ധോണിയും പെപ്സികോയും വേർപിരിയുന്നു
ധോണിയും പെപ്സികോയും വേർപിരിയുന്നു
Monday, August 29, 2016 10:28 AM IST
ന്യൂഡൽഹി: പതിനൊന്നു വർഷത്തെ ഇന്നിംഗ്സിനു വിരാമം; ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും വാണിജ്യ ഭീമൻ പെപ്സികോയും വേർപിരിയുന്നു. ധോണി എന്ന ഇതിഹാസതാരത്തിന്റെ പ്രഭ കുറഞ്ഞതാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പെപ്സികോയെ പ്രേരിപ്പിച്ചതെന്നാണു സൂചന.

രാജ്യത്തെ വിജയിയായ ക്യാപ്റ്റന്മാരിലൊരാളായ ധോണിയായിരുന്നു പെപ്സി കോളയുടെയും ലെയ്സിന്റെയും പരസ്യത്തിലുണ്ടായിരുന്നത്. 2005 മുതലുള്ള കൂട്ടുകെട്ടിൽ ശ്രദ്ധേയമായ നിരവധി പരസ്യങ്ങളും ഇറങ്ങി.

ഇപ്പോൾ ക്രിക്കറ്റിൽനിന്ന് വിരാട് കോഹ്ലിയും ബോളിവുഡിൽനിന്ന് രൺബീർ കബൂറും പരിണീതി ചോപ്രയുമാണ് പെപ്സികോയുമായി കരാറുള്ള താരങ്ങൾ.

ഫോബ്സ് മാഗസിന്റെ 2016ലെ ലിസ്റ്റിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി ധോണിയെ തെരഞ്ഞെടുത്തിരുന്നു. 2.7 കോടി ഡോളറാണ് ധോണിയുടെ മൊത്തം പരസ്യവരുമാനം.


വിരാട് കോഹ്ലിയുടെ താരപ്രഭ ധോണിയെ കടത്തിവെട്ടിയ സൂചനകൾ മാർക്കറ്റിംഗ് മേഖല നല്കുന്നുണ്ട്. രണ്ടു കോടി രൂപയാണ് പരസ്യത്തിനായി ഒരു ദിവസം കോഹ്ലി വാങ്ങുന്നത്, അതേസമയം ധോണിക്ക് 1.5 കോടി രൂപയും.

പെപ്സി, റീബോക്ക്, ബൂസ്റ്റ്, ഡാബർ, സോണി, ടിവിഎസ് മോട്ടോഴ്സ്, വീഡിയോകോൺ, ഓറിയെന്റ് ഫാൻസ്, ബിഗ് ബസാർ തുടങ്ങിയ 18 ബ്രാൻഡുകളുകളുമായാണ് 2014 വരെ ധോണിക്ക് കരാറുണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത് 10 ബ്രാൻഡുകളായി ചുരുങ്ങി. പെപ്സിക്കു മുമ്പ് സോണി ടിവിയും ഡാബറും ധോണിയെ ഉപേക്ഷിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.