ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു വീണ്ടും കൈയേറ്റ ഭീഷണി
ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു വീണ്ടും കൈയേറ്റ ഭീഷണി
Friday, September 30, 2016 12:42 PM IST
കൊച്ചി: റിപ്പോർട്ടിംഗിനു വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന അധികൃതരുടെ ഉറപ്പ് കണക്കിലെടുത്തു ഹൈക്കോടതിയിൽ എത്തിയ മാധ്യമ പ്രവർത്തകരെ ഒരുസംഘം അഭിഭാഷകർ ഭീഷണിപ്പെടുത്തി മടക്കിയയച്ചു.

ചീഫ് ജസ്റ്റീസ് മോഹൻ എം. ശാന്തന ഗൗഡർ കഴിഞ്ഞ ദിവസം മാധ്യമ– അഭിഭാഷക പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തു കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ തടസമില്ലെന്നു വ്യക്‌തമാക്കിയിരുന്നു. ഇതനുസരിച്ച് ഇന്നലെ കോടതിയിലെത്തിയ മാധ്യമ പ്രവർത്തകരെയാണ് ഒരു സംഘം അഭിഭാഷകർ കൈയേറ്റഭീഷണി മുഴക്കി തിരിച്ചയച്ചത്.

ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ ചീഫ് ജസ്റ്റീസിന്റെ കോടതിയിൽ എത്തിയ എട്ടു മാധ്യമ പ്രവർത്തകരെ കോടതി മുറിക്കു പുറത്തു തടിച്ചുകൂടിയ ഒരുസംഘം അഭിഭാഷകർ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങൾക്കു കേസും ജയിലുമൊന്നും പ്രശ്നമല്ലെന്നും എത്രയുംവേഗം ഹൈക്കോടതിക്കു പുറത്തു പോയില്ലെങ്കിൽ അടിച്ച് ഓടിക്കുമെന്നുവരെ ഇവർ പറഞ്ഞു.

അഭിഭാഷക അസോസിയേഷനിലെ ചില ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.അഭിഭാഷകരെത്തുമ്പോൾ ഏതാനും മാധ്യപ്രവർത്തകർ കോടതിക്ക് അകത്തായിരുന്നു. പുറത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് അകത്തുള്ളവരെ ഉടൻ പുറത്തിറക്കണമെന്നും എല്ലാവരും ഹൈക്കോടതിയിൽനിന്നു പുറത്തുപോകണമെന്നും സംഘം ആവശ്യപ്പെട്ടു. ഇവരുടെ ഭീഷണി തുടരവേ കൂടുതൽ അഭിഭാഷകരും വക്കീൽ ഗുമസ്തൻമാരും സംഘടിച്ചെത്തി. ഇതോടെ മാധ്യമപ്രവർത്തകർ കോടതിയിലുണ്ടായിരുന്ന സർക്കാർ അഭിഭാഷകൻ മുഖേന വിഷയം ചീഫ് ജസ്റ്റീസിന്റെ ശ്രദ്ധയിൽപെടുത്തി.

പ്രശ്നത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച ചീഫ് ജസ്റ്റീസ് ഇതു സംബന്ധിച്ച പരാതി രജിസ്ട്രാർ ജനറലിനു നൽകാൻ നിർദേശിച്ചു.ഹൈക്കോടതിയിലെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്‌ഥനടക്കമുള്ള പോലീസുകാർ വലയം തീർത്താണു മാധ്യമപ്രവർത്തകരെ രജിസ്ട്രാർ ജനറലിന്റെ ഓഫീസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയത്. അഭിഭാഷകർ അവിടെയും പിന്തുടർന്നെത്തി.

