മെസിക്കായി റീ മാച്ച്
മെസിക്കായി റീ മാച്ച്
Saturday, June 25, 2016 12:22 PM IST
കോപ്പ അമേരിക്ക ശതാബ്ദി പതിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ചിലി– അർജന്റീന മത്സരം നാളെ പുലർച്ചെ 5.30ന്

ന്യൂയോർക്ക്: ലോകകപ്പ്, കോപ്പ ഇപ്പോഴിതാ കോപ്പ അമേരിക്ക ശതാബ്ദി കപ്പ്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം ഒരു പ്രധാന ചാമ്പ്യൻഷിപ്പിന്റെ കിരീടപ്പോരാട്ടത്തിൽ ഇതു മൂന്നാം തവണ. ലയണൽ മെസിക്ക് ഇവിടെ ജയിച്ചേ മതിയാകൂ. ലോകകപ്പിൽ ജർമനിക്കെതിരേയും കോപ്പ അമേരിക്കയിൽ ചിലിക്കെതിരേയും കലാശപ്പോരാട്ടത്തിൽ ദയനീയമായി കീഴടങ്ങിയ ലോക ഒന്നാം നമ്പർ ടീം അർജന്റീന, കോപ്പ അമേരിക്ക ശതാബ്ദി പതിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ചിലിയുമായി കൊമ്പുകോർക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രം. ലയണൽ മെസിക്കായി ഒരു കിരീടം.

അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റിക്കാർഡ് സാക്ഷാൽ ബാറ്റിസ്റ്റ്യൂട്ടയിൽനിന്നു സ്വന്തമാക്കിയ മെസി അപാര ഫോമിൽ കളിക്കുമ്പോൾ കിരീടമെന്നത് അവർക്ക് വളരെ എളുപ്പമാണെന്നാണ് വിമർശകർപോലും കരുതുന്നത്. പെലെ, മാറഡോണ എന്നിവരുടെ അതേ ബ്രാക്കറ്റിൽ മെസിയെയും കാണുന്നവർ നിരവധിയാണ്. എന്നാൽ, ദേശീയ ടീമിനു വേണ്ടി 112 മത്സരം കളിച്ചിട്ടും ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന നാണക്കേട് എല്ലാക്കാലത്തും അദ്ദേഹത്തെ ഇവർക്കു പിന്നിലാക്കുന്നു. ബ്രസീൽ ലോകകപ്പിൽ സബേല്ലയുടെ കീഴിൽ മെസി ഫോമിലായിരുന്നുവെങ്കിലും മനസറിഞ്ഞ്, സ്വതസിദ്ധ ശൈലിയിൽ കളിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. ലോകകപ്പിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പല കളികളിലും അദ്ദേഹം നിരാശപ്പെടുത്തി. പലപ്പോഴും തന്റെ പൊസിഷനിംഗിൽ മെസി അസംതൃപ്തനുമായിരുന്നു.

എന്നാൽ, ചിലിയിൽ നടന്ന കോപ്പ അമേരിക്കയിലെത്തുമ്പോൾ മെസിയുടെ താത്പര്യപ്രകാരം ജറാർഡോ മാർട്ടിനോ എന്ന പരിശീലകൻ ടീമിന്റെ ചുമതലയേറ്റെടുത്തു. ഇതോടെ മെസി സ്വതന്ത്രനായി. മെസിക്കിണങ്ങുന്ന പൊസിഷനിൽ മാർട്ടിനോ അദ്ദേഹത്തെ സ്വതന്ത്രമായി വിട്ടു. ഇതോടെ അർജന്റീന വർധിതവീര്യം കൈവരിക്കുകയായിരുന്നു. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന പരാജയപ്പെട്ടെങ്കിലും മെസി, ശരിക്കും മെസിയായിത്തന്നെ കളിച്ചു. ശതാബ്ദി പതിപ്പിലെത്തുമ്പോഴും മെസി അപാര ഫോമിൽതന്നെ. ബാഴ്സലോണയിൽ നിർത്തിയിടത്തുനിന്ന് തുടങ്ങാൻ ഇവിടെ മെസിക്കായി. ആദ്യ മത്സരത്തിൽ പരിക്കുമൂലം ഇറങ്ങാതിരുന്ന മെസി രണ്ടാം മത്സരത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ഹാട്രിക് നേട്ടവുമായി കളം നിറഞ്ഞു. ഒടുവിൽ ക്വാർട്ടറിലും സെമിയിലും മെസിയുടെ ഫുട്ബോളിലെ അനുപമ ചാരുത ലോകം കണ്ടു. ഫൈനലിലെ കിക്കോഫിനു വിസിലൂതുമ്പോൾ മെസിയുടെ ബൂട്ടിൽനിന്ന് കിരീടധ്വനി മുഴങ്ങുമോ? കാത്തിരുന്നു കാണണം.


