടെ കോട്ടയത്തെ എക്സ് ഷോ റും വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.