പ്രവർത്തകരിൽ ആവേശം വിതറി മോദി പറന്നിറങ്ങി
പ്രവർത്തകരിൽ ആവേശം വിതറി മോദി പറന്നിറങ്ങി
Saturday, September 24, 2016 12:09 PM IST
കോഴിക്കോട്: പ്രവർത്തകരെ മുഴവൻ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബിജെപി ദേശീയ കൗൺസിൽ സമ്മേളനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ പറന്നിറങ്ങി. മോദി വിക്രം മൈതാനിയിൽ എത്തേണ്ടിയരുന്നത്

4.40നായിരുന്നു. എന്നാൽ, 5.06നാണ് അദ്ദേഹത്തെ വഹിച്ചുള്ള ഹെലികോപ്റ്റർ പറന്നിറങ്ങിയത്.

ഹെലികോപ്റ്റർ പറന്നിറങ്ങിയപ്പോൾ പ്രവർത്തകർ ആവേശത്തോടെ ഭാരത് മാതാ കി ജയ് മുഴക്കി. വന്നിറങ്ങിയ മൂന്നു ഹെലികോപ്്റ്ററുകളിലും ആകാംക്ഷയോടെ കണ്ണുനട്ടിരുന്ന അണികൾക്കു മുന്നിൽ ആദ്യമായി തുറന്നത് മൂന്നാമതായി എത്തിയ ഹെലികോപ്റ്ററായിരുന്നു. മെഡിക്കൽ സംഘവും ഡിജിപി ലോക്നാഥ് ബെഹ്റയും അടങ്ങുന്ന സംഘമാണ് ഈ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയത്. പിന്നീട് തുറന്ന ഹെലികോപ്റ്ററിൽ നിന്നു സുരക്ഷാ ഉദ്യോഗസ്‌ഥരും ഇറങ്ങി. ആദ്യമെത്തിയ ഹെലികോപ്റ്ററിന്റെ പങ്ക തിരിഞ്ഞു നിൽക്കുന്നതുവരെ ഹെലികോപ്റ്ററിൽ തന്നെ ഇരുന്ന പ്രധാനമന്ത്രി 5.10ഓടെയാണ് പുറത്തിറങ്ങിയത്.

ജില്ലാ കളക്ടർ എൻ. പ്രശാന്ത്, സിറ്റി പോലീസ് കമ്മീഷണർ ഉമ ബെഹ്റ, ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, കോർപറേഷൻ കൗൺസിലർമാരായ നവ്യ ഹരിദാസ്, നമ്പിടി നാരായണൻ, ഇ. പ്രശാന്ത്് കുമാർ, ഷൈമ പൊന്നാടത്ത്, ജിഷ ഗിരീഷ്, ടി. അനിൽകുമാർ, വി.വി. രാജൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബാലസോമൻ, മണ്ഡലം പ്രസിഡന്റ് വി. സുരേഷ് കുമാർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. കുമ്മനം രാജശേഖരൻ, വി.വി. രാജൻ, ബാലസോമൻ, നമ്പിടി നാരായണൻ എന്നിവർ ഹാരാർപ്പണം നടത്തി. തുടർന്ന് 5.15ന് നരേന്ദ്ര മോദി കാറിൽ കയറി കടപ്പുറത്തേക്ക് നീങ്ങി. മോദിയെ കാണാൻ ബിജെപി പ്രവർത്തകരും പൊതുജനങ്ങളും വിദ്യാർഥികളും മോദിയുടെ വാഹനവ്യൂഹം കടന്നു പോവുന്ന സ്‌ഥലങ്ങളിൽ റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ചിരുന്നു. വിക്രംമൈതാനിക്കു സമീപത്തുള്ള ഉയർന്ന കെട്ടിടങ്ങളിലെല്ലാം മോദിയുടെ വരവുകാത്ത് മണിക്കൂറുകളോളം ആളുകൾ കാത്തിരുന്നു.