<ആ>ചിലിയെ എഴുതി തള്ളേണ്ട

ലോകത്തെ ഏതു ടീമിനെയും ഭയപ്പെടുത്തുന്ന മുന്നേറ്റനിരയുള്ള ചിലിയെ എഴുതിത്തള്ളേണ്ടെന്ന് അവർ പലവട്ടം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കോപ്പയിലെ കിരീടനേട്ടം അവർക്ക് ആത്മവിശ്വാസം പകരുന്നുമുണ്ട്. കൂടാതെ ആദ്യമത്സരത്തിൽ അർജന്റീനയോടു പരാജയപ്പെട്ടെങ്കിലും അതിനു ശേഷമുള്ള ഓരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ഒരു ടീമിനെയാണ് കാണാനായത്. ക്വാർട്ടറിൽ സർവപ്രതാപത്തോടെ കളിച്ച ചിലി കരുത്തരായ മെക്സിക്കോയെ പരാജയപ്പെടുത്തിയത് ഏകപക്ഷീയമായ ഏഴു ഗോളിനാണ്. കരുത്തരായ കൊളംബിയയെ 2–0നു പരാജയപ്പെടുത്താനും അവർക്കായി. ഫൈനൽവരെയുള്ള വഴിയിൽ കരുത്തരായ എതിരാളികളെ കിട്ടിയത് ചിലിക്കായിരുന്നു. അതുകൊണ്ടുതന്നെ അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസമേറുമെന്നുറപ്പ്.


കൊളംബിയയെ നേരിടുമ്പോൾ ചിലിയെ അലട്ടിയ വലിയ പ്രശ്നം അവരുടെ മധ്യനിരയിലെ കുന്തമുന അർതുറോ വിദാലിന് കളിക്കാനായില്ല എന്നതായിരുന്നു. എന്നാൽ, ആ പ്രശ്നം മറികടന്ന് കൊളംബിയയ്ക്കെതിരേ ചിലിക്കു വിജയിക്കാനായി. അർജന്റീനയ്ക്കെതിരേ ഈ ബയേൺ താരം തിരിച്ചെത്തുമ്പോൾ മധ്യനിര കൂടുതൽ ശക്‌തമാകുന്നത് ചിലിയുടെ ആത്മവിശ്വാസം ഉയർത്തും. വർഗാസും അലക്സിസ് സാഞ്ചസും ചാൾസ് അരാംഗിസും ഫ്രാൻസിസ്കോ സിൽവയും ഉൾപ്പെടുന്ന ചിലിയൻ മുന്നേറ്റനിര ശക്‌തമാണ്. അതേസമയം, പാബ്ലോ ഹെർണാണ്ടസ് കളിച്ചേക്കില്ല.

യുവാൻ അന്റോണിയോ പിസി എന്ന പരിശീലകന്റെ തന്ത്രങ്ങളും ചിലിയുടെ മുന്നേറ്റങ്ങൾക്ക് കരുത്തേകും. കഴിഞ്ഞ നാലു മത്സരങ്ങളിൽനിന്ന് 15 ഗോളുകളാണ് ചിലി എതിർവലയിൽ അടിച്ചുകൂട്ടിയത്. അതുതന്നെ വലിയ ആത്മവിശ്വാസമാണ് ചിലിക്കു നൽകുന്നത്. എഡ്വാർഡോ വർഗാസ് ആറു ഗോളുമായി സുവർണപാദുകത്തിന് അവകാശവാദവുമായി ഒന്നാം സ്‌ഥാനത്താണ്. അലക്സിസ് സാഞ്ചസ് മൂന്നും അർതുറോ വിദാൽ രണ്ടും എഡ്സൺ പച്ച് രണ്ടും ഗോളുകൾ നേടിക്കഴിഞ്ഞു. പ്രതിരോധനിരയാണ് ചിലിയുടെ ദൗർബല്യം. എന്നാൽ, ക്ലൗഡിയോ ബ്രാവോ എന്ന ഗോൾ കീപ്പർ ചിലിയുടെ പ്രധാനകരുത്താണ്.

അർജന്റൈൻ നിരയിലേക്കുവന്നാൽ, ഗൊൺസാലോ ഹിഗ്വെയ്ൻ, സെർജി അഗ്വേറോ തുടങ്ങിയവർ മുന്നേറ്റനിരയിൽ കരുത്തു തെളിയിച്ചു കഴിഞ്ഞു. ആകെയുള്ള പ്രശ്നം പരിക്കിൽനിന്നു പൂർണമായും മോചിതനാകാത്ത എയ്ഞ്ചൽ ഡി മരിയ കളിക്കുമോ എന്നതാണ്. പാനമയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ഡി മരിയ അമേരിക്കയ്ക്കെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. മധ്യനിര താരം അഗസ്തോ ഫെർണാണ്ടസും കളിക്കില്ലെന്നു റിപ്പോർട്ടുണ്ട്. ഇസക്വിയേൽ ലവേസിയും പരിക്കിനേത്തുടർന്ന് കളിക്കില്ല. പ്രതിരോധ താരം മാർക്കോസ് റോഹോ, മധ്യനിര താരം ഹാവിയർ പാസ്റ്റോർ, ലൂക്കാ് ബിഗ്ലിയ, നിക്കോളാസി ഗെയ്റ്റാൻ എന്നിവർ അന്തിമ ഇലവനിൽ കടന്നു കൂടാം

ഇരുടീമും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ നാലിലും ജയം അർജന്റീനയ്ക്കൊപ്പം നിന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ചിലി ജയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.