അതിജീവനത്തിന്റെ ആഘോഷമായി ഹൃദയസംഗമം
അതിജീവനത്തിന്റെ ആഘോഷമായി ഹൃദയസംഗമം
Sunday, September 25, 2016 12:45 PM IST
സ്വന്തം ലേഖകൻ

കൊച്ചി: വീണ്ടെടുത്ത ജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങളിൽ ആഹ്ലാദമറിഞ്ഞവർ ഒത്തുകൂടി. മരണത്തിന്റെ വിളിയെ അതിജീവനത്തിലൂടെ അകലങ്ങളിലേക്കു പറഞ്ഞുവിട്ടവരുടെ കൂട്ടായ്മയിൽ നിറഞ്ഞു നിന്നതു പ്രതീക്ഷയുടെ പങ്കുവയ്ക്കലുകൾ. സഹനവഴികൾ, നന്ദിവാക്കുകൾ പ്രതീക്ഷയുടെ പുതുപുലരികൾ.... അങ്ങനെ ഹൃദയപൂർവം അവർക്കു പങ്കുവയ്ക്കാനേറെയുണ്ടായിരുന്നു.

ഹൃദയദിനാഘോഷത്തോടനുബന്ധിച്ച് കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച, ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ ഒത്തുചേരൽ വേറിട്ട അനുഭവമായി. ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്‌തമായാണു ഹൃദയസംഗമം ഒരുക്കിയത്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആയിരത്തോളം രോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. അസുഖങ്ങൾ കരുണയില്ലാതെ ആക്രമിച്ചപ്പോൾ പലപ്പോഴും ആത്മധൈര്യവും ദൈവാനുഗ്രഹവുമാണു തുണച്ചതെന്നു ശസ്ത്രക്രിയയ്ക്കു വിധേയരായവർ പറഞ്ഞു. ഹൃദയസംഗമം പോലീസ് കംപ്ലെയിന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗരംഗത്തു രോഗപ്രതിരോധത്തിന് വലിയ പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ഹാർട്ട് കെയർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ചടങ്ങിൽ ജസ്റ്റീസ് നാരായണക്കുറുപ്പ്, ഹൃദ്രോഗ വിദഗ്ധനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ചന്ദ്രമോഹനു സമ്മാനിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദ്രോഗം മൂലമാണെന്ന് ഡോ. ചന്ദ്രമോഹൻ പറഞ്ഞു. മുൻ കാലങ്ങളിൽ അണുജന്യരോഗങ്ങൾ മൂലമുള്ള മരണങ്ങളായിരുന്നു കൂടുതൽ.


എന്നാൽ ഇന്ന് അണുജന്യരോഗങ്ങൾ മൂലമുള്ള മരണങ്ങൾ വളരെ കുറയുകയും ഹൃദ്രോഗവും കാൻസറും പ്രധാന മരണകാരണങ്ങളാകുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തെ ഊർജസ്വലമാക്കുകയെന്നതാണ് ഈ വർഷത്തെ ലോക ഹൃദയദിനത്തിന്റെ പ്രമേയം.

ജീവിതം ഊർജസ്വലമാകണമെങ്കിൽ ശരീരത്തിലെ ഓരോ കോശവും ഊർജസ്വലമാകണം. കോശങ്ങൾ ഊർജസ്വലമാകാൻ കാരണമാകുന്ന രക്‌തം കോശങ്ങളിലെത്തിക്കുന്നത് ഹൃദയമാണ്. അതുകൊണ്ടു ഹൃദയാരോഗ്യം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഹാർട്ട്കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപുറം, ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഹാർട്ട് കെയർ ഫൗണ്ടേഷൻ മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമർജൻസി മെഡിക്കൽ സർവീസസ് വൈസ് പ്രസിഡന്റ് വിംഗ് കമാൻഡർ എസ്. ജയചന്ദ്രൻ, ഐഡിയ സെല്ലുലാർ വൈസ് പ്രസിഡന്റ് സെയിൽസ് സോളമൻ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹൃദയാഘാതമുണ്ടായാൽ പെട്ടെന്നു നൽകേണ്ട പ്രാഥമിക ചികിത്സയുടെ (സിപിആർ) പരിശീലന പരിപാടിയും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.