ഉച്ചകഴിഞ്ഞു മൂന്നോടെ തന്നെ നഗരത്തിലേക്കുള്ള വാഹനങ്ങളെ പോലീസ് പൂർണമായും നിയന്ത്രിച്ചിരുന്നു. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന വെസ്റ്റ്ഹിൽ വിക്രം മൈതാനി മുതൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയായ കടപ്പുറം വരെ കനത്ത സുരക്ഷാ വലയമാണു പോലീസ് തീർത്തത്.

വിക്രം മൈതാനിക്കു മുന്നിലൂടെയുള്ള കാൽനടയാത്രക്കാരേയും പോലീസ് നിയന്ത്രിച്ചു. ഹെലികോപ്റ്റർ കരിപ്പൂരിൽനിന്ന് പുറപ്പെടുന്നതിനു മുമ്പു തന്നെ ഇതുവഴിയുള്ള കാൽനടയാത്രക്കാരെ റോഡിന്റെ ഇരുവശങ്ങളിലുമായി പോലീസ് തടഞ്ഞു. പ്രധാനമന്ത്രിയുടെ വാഹ നവ്യൂഹം കടന്നുപോയതിനുശേഷം മാത്രമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്‌ഥാപിച്ചത്.


’പ്രിയ സഹോദരീ സഹോദരന്മാരേ‘

കോഴിക്കോട്: ’മേരെ ഭായ് ഓർ ബഹനോം’ എന്ന് ഹിന്ദിയിലെ അഭിസംബോധന പെട്ടെന്ന് മലയാളത്തിലേക്കു മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസാഗരത്തെ കൈയിലെടുത്തു. ’പ്രിയ സഹോദരീസഹോദരന്മാരെ എല്ലാവർക്കും നമസ്കാരം. സാമൂതിരികളുടെ ഈ മണ്ണിൽ, വിശാലമായ ഈ കടപ്പുറത്ത് എത്തിച്ചേർന്ന എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ.

പഴശിരാജയുടെയും, കുഞ്ഞാലി മരയ്ക്കാരുടെയും ഈ നാട്ടിൽ നിങ്ങളെ കാണാൻ എത്തിച്ചേർന്നതിൽ അതിയായ സന്തോഷമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, കേരളമെന്ന് കേൾക്കുമ്പോൾ ഈ വികാരമാണ് മനസിൽ വരിക.’

ഹിന്ദി ചുവയുള്ള മലയാളത്തി ലെ സംസാരത്തിനു ശേഷം തുടർന്ന് ഒരു മണിക്കൂറും അഞ്ചു മിനിറ്റും ഹിന്ദിയിലായിരുന്നു പ്രസംഗം. ബിജെപി മുൻ സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരൻ, മോദിയുടെ പ്രസംഗം മലയാളത്തിലേക്കു മൊഴിമാറ്റി.


പാക്കിസ്‌ഥാനെതിരേയുള്ള ഓരോ വാക്കിനും കൈയടി

കോഴിക്കോട്: രാജ്യം ഉറ്റുനോക്കിയ പൊതുസമ്മേളനം. ജനസാഗരത്തെ സാക്ഷി നിർത്തി പ്രധാനമന്ത്രിയുടെ തീപ്പൊരി പ്രസംഗം.

വേദിയിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സമുന്നതരായ നേതാക്കൾ. പ്രിയനേതാക്കളെ ഒന്നു കാണാൻ ആർത്തിരമ്പിയ ജനക്കൂട്ടത്തിനു നേരെ പതിവുപോലെ പ്രധാനമന്ത്രിയുടെ ആ കൈവീശൽ. അതുമതിയായിരുന്നു കനത്ത വെയിലും പ്രിയനേതാവിനെ കാണാൻ എത്തിയ ജനക്കൂട്ടത്തിന്. പതിയെ തുടങ്ങി കത്തിക്കയറി മോദിയുടെ പ്രസംഗം. പാക്കിസ്‌ഥാനെതിരേയുള്ള ഓരോ വാക്കിനും നിറഞ്ഞ കൈയടി. ഒരുവേള സദസിലിരുന്ന അന്യസംസ്‌ഥാനങ്ങളിലെ പാർട്ടി നേതാക്കൾ പോലും കസേരയിൽനിന്നു ചാടി എഴുന്നേറ്റു. അത്രമാത്രം വികാരനിർഭരവും തീവ്രവുമായിരുന്നു മോദിയുടെ പ്രസംഗം.


ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെനിർത്താൻ കഴിയണമെന്നു ബിജെപി സംസ്‌ഥാന നേതൃത്വം

കോഴിക്കോട്: മതന്യൂനപക്ഷ വിഭാഗങ്ങളെ ബിജെപിയോടു കൂടുതൽ അടുപ്പിക്കാനും ജനസമ്മതിയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ അടർത്തിയെടുത്ത് സംസ്‌ഥാനത്തു ബിജെപിയെ ശക്‌തിപ്പെടുത്താനും നീക്കം. ദേശീയ കൗൺസിലിൽ ചർച്ച ചെയ്യാനായി ബിജെപി സംസ്‌ഥാന ഘടകം തയാറാക്കിയ രാഷ്ട്രീയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്്.

സംസ്‌ഥാനത്ത് അധികാര രാഷ്ട്രീയത്തിലേക്കു കടക്കണമെങ്കിൽ ന്യൂനപക്ഷ പിന്തുണകൂടി അനിവാര്യമാണെന്ന് റിപ്പോർട്ടിലുണ്ട്്. ക്രൈസ്തവ വിഭാഗത്തെയാണു പ്രധാനമായും ബിജെപി ലക്ഷ്യംവയ്ക്കുന്നത്. ഇവരെ പാർട്ടിയോട് അടുപ്പിക്കുന്നതിന് ദേശീയ അടിസ്‌ഥാനത്തിൽ നീക്കം വേണം. മോദി അധികാരത്തിലെത്തിയശേഷം ക്രൈസ്തവ സഭകൾ ബിജെപിയോടു കൂടുതൽ അനുഭാവ പൂർവമായാണ് പെരുമാറുന്നതെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ക്രൈസ്തവ സഭകളുമായി ദേശീയ നേതൃത്വം ഇടപെട്ടു ചർച്ച നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അതേസമയം എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് മുന്നണി വിട്ടാലും അവരുടെ അണികളിൽ വലിയൊരുവിഭാഗം കൂടെനിൽക്കുമെന്നാണ് സംസ്‌ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 16 ശതമാനം വോട്ടാണ് ലഭിച്ചത്. വോട്ട് വിഹിതത്തിലെ വലിയ വർധനയ്ക്കു പുറമേ പ്രതിപക്ഷം എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്താനും തങ്ങൾക്കു കഴിയുന്നു. മുഖ്യപ്രതിപക്ഷമായി പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ രാഷ്ട്രീയ റിപ്പോർട്ടിലുണ്ട്. സാമുദായിക വോട്ടുകളാണു കേരളത്തിൽ യുഡിഎഫിന്റെ പ്രധാന ശക്‌തി. ഇതിൽ തന്നെ ക്രൈസ്തവ വോട്ടുകളും നായർ വോട്ടുകളും യുഡിഎഫിന്റെ ആണിക്കല്ലാണ്. ഇതിലേക്ക് ഏതുവിധേനയും ഇറങ്ങിച്ചെല്ലണം. അതിനു കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു.


സംസ്‌ഥാനത്തെ ഇരുമുന്നണികളിലെയും ചെറുകക്ഷികളെയും ജനസമ്മതിയുള്ള നേതാക്കളെയും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. സംസ്‌ഥാന ഘടകം തയാറാക്കിയ നിർദേശങ്ങൾ ദേശീയ നേതൃത്വത്തിനു മുന്നിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചു. 25 ന് ദേശിയ കൗൺസിൽ സമ്മേളനം കഴിഞ്ഞാലും 26–ന് മാത്രമേ ദേശീയ അധ്യക്ഷൻ അമിത് ഷാ മടങ്ങിപ്പോകുന്നുള്ളു. അന്ന് രാവിലെ കേരളത്തിലെ വിഷയം പ്രത്യേകം അജൻഡയാക്കി കേരളനേതാക്കളുമായി അമിത്ഷാ ചർച്ച നടത്തുന്നുണ്ട്.


