തലയെടുപ്പോടെ കോഹ്ലി
തലയെടുപ്പോടെ കോഹ്ലി
Monday, May 30, 2016 12:14 PM IST
ബംഗളൂരു: തലയുയർത്തിയാണ് ഐപിഎൽ 2016 സീസണിൽനിന്നു കോഹ്്ലി മടങ്ങുന്നത്. 16 മത്സരങ്ങളിൽനിന്നു 973 റൺസ്. അതും 81 ശരാശരിയിലും 152.03 സ്ട്രൈക്ക് റേറ്റിലും. നാലു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറിയും കോഹ്്ലിയുടെ നേട്ടത്തിന് തൊങ്ങൽ ചാർത്തി. 17 ഇന്നിംഗ്സുകളിൽനിന്നു 848 റൺസെടുത്ത ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് റൺവേട്ടയിൽ കോഹ്്ലിക്ക് പിന്നിൽ. 60.5 റൺസാണ് വാർണറുടെ ശരാശരി.

ഏറെക്കുറെ ഒറ്റയ്ക്കാണ് കോഹ്്ലി ബാംഗളൂരിനെ ഫൈനലിലെത്തിച്ചത്. ഫൈനലിൽ ഉൾപ്പെടെ 4100 റൺസ് നേടിയ കോഹ്്ലി ഐപിഎലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി. ഒൻപത് സീസണുകളിലായി 139 മത്സരങ്ങളിൽനിന്നാണ് കോഹ്ലിയുടെ നേട്ടം. സുരേഷ് റെയ്നയെ മറികടന്നാണ് കോഹ്ലി ഈ നേട്ടം കരസ്‌ഥമാക്കിയത്.


ഒരു ട്വന്റി–20 ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന നേട്ടം കോഹ്ലി സ്വന്തം പേരിലാക്കി. 2012 ഐപിഎലിൽ ക്രിസ് ഗെയിൽ നേടിയ 733 റൺസ് ആയിരുന്നു ഇതുവരെയുള്ള ടോപ് സ്കോർ. ഒരു ട്വന്റി–20 ടൂർണമെന്റിൽ നാലു സെഞ്ചുറികൾ നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന നേട്ടവും കോഹ്്ലി സ്വന്തം പേരിൽ എഴുതി ചേർത്തു. ട്വന്റി–20യിൽ ഈ വർഷം കോഹ്ലി നേടിയ 17 അർധസെഞ്ചുറികളും റിക്കാർഡാണ്. ട്വന്റി 20 ഫോർമാറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.

ഗുജറാത്ത് ലയൺസിനെതിരായ ലീഗ് മൽസരത്തിൽ കോഹ്ലിയും ഡിവില്യേഴ്സും ചേർന്നു നേടിയ 229 റൺസ് ട്വന്റി–20 ഫോർമാറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.