മുന്നിലെത്താൻ ബ്ലാസ്റ്റേഴ്സ്
മുന്നിലെത്താൻ ബ്ലാസ്റ്റേഴ്സ്
Sunday, October 23, 2016 11:23 AM IST
മഡ്ഗാവ്: ആത്മിവിശ്വാസത്തോടെ കളിക്കാനുള്ള ഊർജം സമ്പാദിച്ച കേരള ബ്ലാസ്റ്റേഴ്്സും വിജയിക്കാനറിയാം എന്നു തെളിയിച്ച എഫ്സി ഗോവയും ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ മുഖാമുഖം. ഫത്തോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുന്ന ഇരു ടീമിനും സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്നു ജയിച്ചേ മതിയാകൂ.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു തോൽവികൾക്കു ശേഷം ഡൽഹി ഡൈനാമോസിനോട് ഗോൾരഹിത സമനിലയും അതിനുശേഷം മുംബൈ സിറ്റിയെ 1–0നും പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ പൂനെ സിറ്റിയുമായി സമനിലയും (1–1) പങ്കിട്ടു.

എഫ്സി ഗോവ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മുംബൈ സിറ്റിക്ക് എതിരേയാണ് ആദ്യ ജയം (1–0) സ്വന്തമക്കിയത്. നിലവിലെ രണ്ടാം സ്‌ഥാനക്കാരായ എഫ്സി ഗോവയ്ക്ക് മറ്റു നാല് മത്സരങ്ങളിൽ ഒരു സമനില മാത്രം. അത്ലറ്റിക്കോ ഡി കോൽക്കത്തയോടായിരുന്നു എഫ്സി ഗോവയുടെ സമനില (1–1).

ഈ ഘട്ടത്തിൽ പോയിന്റ് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടിയുള്ള ഗെയിം ആയിരിക്കും ഗോവയുടേതെന്ന് കോച്ച് സീക്കോ പറഞ്ഞു. കഴിഞ്ഞ സീസണുകളിൽനിന്നും ഈ സീസൺ വളരെ വിഭിന്നമാണ്. എല്ലാ ടീമും ഒരുപോലെ ബാലൻസ്ഡാണ്. അതുകൊണ്ട് സമനിലകൾ അല്ല, വിജയമാണ് ആദ്യ നാല് സ്‌ഥാനത്തെത്താൻ അനിവാര്യം. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ അതുകൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞു മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഗോവയുടെ ബ്രസീലുകാരൻ പരിശീലകൻ സീക്കോ വ്യക്‌തമാക്കി.

ഈ സീസണിൽ ഗോവ ഏഴ് ഗോളുകൾ വഴങ്ങിയപ്പോൾ മൂന്നു ഗോളുകളാണ് ആകെ തിരിച്ചടിച്ചത്. പൊതുവെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ ഗോളുകൾ കുറവായിരുന്നു. രണ്ട് ഗോളുകൾ അടിച്ച കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾ തിരിച്ചുവാങ്ങി.

സ്വന്തം ടീമിന്റെ പിഴവുകളാണ് ഇത്രയേറെ ഗോളുകൾ വാങ്ങിക്കൂട്ടുവാനുള്ള പ്രധാന കാരണമായി സീക്കോ ചൂണ്ടിക്കാണിക്കുന്നത്.

ഓരോ ഗെയിമിലും വരുത്തിയ ഈ പിഴവുകൾക്കു വലിയ വിലയാണ് കൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ പ്രധാന കാവൽഭടൻ ഗ്രിഗറി അർണോളിൻ ആദ്യ ഇലവനിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ ജോഫ്രെയെ പിൻവലിച്ച് ടീമിലെ മാർക്വീതാരം ലൂസിയോയെയും കൊണ്ടുവന്നു. ഇന്ന് ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിനു അവസാന പരിശീലനത്തിനു ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നായിരുന്നു സീക്കോയുടെ മറുപടി.