സദസ് കൈയിലെടുത്തു നേതാക്കൾ...


കോഴിക്കോട്: നരിക്കുനി യുപിസ്കൂളിലെ സൂര്യഗായത്രി എന്ന വിദ്യാർഥിനിയുടെ പ്രാർഥനയോടെയായിരുന്നു കടപ്പുറത്തെ സമ്മേളനം തുടങ്ങിയത്. 3.45ന് പ്രവർത്തകർക്ക് ആവേശമായി ബിജെപി പ്രസിഡന്റ് അമിത് ഷാ എത്തി. അതിനും മുൻപേ വേദി കയ്യടക്കി കൈയടി വാങ്ങിയത് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു. പുറത്ത് പ്രവർത്തകരുടെ ആവേശം പരിധിവിട്ടപ്പോൾ അതു നിയന്ത്രിക്കാനും താരം രംഗത്തിറങ്ങി.

4.40–ന് മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി എത്തി. നിറഞ്ഞ കൈയടിയോടെ സദസ് അദ്ദേഹത്തെ വരവേറ്റു. സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ തകർപ്പൻ പ്രസംഗം. പരിഭാഷയ്ക്കുപോലും അവസരം നൽകാതെയുള്ള അദ്ദേഹത്തിന്റെ പ്രസംഗം സദസിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. നിശിതമായി വിമർശിക്കുന്നതിനൊപ്പം തന്നെ പരിഹാസവും കോൺഗ്രസിനെ ‘ചെന്നി കോൺഗ്രസ്, ചാന്റി കോൺഗ്രസ്’എന്ന് ഇംഗ്ലീഷിൽ വിമർശിച്ചതും പ്രവർത്തകർ ആഘോഷമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതുവരെ പ്രസംഗം തുടരാൻ അദ്ദേഹത്തോട് ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ വി.മുരളീധരൻ പറയുന്നതും കേൾക്കാമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞയുടൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല.

അഞ്ചുമിനിറ്റിനുശേഷം 5.50 ഓടെ മോദി വേദിയിൽ എത്തി. വേദിക്കുപിന്നിലൂടെ വൻകരഘോഷത്തോടെ എത്തിയ പ്രധാനമന്ത്രിയെ സദസ് എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. 1008 താമരമൊട്ടുകൾ കൊണ്ട് തയാറാക്കിയ കൂറ്റൻമാല അണിയിച്ചുകൊണ്ടാണ് അദ്ദേഹത്തെയും അമിത് ഷായെയും വരവേറ്റത്. തുടക്കത്തിൽ മലയാളത്തിൽ സംസാരിച്ച് മോദി സദസിനെ ഒന്നാകെ കൈയിലെടുത്തു.

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹം പാക്കിസ്‌ഥാന്റെ പേര് പരാമർശിച്ചപ്പോഴൊക്കെ സദസിൽനിന്നു നിറഞ്ഞ കൈയടി ഉയർന്നു.

തുടക്കത്തിൽ ഓരോ നേതാവിന്റെയും പേരെടുത്തു വിളിച്ചപ്പോൾ കടലിരമ്പം പോലെയായിരുന്നു ആർപ്പുവിളികൾ. പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. മോദിയുടെ പ്രസംഗം അവസാനിച്ചപ്പോൾ തന്നെ സമ്മേളനവും സമാപിക്കുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങൾ.


