കുംബ്ലെ –കോഹ്ലി: ക്ലിക്ക്ഡ്
കുംബ്ലെ –കോഹ്ലി: ക്ലിക്ക്ഡ്
Monday, July 25, 2016 11:09 AM IST
ആന്റിഗ്വ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായശേഷം ആദ്യ വിദേശപര്യടനത്തിൽ അനിൽ കുംബ്ലെയ്ക്കു ജയത്തോടെ തുടക്കം, നായകൻ വിരാട് കോഹ്ലി ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു വെളിയിൽ നേടുന്ന ആദ്യ ജയം. വെസ്റ്റ് ഇൻഡീസിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ജയം എന്നിങ്ങനെ പല വിശേഷങ്ങളുമുണ്ട് ഇന്ത്യ– വിൻഡീസ് ആദ്യടെസ്റ്റിന്. വിരാട് കോഹ്ലി – അനിൽ കുംബ്ലെ സഖ്യം ക്ലിക്കായിക്കഴിഞ്ഞു. ഇന്ത്യ ഉയർത്തിയ 566 റൺസ് പിന്തുടർന്ന് ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ വെസ്റ്റ് ഇൻഡീസ് 243 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഫോളോ ഓണിനു നിർബന്ധിതരാകേണ്ടിയും വന്നു.

ഫോളോ ഓണിലും വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ നാലാം ദിനം 231 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യയുടെ ജയം ഇന്നിംഗ്സിനും 92 റൺസിനും. ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യക്കു പുറത്തുനേടുന്ന ഏറ്റവും വലിയ ജയവുമായിരുന്നു ഇത്.

ആദ്യം ബാറ്റുകൊണ്ടും പിന്നെ വെസ്റ്റ് ഇൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ പന്തുകൊണ്ടും വിസ്മയം തീർത്ത രവിചന്ദ്രൻ അശ്വിനാണ് ജയം ഒരു ദിവസം മുമ്പേയാക്കിയത്. ഏഴ് വിൻഡീസ് ബാറ്റ്സ്മാന്മാരെ അശ്വിൻ വീഴ്ത്തി. അശ്വിനാണ് മാൻ ഓഫ് ദ മാച്ച്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യക്കു ജയിക്കാൻ എട്ട് വിക്കറ്റ് വേണ്ടിയിരുന്നു. ബ്രേക്കിനു തിരിച്ചെത്തിയ വെസ്റ്റ് ഇൻഡീസിനെ അശ്വിന്റെ പന്തുകൾ കബളിപ്പിച്ചു. വലിയ പ്രതിരോധം ഒന്നും കൂടാതെ വിൻഡീസ് ബാസ്റ്റ്മാന്മാർ എല്ലാവരും 78 ഓവറിൽ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു. ഉച്ചഭക്ഷണശേഷം ചന്ദ്രിക (31), സാമുവൽസ് (50) എന്നിവരുടെ വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി.

ലഞ്ച് കഴിഞ്ഞ് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് ആദ്യം ചന്ദ്രിക (31) യുടെ വിക്കറ്റ് നഷ്‌ടമായി. അശ്വിന്റെ പന്തിൽ സാഹ പന്തു പിടിച്ചു പുറത്താക്കി. വൈകാതെ പൂജ്യനായി ജെർമിയൻ ബ്ലാക്വുഡും മടങ്ങി. ഈ വിക്കറ്റും അശ്വിനായിരുന്നു. 50 റൺസ് നേടിയ സാമുവൽസിന്റെ (50) കുറ്റി തെറിപ്പിച്ച് അശ്വിൻ വീണ്ടും ആഞ്ഞടിച്ചു. മൂന്നോവറിനുശേഷം അശ്വിൻ അടുത്ത ഇരയെയും സ്വന്തമാക്കി. റോസ്റ്റൺ ചേസ് (8) കെ.എൽ. രാഹുലിന്റെ കൈകളിലെത്തി. നായകൻ ജേസൺ ഹോൾഡർ അശ്വിന്റെ പന്ത് ബൗണ്ടറിക്കു മുകളിലൂടെ പറത്തി ഒന്നു പേടിപ്പിക്കാൻ നോക്കി. ഷെയ്ൻ ഡൗറിച്ചി (9)നെ ക്ലീൻബൗൾഡാക്കിക്കൊണ്ട് അമിത് മിശ്ര ഇന്ത്യയെ ജയത്തോടടുപ്പിച്ചു. അപ്പോൾ വിൻഡീസ് സ്കോർ ഏഴിന് 120 റൺസ് എന്ന നിലയിലായിരുന്നു. അധികം താമസിക്കാതെ ഹോൾഡറെ (16) അശ്വിൻ ക്ലീൻബൗൾഡാക്കി. ഇതിനുശേഷം കാർലോസ് ബ്രാത്വെയ്റ്റും ദേവേന്ദ്ര ബിഷുവും ചേർന്ന് ഇന്ത്യയുടെ വിജയം വൈകിച്ചുകൊണ്ട് ബാറ്റ് വീശി. എട്ടിന് 132 റൺസിൽ ഒരുമിച്ച ഇരുവരും ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച് ബാറ്റ് ചെയപ്പോൾ വിൻഡീസ് വൻ നാണക്കേട് ഒഴിവാക്കി. 24.1 ഓവറോളമാണ് ഇരുവരും ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ക്രീസിൽ നിന്നത്. ഈ എട്ടാം വിക്കറ്റ് സഖ്യം 95 റൺസാണ് കൂട്ടിച്ചേർത്ത്. മത്സരത്തിലെ തന്നെ വിൻഡീസിന്റെ ഉയർന്ന കൂട്ടുകെട്ടായിരുന്നു ഇത്. ബിഷുവിനെ (45) ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് അശ്വിൻ സഖ്യം തകർത്തു. ആ ഓവറിന്റെ അവസാന പന്തിൽ ഷനോൻ ഗബ്രിയേലിന്റെ (4) ഓഫ് സ്റ്റംപ് തെറിപ്പിച്ച് അശ്വിൻ ഇന്ത്യക്കു ജയമൊരുക്കി. സിംബാബ്വേയിൽ 2005–06 സീസണിൽ നേടിയ ഇന്നിംഗ്സിന്റെയും 90 റൺസിന്റെയും ജയമായിരുന്നു ഇതിനു മുമ്പുള്ള വലിയ ജയം. 51 റൺസ് നേടിയ ബ്രാത്വെയ്റ്റ് പുറത്താകാതെ നിന്നു. ഏഴു വിക്കറ്റ് സ്വന്തമാക്കിയ അശ്വിനു പുറമെ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