ഈ സീസണിൽ ഏറ്റവും കുറവ് ഗോളടിച്ച ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. അതേപോലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ആകെ ഒരു ഗോൾ മാത്രമെ തിരികെ വാങ്ങിയിട്ടുള്ളൂ എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ മികവ്. ആരോൺ ഹ്യൂസ്, സെഡ്രിക് ഹെങ്ബാർട്ട്്, സന്ദേശ് ജിങ്കൻ എന്നിവർക്കാണ് ഇതിന്റെ ക്രെഡിറ്റ്.


ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ബോധപൂർവമായി പ്രതിരോധത്തിന് ഊന്നൽ നൽകിയിരുന്നില്ലെന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു. ദൃഢമായ പ്രതിരോധനിര തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്‌തി. അതുപോലെ ടീമിനെ നന്നായി ആസൂത്രണം ചെയ്യാനും കഴിഞ്ഞു. ഗോളുകളുടെ ദാരിദ്ര്യം മാത്രമേ ഒരു കുറവായി ചൂണ്ടിക്കാണിക്കാനുള്ളുവെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞു.

തൂടർച്ചയായി മൂന്നാം വർഷവും എഫ്.സി ഗോവയെ പരിശീലിപ്പിക്കുന്ന സീക്കോയെ കോപ്പൽ പ്രത്യേകം അഭിനന്ദിച്ചു. ഫത്തോഡയിലെ ഇന്നത്തെ മത്സരം ഒരു തുറന്ന പോരാട്ടമായിരിക്കുമെന്നും രണ്ടു ടീമുകൾക്കും വിജയിക്കുകയാണ് ലക്ഷ്യമെന്നും തോൽവിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കോപ്പൽ പറഞ്ഞു. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്ന ഗോവയ്ക്ക് അതിന്റേതായ ഉത്തരവാദിത്വമുണ്ട്. എന്നാൽ ഗെയിം സ്വന്തമാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യമെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഇതിനു മുൻപ് നാല് തവണ ഏറ്റുമുട്ടി. ഇതിൽ എഫ്സി ഗോവ മൂന്നു തവണ ജയിച്ചു. ബ്ലാസ്റ്റേഴ്സ് ഒരു തവണയും. ബ്ലാസ്റ്റേഴ്സ് റണ്ണർ അപ്പായ ആദ്യ സീസണിൽ മിലഗ്രസ് ഗോൺസാലസിന്റെ ഏക ഗോളിനു കൊച്ചിയിൽ നടന്ന ഹോം മാച്ചിൽ ഗോവയെ തോൽപ്പിച്ചതിനു ശേഷം ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനു ഗോവയെ തോൽപ്പിക്കാനായിട്ടില്ല.

ഐഎസ്എലിൽ ഇതുവരെ ഗോവ 10 ഗോളുകൾ ബ്ലാസ്റ്റേഴ്സിനെതിരെ അടിച്ചുകൂട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് അടിക്കാൻ കഴിഞ്ഞത് കേവലം മൂന്നു ഗോളുകൾ.

ഗോവയ്ക്ക് ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഇതുവരെ ഒരു മത്സരം മാത്രമെ കളിക്കാനായിട്ടുള്ളൂ, പൂനെ സിറ്റിയോട്. അതിൽ പൂന 2–1നു ജയിച്ചു. അവസാന സ്‌ഥാനത്തു നിൽക്കുന്ന ഗോവ ഇതിനകം അഞ്ച് മത്സരങ്ങൾ കളിച്ചു. ഇതിൽ ഒരു ജയം , ഒരു സമനില, മൂന്നു തോൽവി , മൊത്തം നാല് പോയിന്റ്. കേരള ബ്ലാസ്റ്റേഴ്സ് അഞ്ച് പോയിന്റോടെ അഞ്ചാം സ്‌ഥാനത്തു നിൽക്കുന്നു. ഒരു ജയം രണ്ട് സമനില, രണ്ട് തോൽവി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ മൂന്നാം സ്‌ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റിയോട് ഒപ്പമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.