ധാക്കയിൽ ഒമ്പതു ഭീകരരെ പോലീസ് വെടിവച്ചുകൊന്നു
ധാക്കയിൽ ഒമ്പതു ഭീകരരെ പോലീസ് വെടിവച്ചുകൊന്നു
Tuesday, July 26, 2016 12:31 PM IST
ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ ഇസ്ലാമിസ്റ്റ് ഭീകരഗ്രൂപ്പിന്റെ താവളത്തിൽ റെയ്ഡ് നടത്തിയ പോലീസ് ഒമ്പതു ഭീകരരെ വെടിവച്ചുകൊന്നു. ഭീകരർ വൻ ആക്രമണത്തിനു പദ്ധതി തയാറാക്കിയിരുന്നുവെന്നും പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഇത് ഒഴിവായെന്നും അധികൃതർ വ്യക്‌തമാക്കി. ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ളാദേശ്(ജെഎംബി) എന്ന സംഘടനയുടെ ഒളിത്താവളത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു റെയ്ഡ്. 13 ഗ്രനേഡുകളും വാളും തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു.

ഇന്റലിജൻസ് വിവരത്തിന്റെ അടിസ്‌ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നു ദേശീയ പോലീസ് മേധാവി എകെഎം ഷാഹുദുൽ ഹക്ക് പറഞ്ഞു.


ധാക്കയിലെ ഭീകരരുടെ ഒളിത്താവളം തകർത്തതിലൂടെ വൻ ഭീകരാക്രമണം ഒഴിവാക്കാനായെന്നും ഇതിനു പോലീസ് പ്രശംസ അർഹിക്കുന്നെന്നും പ്രധാനമന്ത്രി ഷേക്ക് ഹസീന പറഞ്ഞു.ബംഗ്ളാദേശിൽ അടുത്തകാലത്ത് ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.

എന്നാൽ ആഭ്യന്തര തലത്തിൽ പ്രവർത്തിക്കുന്ന ഭീകരരാണ് ആക്രമണങ്ങൾക്കു പിന്നിലെന്നാണ് സർക്കാരിന്റെ നിലപാട്. അടുത്തയിടെ ധാക്കയിലെ നയതന്ത്ര മേഖലയിലെ കഫേയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നിരവധി വിദേശികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.