വി ഗാർഡിന് 109 ശതമാനം ലാഭവർധന
വി ഗാർഡിന് 109 ശതമാനം ലാഭവർധന
Wednesday, May 4, 2016 11:43 AM IST
കൊച്ചി: കൺസ്യൂമർ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിൽ 42 കോടി രൂപ ലാഭം നേടിയതായി കമ്പനി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പത്രക്കുറിപ്പിൽ അറിയിച്ചു. കമ്പനിയുടെ നികുതിക്കുശേഷമുള്ള ഈ ലാഭം മുൻകൊല്ലം ഇതേ കാലയളവിലേതിനെക്കാൾ (20 കോടി രൂപ) 109 ശതമാനം കൂടുതലാണ്. 2015–16 സാമ്പത്തിക വർഷത്തെ നികുതിക്കുശേഷമുള്ള ആകെ ലാഭം 112 കോടി രൂപയാണ്. മുൻ കൊല്ലത്തെ അപേക്ഷിച്ച് 58 ശതമാനം വർധന. ജനുവരി–മാർച്ച് പാദത്തിൽ കമ്പനി 513 കോടി രൂപ പ്രവർത്തന വരുമാനം നേടി. വർധന 16 ശതമാനം. സാമ്പത്തിക വർഷത്തെ മൊത്തം പ്രവർത്തന വരുമാനം 1,862 കോടി രൂപയാണ്. നികുതിക്കു മുമ്പുള്ള ലാഭം ജനുവരി–മാർച്ച് പാദത്തിൽ 66 കോടി രൂപയും സാമ്പത്തിക വർഷത്തിൽ ആകെ 185 കോടി രൂപയും ആണ്.

ഓഹരിയൊന്നിന് 2.50 രൂപ ലാഭ വിഹിതം നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചു. ഇതോടെ 2015–16ലെ ആകെ ലാഭ വിഹിതം ഏഴു രൂപയായി. സ്റ്റെബിലൈസർ, ഫാൻ, പമ്പ് എന്നിവ മികച്ച വിൽപ്പന നേടി. കമോഡിറ്റി വിലകൾ താഴ്ന്ന നിലയിൽ തുടരുന്നതടക്കമുള്ള അനുകൂല സാഹചര്യങ്ങളും വിൽപ്പന കൂടിയതും ലാഭം കൂടാൻ സഹായകമായി. ദക്ഷിണേന്ത്യയ്ക്കു പുറത്തുള്ള ബിസിനസ് മികച്ച പുരോഗതി നേടി. ചെലവു കുറയ്ക്കാൻ കമ്പനി സ്വീകരിച്ച വിവിധ മാർഗങ്ങളും ലാഭവർധനയ്ക്ക് സഹായിച്ചു. 2016–17 സാമ്പത്തികവർഷം ആദ്യ പാദത്തിലും മികച്ച ബിസിനസ് വളർച്ചയാണു പ്രതീക്ഷിക്കുന്നതെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തമിഴ്നാട്ടിൽ മിക്സർ ഗ്രൈൻഡറും കേരളത്തിൽ പുതിയ ശ്രേണി ഗ്യാസ് സ്റ്റൗവും ഈ പാദത്തിൽ വിപണിയിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.