19 ഭിന്നശേഷിക്കാരെ ജപ്പാനിൽ അക്രമി കുത്തിക്കൊന്നു
19 ഭിന്നശേഷിക്കാരെ ജപ്പാനിൽ അക്രമി കുത്തിക്കൊന്നു
Tuesday, July 26, 2016 12:31 PM IST
സഗമിഹാര(ജപ്പാൻ): ജപ്പാനിലെ സഗമിഹാര പട്ടണത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിച്ചിരുന്ന കേന്ദ്രത്തിൽ അതിക്രമിച്ചു കയറി മനോവൈകല്യമുള്ള യുവാവ് നടത്തിയ കഠാരിയാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ടിസുക്കി യാമെറൻ അഗതി കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ സതോഷി ഉമേറ്റ്സുവെന്ന ഇരുപത്തിയെട്ടുകാരനാണ് അക്രമി. ഇയാൾ പോലീസിനു കീഴടങ്ങി. ടോക്കിയോയിൽനിന്നും 40 കിലോമീറ്റർ അകലെ സ്‌ഥിതിചെയ്യുന്ന പട്ടണമാണ് സഗമിഹാര.

18നും 70നും ഇടയ്ക്കു പ്രായമുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 10പേർ സ്ത്രീകളാണ്. 25പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ 20പേരുടെ നില ഗുരുതരമാണ്. കൂട്ടക്കൊലകൾ അത്യപൂർവമായ ജപ്പാനിൽ സഗമിഹാര സംഭവം നടുക്കം ഉളവാക്കി.

ഭിന്നശേഷിക്കാരെയും ശാരീരിക ന്യൂനതകളുള്ളവരെയും ഈ ലോകത്തുനിന്ന് ഇല്ലാതാക്കാൻവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.

ടിസുക്കി യാമെറൻ സംരക്ഷണകേന്ദ്രത്തിന്റെ ഒന്നാം നിലയിലെ ജനാല തകർത്ത് പുലർച്ചെ അകത്തുകയറിയ അക്രമി സ്‌ഥാപനത്തിലെ ഒരു ജീവനക്കാരനെ കെട്ടിയിട്ടശേഷം അന്തേവാസികളുടെ കഴുത്തുമുറിക്കുകയായിരുന്നു. 40മിനിറ്റിനകം കൂട്ടക്കൊല പൂർത്തിയാക്കി പുറത്തുകടന്ന അക്രമി രക്‌തം പുരണ്ട നിരവധി കത്തികളുമായി സുകുയി പോലീസ്സ്റ്റേഷനിൽ നേരിട്ടു ഹാജരായി.


പഠന വൈകല്യമുള്ളവരും ശാരീരിക ന്യൂനതകളുള്ളവരും ഉൾപ്പെടെ 150ൽ അധികം പേർ ഈ സംരക്ഷണകേന്ദ്രത്തിൽ അന്തേവാസികളായുണ്ട്. രണ്ട് നഴ്സിംഗ് ഹോമുകളിൽ ആക്രമണം നടത്തുമെന്നു കാണിച്ച് സതോഷി ഫെബ്രുവരിയിൽ ജാപ്പനീസ് പാർലമെന്റിന്റെ അധോസഭയിലെ സ്പീക്കർക്കു കത്തു നൽകിയിരുന്നു.

ഭിന്നശേഷിക്കാരെ ഇല്ലാതാക്കുന്നതുവഴി ലോകത്ത് സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്നും അതുവഴി മൂന്നാംലോക മഹായുദ്ധം ഒഴിവാക്കാൻ പറ്റുമെന്നും കത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാർ കുടുംബങ്ങളിൽ അസ്വസ്ഥത പടർത്തുന്നവരാണെന്ന ചിന്തയും ഇയാൾ പുലർത്തിയിരുന്നു. കത്തിന്റെ അടിസ്‌ഥാനത്തിൽ ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 12 ദിവസത്തെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ഇതേത്തുടർന്നാണ് ഇയാൾക്കു ടിസുക്കി യാമറെനിലുണ്ടായിരുന്ന ജോലി നഷ്‌ടപ്പെട്ടത്. മുന്നറിയിപ്പു കിട്ടിയിട്ടും കരുതൽ നടപടികളെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനു കനഗാവാ പ്രീഫെക്ചർ ഗവർണർ യുജി കൊറോയിവ മാപ്പു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.