ബിജെപി കേന്ദ്രനേതാക്കൾ ഒരുമിച്ച് വേദിയിൽ


കോഴിക്കോട്: കേരളത്തിൽ ബിജെപിയുടെ വളർച്ചയും ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ നിലപാടുകളും ചൂണ്ടിക്കാട്ടി കേന്ദ്രനേതാക്കൾ. കോഴിക്കോട്ടു നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലാണ് പാർട്ടിയുടെ കേന്ദ്രനേതാക്കൾ ഒരുമിച്ച് വേദിയിൽ എത്തിയത്.

കേരളത്തിൽ ബിജെപി പ്രവർത്തകർക്കുനേരേയുള്ള ആക്രമണങ്ങൾക്കു സർക്കാർ സംരക്ഷണമുണ്ടെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പൊതുസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ നാട്ടിൽ പോലും ക്രൂരമായ ആക്രമണങ്ങൾ അരങ്ങേറുന്നത് ചോദ്യചിഹ്നം ഉയർത്തുന്നു. കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരേ നടക്കുന്ന ഇത്തരം ചെയ്തികൾ കേരളത്തിലെ ജനാധിപത്യ ചരിത്രത്തിന് അപമാനവും തീരാകളങ്കവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുസർക്കാർ അധികാരത്തിലേറിയ ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണു നടന്നത്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നത് തടയാനാണ് ആക്രമണങ്ങളെങ്കിൽ എത്രപേരെ ബലി നൽകിയാലും പാർട്ടി സാധാരണക്കാർക്ക് പ്രയോജനകരമായ പ്രവർത്തനങ്ങളിൽ നിന്നു പിന്നോട്ടില്ല. അക്രമത്തിലൂടെ പ്രവർത്തകരെ ഭയപ്പെടുത്താൻ നോക്കേണ്ട. ഇതിനെല്ലാം ജനാധിപത്യ–ഭരണാഘടനാനുസൃതമായി മറുപടി നൽകാൻ പാർട്ടി പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അടുത്ത തവണ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് നൽകി ശക്‌തമായ പിന്തുണയാണ് ജനം നൽകിയത്. നിയമസഭയിൽ താമര വിരിയിക്കാനും കഴിഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടിയുടെ മുൻ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. കൊലപാതക രാഷ്ട്രീയം കൊണ്ടു കമ്യൂണിസ്റ്റുകൾക്ക് ബിജെപിയെ തടുക്കാനാവില്ല. കമ്യൂണിസ്റ്റ് പാർട്ടികൾ രാജ്യത്ത് ഇന്ന് എവിടെയാണുള്ളത്? പാർലമെന്റിലെ അവരുടെ സ്‌ഥിതി എന്താണ്? അതിനേക്കാൾ ദയനീയ സ്‌ഥിതിയാണ് ഇനി അവർ അഭുമുഖീകരിക്കാനിരിക്കുന്നത്: വെങ്കയ്യ നായിഡു പറഞ്ഞു.

ദരിദ്രരുടെ ഉന്നമനത്തിനായുള്ള പോരാട്ടമാണ് ബിജെപിയുടെ ഓരോ മന്ത്രിയും നടത്തുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ പറഞ്ഞു. 2022 ഓടെ മധ്യപ്രദേശിനെ ഭവനരഹിതരില്ലാത്ത സംസ്‌ഥാനമാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി അനുവദിച്ചു നൽകും. പിന്നീട് ഇവിടെ താമസിക്കാനുള്ള സൗകര്യവും ഒരുക്കും.

പഴമുറം കൊണ്ട് സൂര്യതേജസ് മറയ്ക്കാനാണ് കമ്യൂണിസ്റ്റുകളും കോൺഗ്രസും ശ്രമിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, മനോഹർ പരീക്കർ, അരുൺ ജെയ്റ്റ്ലി, ജെപി.നഡ്ഡ, വസുന്ധര രാജ സിന്ധ്യ, ദേവേന്ദ്ര ഫഡ്നാവിസ്, നിതിൻ ഗഡ്ഗരി, എന്നിവരും സുരേഷ് ഗോപി എംപി, ഒ.രാജഗോപാൽ എംഎൽഎ, വി.മുരളീധരൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.