ഭാഗപത്രം: അഞ്ചേക്കർ വരെ മുദ്രവില 1000 രൂപ
ഭാഗപത്രം: അഞ്ചേക്കർ വരെ മുദ്രവില 1000 രൂപ
Thursday, October 27, 2016 12:42 PM IST
തിരുവനന്തപുരം: കുടുംബാംഗങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത അഞ്ചേക്കർ വരെയുള്ള ഭാഗപത്രത്തിന്റെ മുദ്രപ്പത്ര വിലയും രജിസ്ട്രേഷൻ ഫീസും പഴയപടി പുനഃസ്‌ഥാപിക്കാൻ നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ ധാരണയായി.

കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗപത്രം, ഇഷ്‌ടദാനം, ഒഴിമുറി, ധനനിശ്ചയം, വിൽപ്പത്രം എന്നിവയ്ക്കുള്ള ആധാരങ്ങളുടെ മുദ്രപ്പത്ര വില ഒരു ശതമാനമാക്കി. ഇതിന് ആയിരം രൂപയെന്ന പരിധിയും പുനഃസ്‌ഥാപിച്ചു. കഴിഞ്ഞ ബജറ്റിൽ ഇതു മൂന്നു ശതമാനമാക്കി ഉയർത്തിയിരുന്നു. 1000 രൂപയെന്ന പരിധിയും എടുത്തുകളഞ്ഞിരുന്നു. ഇതോടെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിനു വൻ ബാധ്യത വന്നത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണു നടപടി.

കുടുംബാംഗങ്ങൾ തമ്മിലുള്ള അഞ്ചേക്കർ വരെയുള്ള ഭൂമികൈമാറ്റത്തിന് ഇനി പരമാവധി 1000 രൂപയുടെ മുദ്രപ്പത്രം മതിയാകും. രജിസ്രടേഷൻ ഫീസായി ഭൂമി വിലയുടെ ഒരു ശതമാനം അല്ലെങ്കിൽ 25,000 രൂപ എന്നിവയിൽ ഏതാണോ കുറവ് അതായിരിക്കും ഈടാക്കുക. അഞ്ച് ഏക്കറിനു മുകളിലുള്ള ഭാഗാധാരത്തിന് ഒരു ശതമാനം വീതം മുദ്രപ്പത്ര വിലയും രജിസ്ട്രേഷൻ ഫീസും നല്കണം.

ഇന്നലെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗത്തിലാണു തീരുമാനം. സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചാൽ നിരക്കുവർധന പിൻവലിക്കാമെന്നു ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു.

ഇന്നലെ സബ്ജക്ട് കമ്മിറ്റി യോഗം ചേർന്നപ്പോൾ കോൺഗ്രസിലെ വി.ഡി. സതീശനാണു കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിനു പഴയ പരിധി നിലനിർത്തണമെന്ന ആവശ്യം ഉന്നയിച്ചത്. അഞ്ചേക്കർ വരെ പരിധി നിശ്ചയിച്ചു കൊണ്ടു മന്ത്രി തോമസ് ഐസക് ഇത് അംഗീകരിക്കുകയായിരുന്നു. രജിസ്ട്രേഷൻ ഫീസും നേരത്തേ ഒരു ശതമാനത്തിൽനിന്നു മൂന്നു ശതമാനമാക്കി ഉയർത്തിയിരുന്നു. അഞ്ചേക്കറിനു മുകളിലുള്ള രജിസ്ട്രേഷനുകൾക്കു വർധിപ്പിച്ച നിരക്കിൽ ഫീസ് നൽകേണ്ടിവരും. പരിധിയും ഇവിടെ ബാധകമല്ല.


നിരക്ക് വർധനയ്ക്കെതിരേ എൽഡിഎഫിനകത്തും പുറത്തും ശക്‌തമായ വിമർശനം ഉയർന്ന സാഹചര്യത്തിൽ വർധന പിൻവലിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു.

അതേസമയം, കമ്പനികൾ തമ്മിലുള്ള ഓഹരി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസായി അഞ്ചു ശതമാനം തുക ഈടാക്കാൻ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ ധാരണയായി.

ഇതു സംസ്‌ഥാനത്ത് ഈടാക്കുന്ന പുതിയ നികുതിയാണ്. കമ്പനികൾ തമ്മിലുള്ള ഓഹരി കൈമാറ്റത്തിലൂടെ വൻതോതിൽ ഭൂമിയും ആസ്തികളും കൈമാറുന്നതായും ഇതു ഖജനാവിനു വൻതോതിൽ നഷ്‌ടം വരുത്തുന്നതായും വി.ഡി. സതീശൻ നേരത്തേ നിയമസഭയിൽ ആരോപിച്ചിരുന്നു.

സ്വർണത്തിനുള്ള പർച്ചേസ് ടാക്സിൽ ഇളവ് അനുവദിക്കണമെന്ന നിർദേശം യോഗം അംഗീകരിക്കാത്തതിനെ തുടർന്നു മാറ്റിവച്ചു.

മൊബൈൽ ചാർജറുകൾക്ക് ഫോണിനൊപ്പം വാങ്ങുമ്പോൾ അഞ്ച് ശതമാനവും പ്രത്യേകം വാങ്ങുമ്പോൾ 14.5 ശതമാനവും എന്ന രീതി മാറ്റി 14.5 ശതമാനം നികുതി ഏകീകരിച്ചു. ഇതനുസരിച്ച് വോഡഫോൺ തുടങ്ങിയ സ്‌ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന കുടിശിക ഒഴിവാക്കാനുള്ള നിർദേശം പിൻവലിച്ചു. 2005 മുതലുള്ള 15 കോടി രൂപയുടെ കുടിശിക ഇളവു നൽകാനുള്ള നിർദേശമാണ് ഉപേക്ഷിക്കാൻ ധാരണയായത്.

അടുത്ത മാസം ഏഴിനാണ് ധനബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.