വടാട്ടുപാറക്കാരിയുടെ ലക്ഷ്യം റിയോയിൽ മെഡൽനേട്ടം
വടാട്ടുപാറക്കാരിയുടെ ലക്ഷ്യം റിയോയിൽ മെഡൽനേട്ടം
Tuesday, July 26, 2016 11:49 AM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിൽ നിന്നു കായിക ഇന്ത്യയുടെ നെറുകയിലേക്ക് ഓടിക്കയറിയ പെൺകുട്ടി റിയോയിലേയ്ക്ക് വിമാനം കയറുന്നത് ഇന്ത്യയ്ക്ക് ഒരു മെഡൽ സമ്മാനിക്കുക എന്ന ആഗ്രഹവുമായി. കേരള സ്കൂൾ കായികമേളയിലൂടെ ട്രാക്കിലെ പൊന്നിൻ താരമായി മാറിയ അനിൽഡാ തോമസ് ഇന്ത്യയുടെ 4–400 മീറ്ററർ റിലേയിൽ റിയോയിൽ കുതിക്കാൻ തയാറെടുക്കുകയാണ്.

ബംഗളൂരു സായിയിൽ നടന്ന ചിട്ടയായ പരിശീലനം കൈമുതലാക്കി പോരാട്ടവീര്യത്തെ കൂടെപ്പിറപ്പാക്കിയാണ് അനിൽഡ ബ്രസീലിലേയ്ക്ക് പോവുക. തന്റെ ഇഷ്‌ട ഇനമായ 400 മീറ്ററിൽ ഒളിമ്പിക്സ് യോഗ്യത നേടാൻ കഴിയാത്തതിന്റെ സങ്കടം ഒരുവശത്തുണ്ടെങ്കിലും 4–400 മീറ്ററിൽ മിന്നുംപ്രകടനം നടത്തി ഇതിന്റെ കണക്കു തീർക്കാനാണ് അനിൽഡയുടെ തീരുമാനം.

കേരളം അനിൽഡയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എട്ടാം ക്ലാസ് പഠനസമയത്താണ്. കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ തുടങ്ങിയ കായിക പരിശീലനം അനിൽഡയെന്ന മികവാർന്ന താരത്തെ കേരളത്തിനു സമ്മാനിച്ചു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്‌ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ 100, 200, 400 മീറ്ററുകളിൽ സുവർണനേട്ടവുമായാണ് ഓടിക്കയറിയത്. തുടർന്നു നടന്ന ദേശീയ സ്കൂൾ മീറ്റിലും അനിൽഡ മെഡൽനേട്ടം ആവർത്തിച്ചു. തുടർന്ന് കോതമംഗലം മാർ ബേസിൽ സ്കൂളിലായിരുന്നു മൂന്നുവർഷ പഠനം. സംസ്‌ഥാന ദേശീയ സ്കൂൾ മീറ്റുകളിൽ മികവാർന്ന പ്രകടനത്തോടെ തന്റെ സുവർണനേട്ടം അനിൽഡ നിലനിർത്തി.


കോളജ് പഠനത്തിനായി ചേർന്നത് കോതമംഗലം എംഎ കോളജിൽ. ഈ കാലയളവിൽ സ്പോർട്സ് കൗൺസിൽ കോച്ചുകൂടിയായ ജയകുമാറിന്റെ പരിശീലനം അനിൽഡയ്ക്ക് ഏറെ മുതൽക്കൂട്ടായി. ദേശീയ സീനിയർ മത്സരങ്ങളിൽ മികച്ചപോരാട്ടം നടത്തുവാനുള്ള ടെക്നിക്കുകൾ സ്വായത്തമാക്കിയത് ജയകുമാർ എന്ന കായികാധ്യാപകനിൽ നിന്നുമായിരുന്നു. ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവച്ചാണ് ഈ വടാട്ടുപാറക്കാരി തന്റെ കുതിപ്പ് തുടർന്നത്. ഇന്റർ യൂണിവേഴ്സിറ്റി മീറ്റിൽ ടിന്റു ലൂക്കയുടെ പേരിലുണ്ടായിരുന്ന 400 മീറ്ററിലെ റിക്കാർഡ് തിരുത്തിക്കുറിച്ച് ദേശീയ തലത്തിൽ ശ്രദ്ധേയയായി.

ഇതിനു പിന്നാലെ 35–ാം ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി 400 മീറ്ററിൽ സുവർണപതക്കം അനിൽഡയുടെ വകയായി. ഇത് അനിൽഡയ്ക്ക് ഇന്ത്യൻ ദേശീയ ക്യാമ്പിലേക്കുള്ള വാതായനവും തുറന്നു. തുർക്കി, പോളണ്ട് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ മികച്ച പരിശീലനം അന്താരാഷ്ട്ര മത്സരങ്ങൾക്കായി അനിൽഡയെ കൂടുതൽ കരുത്തയാക്കി. ഇപ്പോൾ ബാംഗളൂരിൽ പരിശീലനം നടത്തുന്ന അനിൽഡയും സംഘവും ഈ ആഴ്ച റിയോയിലേയ്ക്ക് യാത്ര തിരിക്കും, ഇന്ത്യയ്ക്കായി ഒരു ഒളിമ്പിക് മെഡൽ എന്ന ആഗ്രഹവുമായി. അനിൽഡയുടെ പിതാവ് തോമസ്. മാതാവ് ജെൻസി. രണ്ടു സഹോദരങ്ങളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.