യുഎസ് മാളിൽ അഞ്ചുപേരെ അക്രമി വെടിവച്ചുകൊന്നു
യുഎസ് മാളിൽ  അഞ്ചുപേരെ അക്രമി വെടിവച്ചുകൊന്നു
Saturday, September 24, 2016 11:36 AM IST
വാഷിംഗ്ടൺ: യുഎസിൽ ഷോപ്പിംഗ് മാളിൽ അഞ്ചുപേരെ വെടിവച്ചുകൊന്ന അക്രമിക്കുവേണ്ടി വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. സിയാറ്റിലിൽനിന്നു 100കിലോമീറ്റർ അകലെ ബർലിംഗ്ടണിലെ കാസ്കേഡ് മാളിൽ കടന്നു ചെന്ന അക്രമി നാലു സ്ത്രീകളെയും ഒരു പുരുഷനെയും വെടിവച്ചുവീഴ്ത്തുകയായിരുന്നു.അക്രമിയുടെ ചിത്രം സിസി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

ഷോപ്പിംഗ്മാളിലെ മേസിസ് ഡിപ്പാർട്ടുമെന്റ് സ്റ്റോറിന്റെ മേക്കപ്പ് വിഭാഗത്തിലാണു തോക്കുധാരി വെടിവയ്പു നടത്തിയത്. സ്ത്രീകൾ നാലുപേരും ഉടൻ മരിച്ചു. പുരുഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമിയെ കണ്ടെത്താൻ ലോക്കൽ പോലീസ് എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നു വാഷിംഗ്ടൺ ഗവർണർ ജേ ഇൻസ്ലി പറഞ്ഞു. അന്വേഷണത്തിൽ സഹായിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചെന്നു സിയാറ്റിലിലെ എഫ്ബിഐ ഓഫീസ് അറിയിച്ചു.


ഇതു ഭീകരാക്രമണമാണെന്നതിനു യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

മിനിസോട്ടയിൽ അക്രമി ഒമ്പതുപേരെ കുത്തിപ്പരിക്കേല്പിച്ച സംഭവമുണ്ടായി ഒരാഴ്ചയ്ക്കകമാണ് മാളിലെ ആക്രമണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.