ഷി പരമോന്നത നേതാവ്
ഷി പരമോന്നത നേതാവ്
Thursday, October 27, 2016 1:13 PM IST
ബെയ്ജിംഗ്: ഷി ചിൻപിംഗിനെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പരമോന്നത നേതാവാക്കി. ഇന്നലെ സമാപിച്ച പാർട്ടി കേന്ദ്ര കമ്മിറ്റി പ്ലീനത്തിലാണ് ഈ പ്രഖ്യാപനം. പരമോന്നത നേതാവ് എന്നർഥമുള്ള ‘‘കേന്ദ്രനേതൃത്വത്തിന്റെ കാതൽ’’ എന്നാണ് പ്ലീനത്തിന്റെ ഒടുവിൽ പുറപ്പെുടവിച്ച കമ്യൂണിക്കേയൽ ഷിയെ വിശേഷിപ്പിച്ചത്.

63 വയസുള്ള ഷിയുടെ പാർട്ടിയിലെയും ഭരണത്തിലെയും സ്‌ഥാനം അരക്കിട്ടുറപ്പിക്കുന്നതായി ഈ പ്രഖ്യാപനം. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്റ്, കേന്ദ്ര മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികൾ ഇപ്പോൾ അദ്ദേഹം വഹിക്കുന്നുണ്ട്.

പരമോന്നത നേതാവ് എന്നു ചില ലേഖനങ്ങളിൽ ഷിയെ പരാമർശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക വാർത്തയിൽ ഇതാദ്യമായാണ് ഈ പ്രയോഗം. നാലുവർഷം മുമ്പ് ജനറൽ സെക്രട്ടറിയായ ഇദ്ദേഹം അടുത്തവർഷം നടക്കുന്ന 19–ാം കോൺഗ്രസിലും ആ പദവി നിലനിർത്തും എന്നത് ഉറപ്പാണ്.

ജനറൽ സെക്രട്ടറിക്കു രണ്ട് ഊഴം എന്നതാണ് സമീപദശകങ്ങളിൽ ചൈന പിന്തുടരുന്ന അപ്രഖ്യാപിത വഴക്കം. ജിയാംഗ് സെമിൻ 13 വർഷം ജനറൽ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന് 1989ൽ സാവോ സിയംഗിനെ പുറത്താക്കിയ സാഹചര്യത്തിൽ സ്‌ഥാനമേൽക്കേണ്ടിവന്നതാണ്. പിന്നീട് 1992ലെ കോൺഗ്രസ് പദവി സ്‌ഥിരീകരിക്കുകയും 1997ൽ വീണ്ടും തെരഞ്ഞെടുക്കുകയും ചെയ്തു. 2002ൽ ഹു ജിന്റാവോയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കി. 2007ൽ വീണ്ടും നിയമിച്ചു. 2012ൽ ഷിയെ ജനറൽ സെക്രട്ടറിയാക്കി.

പരേതനായ ഡെംഗ് സിയാവോ പിംഗ് ആണു കാതൽ നേതാവ് എന്ന സംജ്‌ഞ അവതരിപ്പിച്ചത്. മാവോയും താനും ജിയാംഗ് സെമിനും പാർട്ടിയുടെ കാതൽ നേതൃത്വമാണെന്നു ഡെംഗ് ഒരു പ്രസംഗത്തിൽ പറഞ്ഞു.

ഇപ്പോൾ ഷി കാതൽ നേതാവ് എന്ന വിശേഷണം എടുത്തണിയുന്നതോടെ കൂട്ടുനേതൃത്വം എന്ന സങ്കൽപ്പത്തിന് കോട്ടംതട്ടുകയാണ്. കാതൽ നേതാവ് കേന്ദ്രമായിക്കൊണ്ടുള്ള കൂട്ടുനേതൃത്വത്തെ ശക്‌തിപ്പെടുത്താനാണ് ഇന്നലെ കേന്ദ്ര കമ്മിറ്റി പ്ലീനം ആഹ്വാനം ചെയ്തത്.


കഴിഞ്ഞ പ്ലീനത്തിനുശേഷമുള്ള പുറത്താക്കലുകൾ ശരിവച്ച പ്ലീനം അടുത്തവർഷം പാർട്ടി കോൺഗ്രസ് നടത്തുമെന്നു പ്രഖ്യാപിച്ചു. ആ കോൺഗ്രസ് പുതിയ കേന്ദ്രകമ്മിറ്റിക്കും പോളിറ്റ് ബ്യൂറോയ്ക്കും പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിക്കും രൂപം നൽകും. ഇപ്പോഴത്തെ ക്രമീകരണമനുസരിച്ച് ഏഴംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അഞ്ചുപേർ 70 വയസ് കഴിയുന്നതിനെത്തുടർന്ന് പിരിയേണ്ടിവരും. റിട്ടയർമെന്റ് പ്രായം മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചാൽ ഷി ചിൻപിംഗ് മൂന്നാമൂഴത്തിന് ഒരുങ്ങുന്നതിന്റെ സൂചനയായി കരുതപ്പെടും.

മാവോയ്ക്കും ഡെംഗിനും ഒപ്പം

ചൈന കമ്യൂണിസ്റ്റ് ആധിപത്യത്തിലായ 1949നുശേഷം 1976ൽ തന്റെ മരണം വരെ ചെയർമാൻ മാവോ സേ ദൂംഗ് ആയിരുന്നു ചൈനയുടെ പരമോന്നത നേതാവ്. രാഷ്ട്രത്തലവനായി പ്രസിഡന്റും ഭരണത്തലവനായി പ്രധാനമന്ത്രിയും ഉണ്ടായിരുന്നെങ്കിലും പാർട്ടി ചെയർമാൻ, മിലിട്ടറി കമ്മീഷൻ ചെയർമാൻ എന്നീ പദവികളിൽ ഇരുന്ന മാവോ തന്നെ കാര്യങ്ങൾ നിയന്ത്രിച്ചു. അദ്ദേഹം മരിച്ചശേഷം പാർട്ടി ചെയർമാൻ പദവി ഇല്ലാതാക്കി.

പിന്നീട് നാൽവർ സംഘത്തെയും മാവോ നിയോഗിച്ച ഹുവാ ഗുവോ ഫെംഗിനെയും പുറന്തള്ളി അധികാരം പിടിച്ച ഡെംഗ് സിയാവോ പിംഗ് ഒരിക്കലും പാർട്ടി ജനറൽ സെക്രട്ടറിയോ രാജ്യത്തിന്റെ പ്രസിഡന്റോ ആയിട്ടില്ല. എന്നാൽ, മിലിട്ടറി കമ്മീഷൻ ചെയർമാൻ സ്‌ഥാനം വഹിച്ചു. പരമോന്നത നേതാവ് എന്നാണു പാശ്ചാത്യ മാധ്യമങ്ങൾ ഡെംഗിനെ വിശേഷിപ്പിച്ചത്. 1989ൽ പദവികൾ വിട്ടശേഷവും അദ്ദേഹം അങ്ങനെ വിശേഷിപ്പിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.