<ആ>സ്കോർബോർഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് –എട്ടിന് 566

വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സ് – 243

വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിംഗ്സ്

(ഫോളോ ഓൺ)

ബ്രാത് വെയ്റ്റ് എൽബിഡബ്ല്യു ശർമ 2, ചന്ദ്രിക സി സാഹ ബി അശ്വിൻ 31, ബ്രാവോ സി രഹാനെ ബി യാദവ് 10, സാമുവൽസ് ബി അശ്വിൻ 50, ബ്ലാക്വുഡ് സി കോഹ്ലി ബി അശ്വിൻ 0, ചേസ് സി സബ് (കെ.എൽ. രാഹുൽ) ബി അശ്വിൻ 8, ഡൗറിച്ച് എൽബിഡബ്ല്യു ബി മിശ്ര 9, ഹോൾഡർ ബി അശ്വിൻ 16, കാർലോസ് ബ്രാത്വെയ്റ്റ് നോട്ടൗട്ട് 51, ബിഷു സി പുജാര ബി അശ്വിൻ 45, ഗബ്രിയേൽ 4, എക്സ്ട്രാസ് 5, ആകെ 78 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്ത്.

ബൗളിംഗ്

ശർമ 11–2–27–1, ഷാമി 10–3–26–0, യാദവ് 13–4–34–1, അശ്വിൻ 25–8–83–7, മിശ്ര 19–3–61–1

<ആ>കണക്കിലെ കളി

<ആ>2

2011 ജമൈക്ക ടെസ്റ്റ് മുതൽ കഴിഞ്ഞ 24 ടെസ്റ്റിൽ ഏഷ്യക്കു പുറത്ത് ഇന്ത്യ നേടുന്ന രണ്ടാം ജയം. ഇതിനിടെ 2014 ലോർഡ്സിൽ നേടിയ ജയവും ഉൾപ്പെടുന്നു.

7/83 വെസ്റ്റ് ഇൻഡീസിൽ ഇന്ത്യൻ ബൗളറുടെ(അശ്വിൻ) മികച്ച പ്രകടനം.

<ആ>3

ഒരു ടെസ്റ്റിൽ സെഞ്ചുറിയും ഏഴു വിക്കറ്റും നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് അശ്വിൻ. രണ്ടു തവണ ഒരു ടെസ്റ്റിൽ സെഞ്ചുറിയും അഞ്ചിലധികം വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യക്കാരനും അശ്വിനാണ്. ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം രണ്ടു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

<ആ>2

ഒരു വിദേശ ടെസ്റ്റിൽ ഒരു ഇരട്ട സെഞ്ചുറിയും ഏഴുവിക്കറ്റും ഇന്ത്യ നേടുന്നത് രണ്ടാം തവണ. ഇതിനു മുമ്പ് 2004 സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരേ സച്ചിൻ തെണ്ടുൽക്കർ പുറത്താകാതെ 241 റൺസ് നേടിയപ്പോൾ അനിൽകുംബ്ലെ 141 റൺസ് വഴങ്ങി 8 വിക്കറ്റ് സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.