ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കൻ ഗഗനചാരി ഗ്ളെൻ അന്തരിച്ചു
ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കൻ ഗഗനചാരി ഗ്ളെൻ അന്തരിച്ചു
Friday, December 9, 2016 2:35 PM IST
വാഷിംഗ്ടൺ: ഭൂമിയെ വലംവച്ച ആദ്യ അമേരിക്കൻ ബഹിരാകാശസഞ്ചാരിയും മുൻ ഒഹായോ സെനറ്ററുമായ ജോൺ ഗ്ലെൻ (95) അന്തരിച്ചു. കൊളംബസിലെ ജെയിംസ് കാൻസർ ആശുപത്രിയിലായിരുന്നു ലോകത്തെ ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രികന്റെ അന്ത്യം. 1921ൽ ജനിച്ച ജോൺ ഗ്ലെൻ നാസയിൽ എത്തുന്നതിനു മുമ്പ് യുദ്ധവിമാനത്തിന്റെ പൈലറ്റായി രണ്ടാം ലോകമഹായുദ്ധത്തിലും കൊറിയൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്.

1962 ഫെബ്രുവരി 20ന് ഫ്രണ്ട്ഷിപ്പ് 7 എന്ന ബഹിരാകാശ വാഹനത്തിലാണ് ജോൺ ഗ്ലെൻ ഭൂമിയെ മൂന്നുതവണ വലം വച്ചത്. അന്നത്തെ പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ പ്രിയപ്പെട്ടവനായി മാറിയ ജോൺ ഗ്ലെൻ രാഷ്ട്രീയത്തിലും സജീവമായി. 24 വർഷം ഒഹായോയെ സെനറ്റിൽ പ്രതിനിധീകരിച്ചു. 1957ൽസ്പുട്നിക് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് സോവ്യറ്റ് യൂണിയനാണ് ബഹിരാകാശപര്യവേഷണത്തിനു തുടക്കംകുറിച്ചത്.

റഷ്യയുടെ യൂറി ഗഗാറിനാണ് ലോകത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി. സോവ്യറ്റ് യൂണിയന്റെ കുത്തക തകർത്തുകൊണ്ട് ഭൂമിയെ വലംവച്ച് ബഹിരാകാശ പര്യവേഷണം നടത്തിയതിനെത്തുടർന്നു ഗ്ലെൻ അമേരിക്കയിൽ വീരനായകനായി.


ആദ്യമായി ഭൂമിയെ ചുറ്റിയതിനുശേഷം 36 വർഷങ്ങൾക്കുശേഷം ജോൺ ഗ്ലെൻ 1998 ഒക്ടോബർ 29ന് ഒരിക്കൽക്കൂടി ബഹിരാകാശത്തേക്ക് പറന്നു. 77–ാം വയസിൽ ഡിസ്കവറി ഷട്ടിലിൽ നടത്തിയ യാത്ര ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ ആൾ എന്ന ബഹുമതിയും അദ്ദേഹത്തിനു നൽകി.

2012ൽ യുഎസിലെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ജോൺ ഗ്ലെന്നിന്റെ നിര്യാണത്തിൽ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവർ അനുശോചിച്ചു. അന്നയാണ് ജോൺ ഗ്ളെന്നിന്റെ ഭാര്യ. കരോളിൻ, ജോൺ ഡേവിഡ് എന്നിവർ മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.