ചരിത്രം പിറന്നില്ല; ബംഗ്ലാദേശ് തോറ്റു, ഇംഗ്ലണ്ട് ജയിച്ചു
ചരിത്രം പിറന്നില്ല; ബംഗ്ലാദേശ് തോറ്റു, ഇംഗ്ലണ്ട് ജയിച്ചു
Monday, October 24, 2016 11:53 AM IST
ചിറ്റഗോംഗ്: ഇംഗ്ലണ്ടിനെതിരേ ചരിത്രത്തിലാദ്യമായി ടെസ്റ്റ് മത്സരം വിജയിക്കാനുള്ള അവസരം ബംഗ്ലാദേശ് നഷ്‌ടപ്പെടുത്തി. ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 22 റൺസിന്റെ ആവേശകരമായ വിജയം. അഞ്ചാം ദിനം ജയിക്കാൻ രണ്ടു വിക്കറ്റ് ശേഷിക്കേ 33 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് 10 റൺസ് കൂടി നേടാനേ സാധിച്ചുള്ളൂ. രണ്ടു പന്തുകളുടെ ഇടവേളയിൽ രണ്ടു വിക്കറ്റ് നേടി ഇംഗ്ലീഷ് പേസർ ബെൻ സ്റ്റോക്സാണ് സന്ദർശകർക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. ബംഗ്ലാദേശിന്റെ പ്രതീക്ഷയായിരുന്ന സാബിർ റഹ്്മാന് 64 റൺസോടെ പരാജയം മറുവശത്ത് നിന്നു കാണാനേ കഴിഞ്ഞുള്ളൂ. തലേദിവസത്തെ സ്കോറിനോട് 10 റൺസ് ചേർത്തപ്പോൾ തായ്ജുൾ ഇസ്്ലാം എൽബിഡബ്ല്യുവിൽ പുറത്തായി. അമ്പയറുടെ തീരുമാനം ഔട്ട് അല്ല എന്നായിരുന്നു. എന്നാൽ, ഇംഗ്ലീഷ് ടീമിന്റെ റിവ്യൂവിൽ തായ്ജുൾ ഔട്ടായതായി വിധിക്കുകയായിരുന്നു. രണ്ടു പന്തുകൾക്കപ്പുറം ഷയ്ഫുൾ ഇസ്ലാമും പുറത്തായതോടെ ബംഗ്ലാദേശ് അടിയറ പറഞ്ഞു.


ഓൾറൗണ്ട് മികവിലൂടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ബെൻ സ്റ്റോക്സാണ് മാൻ ഓഫ് ദ മാച്ച്.

286 റൺസ് വിജയലക്ഷ്യമായിരുന്നു ബംഗ്ലാദേശിന് ഇംഗ്ലണ്ട് നൽകിയിരുന്നത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയിൽ തുടരെ വിക്കറ്റുകൾ നഷ്‌ടമായതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. ഇമ്രുൾ കയി്സ് (43), മുഷ്ഫിഖുർ റഹിം (39) എന്നിവരും തിളങ്ങി. സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 293, രണ്ടാം ഇന്നിംഗ്സ് 240. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് 248, രണ്ടാം ഇന്നിംഗ്സ് 263.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.