ജിഎസ്ടി തർക്കം രൂക്ഷം; അധികാരപരിധിയും നഷ്‌ടപരിഹാരവും സംബന്ധിച്ചു യോജിപ്പായില്ല
ജിഎസ്ടി തർക്കം രൂക്ഷം; അധികാരപരിധിയും നഷ്‌ടപരിഹാരവും സംബന്ധിച്ചു യോജിപ്പായില്ല
Friday, December 2, 2016 3:13 PM IST
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) കാര്യത്തിലെ തർക്കങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ഇന്നു സമവായം ഉണ്ടാകുന്നില്ലെങ്കിൽ നികുതി പരിഷ്കാരത്തിന്റെ ഭാവിതന്നെ സംശയത്തിലാകും. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ള എല്ലാ നികുതിദായകരെയും സംസ്‌ഥാന പരിധിയിലാക്കണമെന്ന ആവശ്യത്തിലാണു മുഖ്യതർക്കം. സംസ്‌ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കാര്യത്തിലും തർക്കമുണ്ട്.

സംസ്‌ഥാന ധനമന്ത്രിമാർ അംഗങ്ങളും കേന്ദ്ര ധനമന്ത്രി അധ്യക്ഷനുമായാണു ജിഎസ്ടി കൗൺസിൽ പ്രവർത്തിക്കുന്നത്. കൗൺസിലിന്റെ ആറാമതു സമ്മേളനം ഇന്നലെ തുടങ്ങി, ഇന്നും തുടരും.

സമവായത്തിനു പകരം വോട്ടിനിട്ടു തീരുമാനിക്കാൻ കേന്ദ്രം ഉദ്യമിച്ചാൽ അതു ജിഎസ്ടി കൗൺസിലിന്റെ അന്ത്യം കുറിക്കുമെന്നു തമിഴ്നാട് ധനമന്ത്രി മുന്നറിയിപ്പു നൽകി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ഡൽഹി തുടങ്ങി പ്രതിപക്ഷ സംസ്‌ഥാനങ്ങൾ മിക്കതും ഒരേ നിലപാടിലായതാണ് ഈ സമ്മേളനത്തിലെ ശ്രദ്ധേയ ഘടകം.

സേവനനികുതിദായകരെ മുഴുവൻ കേന്ദ്രത്തിന്റെ നിയന്ത്രണ പരിധിയിലാക്കാനാണു കേന്ദ്രനീക്കം. അതു തങ്ങൾക്ക് ഒരു വിലയുമില്ലാതാക്കുമെന്നു സംസ്‌ഥാനങ്ങൾ കരുതുന്നു. ഒന്നരക്കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള എല്ലാവരുടെയും കാര്യത്തിൽ സംസ്‌ഥാനങ്ങൾക്കും അധികാരം വേണമെന്നാണു പ്രതിപക്ഷ കക്ഷികളുടെ ശാഠ്യം. കേന്ദ്രം സേവനനികുതിദായകരെ സംസ്‌ഥാന പരിധിയിലാക്കാൻ ഇഷ്ടപ്പെടുന്നില്ല. സംസ്‌ഥാനങ്ങൾ വിട്ടുകൊടുക്കാൻ തയാറുമില്ല.


ഏപ്രിൽ ഒന്നിനു ജിഎസ്ടി നടപ്പാക്കണമെങ്കിൽ ഈ മാസം പാർലമെന്റ് ജിഎസ്ടി ബില്ലുകൾ പാസാക്കണം. ഭരണ–പ്രതിപക്ഷങ്ങൾ തമ്മിലുള്ള പോര് മറിടക്കാൻ ജിഎസ്ടി ബില്ലുകൾ മണിബിൽ ആയാണ് അവതരിപ്പിക്കുന്നത്. ഇതിലും പ്രതിപക്ഷത്തിന് എതിർപ്പുണ്ട്.

സെപ്റ്റംബർ വരെ മാത്രമേ നിലവിലുള്ള പരോക്ഷനികുതികൾ പിരിക്കാൻ ഭരണഘടനാപരമായ അനുവാദമുള്ളൂ. അതിനുശേഷം ജിഎസ്ടി വേണമെന്നാണു ഭരണഘടനയുടെ കഴിഞ്ഞ ഭേദഗതി പറയുന്നത്. ഇന്നു ജിഎസ്ടി കൗൺസിൽ എട്ടു മണിക്കൂർ സമ്മേളനമാണ് ഉദ്ദേശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.