വീണ്ടും ഹിതപരിശോധന നടത്താൻ നിവേദനം
Saturday, June 25, 2016 11:24 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകാനുള്ള (ബ്രെക്സിറ്റ്) വിധിയെഴുത്ത് നടത്തിയ ജനഹിതപരിശോധന റദ്ദാക്കി വീണ്ടും വോട്ടെടുക്കണമെന്നു നിവേദനം. ഓൺലൈനായി ആരംഭിച്ച നിവേദനത്തിൽ ശനിയാഴ്ച രാവിലെവരെ പത്തുലക്ഷത്തിലേറെപ്പേർ ചേർന്നു. ചൊവ്വാഴ്ച ചേരുന്ന പാർലമെന്റിന്റെ പെറ്റീഷൻസ് കമ്മിറ്റി നിവേദനം പരിഗണിച്ചേക്കും.

വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ യൂണിയൻ വിട്ടുപോരണമെന്ന പക്ഷം 51.9 ശതമാനം വോട്ട് നേടി വിജയിച്ചിരുന്നു. യൂണിയനിൽ തുടരുന്നതിന് അനുകൂലമായി 48.1 ശതമാനമേ ഉണ്ടായിരുന്നുള്ളൂ. 72 ശതമാനം പേരാണ് വോട്ടുചെയ്തത്.

75 ശതമാനത്തിൽ താഴെ ആൾക്കാർ പങ്കെടുക്കുന്ന ഹിതപരിശോധനയിൽ 60 ശതമാനത്തിൽ താഴെ വോട്ടേ ഒരു നിർദേശത്തിനു കിട്ടുന്നുള്ളൂവെങ്കിൽ വേറൊരു ഹിതപരിശോധന നടത്തണമെന്നു ചട്ടമുണ്ട്. ഈ ചട്ടം ഉദ്ധരിച്ചാണ് ഓൺലൈൻ നിവേദനം. ഒരുലക്ഷത്തിലേറെപ്പേർ ചേർന്നു നൽകുന്ന നിവേദനം പാർലമെന്റിലെ കോമൺസ് സഭ ചർച്ചചെയ്യണം എന്നുണ്ട്.

ലണ്ടനിലും സമീപത്തുമുള്ളവരാണ് നിവേദകരിൽ ഏറെയും. ലണ്ടൻ നഗരത്തിൽ 59.9 ശതമനംപേർ ബ്രിട്ടൻ യൂണിയനിൽ തുടരണമെന്നാണു വിധിയെഴുതിയത്. അവർക്കു ഹിതപരിശോധനാഫലം ഞെട്ടിക്കുന്നതായി.

വീണ്ടും ഹിതപരിശോധന ആവശ്യക്കാർ ഒരേസമയം ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചതിനാൽ നിവേദന വെബ്സൈറ്റ് പലതവണ പണിമുടക്കി.


വൃദ്ധജനങ്ങളും വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമീണരുമാണ് ബ്രെക്സിറ്റിന് അനുകൂലമായി വോട്ടുചെയ്തത്. യുവാക്കൾ കൂടുതൽ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചു യൂണിയനിൽ തുടരണമെന്ന നിലപാടെടുത്തു.

ബ്രെക്സിറ്റിന് അനുകൂലമായി വോട്ടുചെയ്തവർപോലും ഫലം വന്നപ്പോൾ തങ്ങൾ ഇതാഗ്രഹിച്ചിരുന്നില്ലെന്നു പറഞ്ഞതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ചെറുപ്പക്കാർ കടുത്ത രോഷത്തോടെയാണു പ്രതികരിച്ചത്. ‘‘ഞങ്ങളാണ് ഇനി നീണ്ടകാലം ജീവിക്കേണ്ടത്. പക്ഷേ ഞങ്ങളുടെ പേരിൽ കുറേ പെൻഷൻകാർ തീരുമാനമെടുത്തു.’’ 27 വയസുള്ള ലൂയിസ് ഫിലിപ്സ് എന്ന സോമർസെറ്റുകാരൻ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

21 വയസുള്ള ലൂയിസ് ഡ്രിസ്കോൾ ഒരുപകൽ മുഴുവൻ കരഞ്ഞു. ഇനി എന്തു സംഭവിക്കും എന്ന ഭീതിയിലാണു താനെന്ന് ഡ്രിസ്കോൾ പറഞ്ഞു. ആ യുവതിയുടെ മാതാപിതാക്കൾ ബ്രെക്സിറ്റിനെ അനുകൂലിച്ചാണു വോട്ടുചെയ്തത്.

അഭിപ്രായസർവേകൾ പറഞ്ഞത് 35 വയസിൽ താഴെയുള്ളവരിൽ 57 ശതമാനം യൂണിയനിൽ തുടരണമെന്ന് അഭിപ്രായപ്പെട്ടു എന്നാണ്. 55 വയസിനു മുകളിലുള്ളവരിൽ 57 ശതമാനം വിട്ടുപോരണമെന്ന നിലപാടെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.