സെപ്റ്റംബർ 11 ബിൽ ഒബാമ വീറ്റോ ചെയ്തു
സെപ്റ്റംബർ 11 ബിൽ ഒബാമ വീറ്റോ ചെയ്തു
Saturday, September 24, 2016 11:36 AM IST
വാഷിംഗ്ടൺ ഡിസി: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കൾക്ക് സൗദി അറേബ്യക്ക് എതിരേ കേസ് ഫയൽ ചെയ്യാൻ അനുമതി നൽകുന്ന ബിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വീറ്റോ ചെയ്തു.

സെപ്റ്റംബർ 11 ആക്രമണവുമായി ബന്ധപ്പെട്ട 19 വിമാനറാഞ്ചികളിൽ 15 പേരും സൗദി അറേബ്യക്കാരായിരുന്നു.എന്നാൽ ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്നു സൗദി വ്യക്‌തമാക്കിയിട്ടുണ്ട്.

ഡെമോക്രാറ്റ് സെനറ്റർ ചക് ഷുമർ തയാറാക്കിയ ബിൽ സെനറ്റും ജനപ്രതിനിധിസഭയും അംഗീകരിച്ചശേഷമാണ് ഒബാമയ്ക്കു മുന്നിലെത്തിയത്. ഒബാമ വീറ്റോ ചെയ്തെങ്കിലും യുഎസ് കോൺഗ്രസിന് വീറ്റോ റദ്ദാക്കാൻ സാധിക്കും. സെനറ്റിലും പ്രതിനിധിസഭയിലും മൂന്നിൽരണ്ടു ഭൂരിപക്ഷം പേർ വീറ്റോയ്ക്ക് എതിരേ വോട്ടു ചെയ്താൽ മതി. രണ്ടിടത്തും റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ ഇതിനുള്ള സാധ്യത ഏറെയാണ്. വീറ്റോയെ മറികടക്കാൻ സാധിക്കുമെന്നു തന്നെയാണു താൻ കരുതുന്നതെന്നു പ്രതിധിനി സഭാ സ്പീക്കർ പോൾ റയൻ വ്യക്‌തമാക്കി. അങ്ങനെ സംഭവിച്ചാൽ ഒബാമ ഭരണകൂടത്തിന് വൻതിരിച്ചടിയാവും.

നിയമനടപടികളിൽനിന്നുള്ള പരിരക്ഷയിൽനിന്നു വിദേശരാജ്യത്തെ ഒഴിവാക്കുന്ന ജസ്റ്റീസ് എഗനിസ്റ്റ് സ്പോൺസേഴ്സ് ഓഫ് ടെററിസം ആക്ട് യുഎസിന്റെ താത്പര്യങ്ങൾക്കു ഹാനികരമായതിനാലാണു വീറ്റോ ചെയ്യുന്നതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. ഭീകരത സംബന്ധിച്ച നയ പ്രശ്നങ്ങൾ ഭരണകൂട ഉദ്യോഗസ്‌ഥരിൽനിന്നു കോടതിയുടെ കൈകളിലേക്കു വരുന്നതിന് ഇതിടയാക്കും. യുഎസ് നയതന്ത്രപ്രതിനിധികൾ, സൈനികർ, ബിസിനസുകാർ എന്നിവർക്ക് എതിരേ മറ്റു രാജ്യക്കാരും ഇതേ നിയമത്തിന്റെ ചുവടുപിടിച്ച് നിയമനടപടികൾക്കു മുതിർന്നേക്കാമെന്ന അപകടമുണ്ട്.


ഈ ബിൽ പാസാക്കുന്നതിനെതിരേ സൗദി മുന്നറിയിപ്പു നൽകിയിരുന്നു. യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും ബില്ലിനെതിരേ രംഗത്തെത്തുകയുണ്ടായി. പ്രമുഖ അമേരിക്കൻ ബിസിനസ് കോർപ്പറേറ്റുകളായ ജനറൽ ഇലക്ട്രിക്കൽസ്, ഡൗ കെമിക്കൽ തുടങ്ങിയവയും ബിൽ പാസാക്കുന്നതിനെതിരേ ലോബിയിംഗ് നടത്തി.സന്തുലിതമല്ലാത്ത ഈ ബിൽ ഉഭയകക്ഷിബന്ധങ്ങൾക്കും ആഗോള സമ്പദ്വ്യവസ്‌ഥയ്ക്കും ഹാനികരമായേക്കുമെന്ന് ജിഇ ചീഫ് എക്സിക്യൂട്ടീവ് ജെഫ്രി ഇമ്മെൽറ്റ് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.