ഗ്രാമീണ ടൂറിസം പാക്കേജുകൾ രണ്ടുവർഷത്തിനിടെ രണ്ടായിരമായി
ഗ്രാമീണ ടൂറിസം പാക്കേജുകൾ രണ്ടുവർഷത്തിനിടെ രണ്ടായിരമായി
Wednesday, September 28, 2016 11:30 AM IST
കൊച്ചി: ഉത്തരവാദിത്ത ടൂറിസം പ്രമേയമായി സ്വീകരിച്ചതോടെ ഗ്രാ മീണ ടൂറിസം പാക്കേജുകൾ 2000 ആയി വർധിച്ചതായി കേരള ട്രാവൽ മാർട്ട് (കെടിഎം) റെസ്പോൺസിബിൾ ടൂറിസം സംസ്‌ഥാന കോഓർഡിനേറ്റർ കെ. രൂപേഷ്കുമാർ. കഴിഞ്ഞ ലക്കം കെടിഎമ്മിലാണ് ഉത്തരവാദിത്ത ടൂറിസം പ്രമേയമായി കൈക്കൊണ്ടത്. അതുവരെ നൂറിൽ താഴെമാത്രം ഗ്രാമീണ പാക്കേജാണുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണു രണ്ടായിരമായി പാക്കേജുകൾ വർധിച്ചതെ ന്നും രൂപേഷ്കുമാർ പറഞ്ഞു.

ഒരു പ്രദേശത്തിന്റെ സാമൂഹികവും പാരിസ്‌ഥിതികവുമായ തല ങ്ങൾക്ക് ഊന്നൽ നൽകി പ്രദേശ വാസികളെ പൂർണമായി പങ്കാളികളാക്കി നടത്തുന്ന ടൂറിസം പ്രവർത്തനങ്ങളാണ് ഉത്തരവാദിത്ത ടൂറിസ മായി വിലയിരുത്തപ്പെടുന്നത്.

കേരള ട്രാവൽമാർട്ട് നടക്കുന്ന കൊച്ചി സാഗര കൺവൻഷൻ സെന്ററിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നതു ഉത്തരവാദിത്ത ടൂറിസം പ്രമേയങ്ങളുടെ നേർക്കാഴ്ചകളാണ്. കൂറ്റൻ പത്തേമാരി, മൺപാത്ര നിർമാണം, വട്ടി, പനമ്പ് നെയ്ത്ത്, കയറുപിരി തുടങ്ങി വയനാടൻ അമ്പുംവില്ലുമെല്ലാം വിദേശപ്രതിനിധികളെയും മറ്റും ആകർഷിക്കുന്നു.


കുലത്തൊഴിൽ അന്യംനിന്നു പോകുന്നതോടൊപ്പം ജീവിതമാർഗം കൂടി മുട്ടിയപ്പോഴാണു വയനാട് അമ്പലവയൽ കൊച്ചംകോട് ഗോവിന്ദന് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ഭാവി തളിർത്തത്. അമ്പുംവില്ലും ഉണ്ടാക്കുന്നതിലെ വിദഗ്ധനാണു ഗോവിന്ദൻ. ഇന്നു വിദേശരാജ്യങ്ങളിൽ പോലും ഗോവിന്ദൻ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രതീകമാണ്. കേരളത്തിലെ ടൂറിസം വ്യവസായത്തിൽനിന്നു തങ്ങൾക്കു ലഭിച്ച സഹായം വളരെ വലുതായിരുന്നുവെന്നു ഗോവിന്ദൻ പറയുന്നു.

മൺപാത്ര നിർമാണം നടത്തുന്ന മാനന്തവാടി സ്വദേശി ചാമിക്കും പറയാനുള്ളതു സമാനമായ അനുഭവസാക്ഷ്യങ്ങളാണ്. 30 വരെ നീണ്ടുനിൽക്കുന്ന ട്രാവൽമാർട്ടിൽ അവസാനദിനത്തിൽ പൊതുജനങ്ങൾക്കു കാണാൻ അവസരമുണ്ട്. കേരളത്തിലെ വിനോദസഞ്ചാര വ്യവസായത്തെ സംബന്ധിച്ച് ഉത്തരവാദിത്ത ടൂറിസം തുറുപ്പു ചീട്ടാണെന്നു കെടിഎം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.