അശ്വിൻ വേഗത്തിൽ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം
അശ്വിൻ വേഗത്തിൽ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം
Sunday, September 25, 2016 11:11 AM IST
കാൺപുർ: അതിവേഗത്തിൽ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളർ എന്ന ഖ്യാതി ആർ. അശ്വിന്. ഒപ്പം അതിവേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഏഷ്യൻ ബൗളർ എന്ന റിക്കാർഡും അശ്വിൻ സ്വന്തമാക്കി. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ കെയ്ൻ വില്യംസന്റെ വിക്കറ്റെടുത്തതോടെയാണ് അശ്വിൻ ഈ നേട്ടം കരഗതമാക്കിയത്. 37 മത്സരങ്ങളിൽ നിന്നാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. 36 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റ് തികച്ച ഓസീസ് ബൗളർ ക്ലാരി ഗ്രിമെട്ടാണ് അശ്വിന് മുമ്പ് ഇരുന്നൂറ് വിക്കറ്റ് തികച്ച ഏക ബൗളർ. 1936ലാണ് ഗ്രിമെട്ട് ഈ റിക്കാർഡ് സ്വന്തമാക്കിയത്. വെസ്റ്റ്ഇൻഡീസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കിൽ 80 വർഷം പഴക്കമുള്ള ഈ റിക്കാർഡ് അശ്വിന്റെ പേരിലാകുമായിരുന്നു.

പാക് താരം വഖാർ യൂനിസിന്റെ പേരിലായിരുന്നു ഏഷ്യൻ റിക്കാർഡ്. 38 മത്സരങ്ങളിൽ നിന്ന് 200 വിക്കറ്റ് നേടിയ പാക് താരത്തിന്റെ റിക്കാർഡാണ് അശ്വിൻ ഇന്നലെ പഴങ്കഥയാക്കിയത്. ന്യൂസിലൻഡിനെതിരെ ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ കിവീസിനു നഷ്‌ടപ്പെട്ട നാലു വിക്കറ്റിൽ മൂന്നും സ്വന്തമാക്കിക്കഴിഞ്ഞു. കാര്യങ്ങൾ ഈ രീതിയിൽ പുരോഗമിച്ചാൽ മത്സരത്തിന്റെ ഗതി നിർണയിക്കുന്നത് അശ്വിന്റെ പ്രകടനമായിരിക്കും.


ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 1000 റൺസ് തികച്ച നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റിക്കാർഡാണ് രോഹിത് ശർമ ഇന്നലെ സ്വന്തമാക്കിയത്. വിരാട് കോഹ്്ലി, മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളള മറ്റ് ഇന്ത്യൻ താരങ്ങൾ.

ന്യൂസിലൻഡിനെതിരെ മത്സരത്തിനിറങ്ങുമ്പോൾ ടെസ്റ്റിൽ 1000 റൺസ് തികയ്ക്കാൻ രോഹിതിന് 54 റൺസ് കൂടിയാണ് വേണ്ടിയിരുന്നത്.

ആദ്യ ഇന്നിംഗ്സിൽ 35 റൺസെടുത്ത് പുറത്തായ താരം രണ്ടാം ഇന്നിംഗ്സിൽ ട്രെൻഡ് ബൗൾട്ടിന്റെ പന്തിൽ വ്യക്‌തിഗത സ്കോർ 19ൽ നിൽക്കെ സിംഗിളെടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. കളിയിൽ പുറത്താകാതെ 68 റൺസും രോഹിത് നേടി. 33 ഇന്നിംഗ്സുകളിൽനിന്നാണ് ടെസ്റ്റിൽ രോഹിതിന്റെ 1000 റൺസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.