കാസ്പിയൻ ടെക്പാർക്സും നന്മയും ധാരണാപത്രം ഒപ്പുവച്ചു
കാസ്പിയൻ ടെക്പാർക്സും നന്മയും ധാരണാപത്രം ഒപ്പുവച്ചു
Saturday, September 24, 2016 10:56 AM IST
കൊച്ചി: ഇൻഫോപാർക്ക് പ്രധാന കവാടത്തോടു ചേർന്നു പ്രത്യേക സാമ്പത്തിക മേഖലയിൽ ഉൾപ്പെടാതെ 2.62 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 5.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള മന്ദിരം വികസിപ്പിക്കുന്നതിനായി ഈസ്റ്റേൺ ഗ്രൂപ്പ് കമ്പനിക്കു കീഴിലുള്ള നന്മയുമായി കൊച്ചി ആസ്‌ഥാനമായുള്ള കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു.

2017 ഡിസംബറോടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 3500 തൊഴിലുകൾ സൃഷ്‌ടിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കാസ്പിയൻ ടെക്പാർക്സ് ഇന്ത്യ എംഡി തോമസ് ചാക്കോ മുക്കാടൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ തങ്ങളുടെ നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുദ്ദേശിക്കുന്ന ഐടി, ഐടി ഇതര കമ്പനികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനുതകുന്നതാണു 12 നിലയുള്ള മന്ദിരം. ഇൻഫോ പാർക്കിൽ ജോലിചെയ്യുന്നവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനാകുംവിധത്തിൽ വാണിജ്യാവശ്യങ്ങൾക്കായിട്ടായിരിക്കും ആദ്യ രണ്ടു നിലകൾ ഉപയോഗിക്കുക.


വിശാലമായ ജീവിതസാഹചര്യങ്ങൾക്കു പുറമെ ആംഫിതിയറ്റർ, കഫേകൾ, വിനോദസൗകര്യങ്ങൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയവയും ഇവിടെയുണ്ടാകുമെന്നു തോമസ് ചാക്കോ പറഞ്ഞു. കാസ്പിയൻ ടെക്പാർക്സ് ഇന്ത്യയുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്നു നന്മ മാനേജിംഗ് ഡയറക്ടർ അഷീൻ പാണക്കാട് പറഞ്ഞു. ചടങ്ങിൽ ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.