പരാതി നൽകിയവർ പുറത്തിറങ്ങാനും ധൈര്യം കാണിക്കണമെന്ന് അഭിഭാഷകർ വെല്ലുവിളിച്ചു. മാധ്യമപ്രവർത്തകർ പരാതിയെഴുതി തയാറാക്കുന്നതിനിടെ രജിസ്ട്രാറെ ചീഫ് ജസ്റ്റീസ് തന്റെ ചേംബറിലേക്കു വിളിപ്പിച്ചു. തിരിച്ചെത്തിയ രജിസ്ട്രാർക്കു മാധ്യമപ്രവർത്തകർ പരാതി കൈമാറി. പരാതി ചീഫ് ജസ്റ്റീസിനു സമർപ്പിക്കാമെന്നും മാധ്യമ പ്രവർത്തകർക്കു പുറത്തേക്കുപോകാൻ പോലീസ് സംരക്ഷണം നൽകാമെന്നും രജിസ്ട്രാർ വ്യക്‌തമാക്കി. പോലീസ് സംരക്ഷണയിലാണു മാധ്യമപ്രവർത്തകർ പിന്നീടു ഹൈക്കോടതിക്കു പുറത്തെത്തിയത്. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടർന്നു രണ്ടര മാസമായി മാധ്യമപ്രവർത്തകർ കോടതിയിൽ എത്തിയിരുന്നില്ല. പ്രശ്നപരിഹാരത്തിനായി വ്യാഴാഴ്ച മാധ്യമ മാനേജ്മെന്റിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും ഹൈക്കോടതി ബാർ അസോസിയേഷന്റെയും മുതിർന്ന അഭിഭാഷകരുടെയും പ്രതിനിധികളെ ചീഫ് ജസ്റ്റീസ് രണ്ടാംവട്ട ചർച്ചയ്ക്കു വിളിക്കുകയായിരുന്നു.


മാധ്യമ പ്രവർത്തകർക്കു കോടതിമുറികളിൽ പ്രവേശിക്കുന്നതിനു തടസമില്ലെന്നു ചീഫ് ജസ്റ്റീസ് ചർച്ചയിൽ ആവർത്തിച്ചു വ്യക്‌തമാക്കിയിരുന്നു. ഇതുസംബന്ധിച്ചു രജിസ്ട്രാർ ഇറക്കിയ പത്രക്കുറിപ്പുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മാധ്യമങ്ങൾക്കു സ്വതന്ത്രമായി വാർത്ത റിപ്പോർട്ട് ചെയ്യാമെന്നുമുളള ഉറപ്പും ചർച്ചയിൽ ലഭിച്ചു. മീഡിയാ റൂം തുറക്കുന്നതു സംബന്ധിച്ച കാര്യം ചീഫ് ജസ്റ്റീസ് പിന്നീടു തീരുമാനിക്കുമെന്നും പറഞ്ഞു. മാധ്യമ പ്രവർത്തകർക്കു സുരക്ഷ ലഭിക്കുമെന്ന ഉറപ്പു കണക്കിലെടുത്താണു മാധ്യമ മാനേജ്മെന്റുകളും പത്രപ്രവർത്തക യൂണിയനുംകൂടി ആലോചിച്ച് ഇന്നലെ മാധ്യമപ്രവർത്തകരെ കോടതി റിപ്പോർട്ടിംഗിന് അയച്ചത്.

ഒരു സ്ത്രീയെ കടന്നു പിടിച്ച കേസിൽ സർക്കാർ അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തെന്ന വാർത്ത നൽകിയതിനെത്തുടർന്നാണ് അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുടലെടുത്തത്. കഴിഞ്ഞ ജൂലൈ 19, 20 തീയതികളിൽ അഭിഭാഷകർ മാധ്യമപ്രവർത്തകരെ ഹൈക്കോടതിയിൽ തടയുകയും തുടർന്നുണ്ടായ സംഘർഷം സംസ്‌ഥാനത്തെ പല കോടതികളിലേക്കും വ്യാപിക്കുകയും ചെയ്തു. കോടതി നടപടി റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്നും കോടതി മുറികളിൽ മാധ്യമ പ്രവർത്തകർക്കു പ്രവേശിക്കാമെന്നും ഹൈക്കോടതി രജിസ്ട്രാർ പലതവണ വിശദീകരിച്ചെങ്കിലും അപ്രഖ്യാപിത വിലക്ക് തുടരുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.