റൂണിയില്ലാതെ മാഞ്ചസ്റ്റർ
റൂണിയില്ലാതെ മാഞ്ചസ്റ്റർ
Saturday, September 24, 2016 11:36 AM IST
മാഞ്ചസ്റ്റർ: ഒടുവിൽ ഹൊസെ മൗറീഞ്ഞോയുടെ കുട്ടികൾ വിജയവഴിയിൽ, അതും രാജകീയമായി. നിലവിലെ ചാമ്പ്യന്മാരായ ലീസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കു കശക്കിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചുവന്ന ചെകുത്താന്മാർ ജയമാഘോഷിച്ചത്. അതും അവരുടെ സൂപ്പർ താരം വെയ്ൻ റൂണിയില്ലാതെ. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോർഡിൽ നടന്ന പോരാട്ടത്തിൽ 22–ാം മിനിറ്റിനും 42–ാം മിനിറ്റിനുമിടയിൽ നാലു ഗോളുകളാണ് മാഞ്ചസ്റ്റർ, ലീസ്റ്റർ വലയിൽ നിക്ഷേപിച്ചത്.

റൂണിയെ പുറത്തിരുത്താനുള്ള അതിസാഹസിക തീരുമാനമെടുത്ത ഹൊസെ മൗറീഞ്ഞോയ്ക്ക് മിന്നും ജയമാണ് കുട്ടികൾ സമ്മാനിച്ചത്. തുടരെ മൂന്നു പരാജയങ്ങൾക്കു ശേഷം കളത്തിലിറങ്ങിയ മാഞ്ചസ്റ്റർ ടീമിനു വേണ്ടി ക്രിസ് സ്മാളിംഗ് (22), യുവാൻ മാട്ട (37), മാർക് റഷ്ഫോർഡ് (40), പോൾ പോഗ്ബ (42) എന്നിവർ സ്കോർ ചെയ്തപ്പോൾ ലീസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത് ഡേവിഡ് ഗ്രേ (59) ആണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ താരമായ പോൾ പോഗ്ബ മാഞ്ചസ്റ്ററിലെത്തിയ ശേഷം നേടുന്ന ആദ്യ ഗോളായിരുന്നു ഇന്നലെ നേടിയത്. അതേസമയം, ഈ സീസണിൽ ലീസ്റ്ററിന് കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന സൂചനയാണ് ലഭിക്കുന്നത്.


വിജയിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് പോയിന്റ് ടേബിളിൽ വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ആറു മത്സരങ്ങളിൽനിന്ന് 12 പോയിന്റുള്ള അവർ അഞ്ചാം സ്‌ഥാനത്താണ്.

അതേസമയം, പ്രീമിയർ ലീഗിലെ തുടർച്ചയായ ആറാം മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റി വെന്നിക്കൊടി നാട്ടി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് സ്വാൻസീ സിറ്റിയെയാണ് അവർ പരാജയപ്പെടുത്തിയത്. സിറ്റിക്കു വേണ്ടി സെർജിയോ അഗ്വേറോ ഇരട്ടഗോൾ (9, 65) നേടി. 77–ാം മിനിറ്റിൽ റഹിം സ്റ്റെർലിംഗിന്റെ വകയായിരുന്നു സിറ്റിയുടെ മൂന്നാം ഗോൾ. 13–ാം മിനിറ്റിൽ ലോറന്റെ നേടിയതാണ് സ്വാൻസീയുടെ ആശ്വാസഗോൾ. ഹൾസിറ്റിക്കെതിരേ ലിവർപൂൾ കൂറ്റൻ ജയം സ്വന്തമാക്കി. ഒന്നിനെതിരേ അഞ്ചു ഗോളിനായിരുന്നു ലിവറിന്റെ വിജയം. മറ്റു മത്സരങ്ങളിൽ ടോട്ടനം മിഡിൽസ്ബ്രോയെ ഒന്നിനെതിരേ രണ്ടു ഗോളിനും ക്രിസ്റ്റൽ പാലസ് സണ്ടർലൻഡിനെ രണ്ടിനെതിരേ മൂന്നു ഗോളിനും പരാജയപ്പെടുത്തിയപ്പോൾ എവർടണെ ബോൺമൗത്ത് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു.

ആറു കളികളിൽനിന്ന് 18 പോയിന്റുള്ള സിറ്റി ഒന്നാമതും ആറു കളികളിൽനിന്ന് 14 പോയിന്റുള്ള ടോട്ടനം രണ്ടാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.