അർമേനിയയിലേതു വംശഹത്യ തന്നെ: ഫ്രാൻസിസ് മാർപാപ്പ
അർമേനിയയിലേതു വംശഹത്യ തന്നെ: ഫ്രാൻസിസ് മാർപാപ്പ
Saturday, June 25, 2016 11:24 AM IST
യെരേവാൻ: അർമേനിയൻ കൂട്ടക്കൊലയെ വംശഹത്യയെന്ന് ആവർത്തിച്ചു വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. മൂന്നു ദിവസത്തെ സന്ദർശനത്തിനായി അർമേനിയയിൽ എത്തിയ മാർപാപ്പ വെള്ളിയാഴ്ച രാത്രിനടത്തിയ പ്രസംഗത്തിലാണു വംശഹത്യയെന്ന നിലപാട് ആവർത്തിച്ചത്.

എഴുതിത്തയാറാക്കിയ പ്രസംഗത്തിൽനിന്നു വ്യതിചലിച്ചാണ് മാർപാപ്പ 15 ലക്ഷം ക്രൈസ്തവർ കൊല്ലപ്പെട്ട 1915ലെ കൂട്ടക്കൊലയെ വംശഹത്യയെന്നു വിശേഷിപ്പിച്ചത്. ഒരുവർഷം മുമ്പും മാർപാപ്പ ഇതു വംശഹത്യയാണെന്നു പറഞ്ഞിരുന്നു.

ഇതിൽ തുർക്കി അനിഷ്‌ടം പ്രകടിപ്പിക്കുകയും വത്തിക്കാനിലെ തങ്ങളുടെ സ്‌ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തിരുന്നു. പത്തു മാസത്തിനുശേഷമാണ് വീണ്ടും സ്‌ഥാനപതിയെ നിയോഗിച്ചത്. മാർപാപ്പ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തോടു തുർക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.


ശനിയാഴ്ച അർമേനിയൻ തലസ്‌ഥാനനഗരമായ യെരേവാനിലെ ചിച്ചെർനാകാബർഡിലുള്ള രക്‌തസാക്ഷികളുടെ സ്മാരകം സന്ദർശിച്ച മാർപാപ്പ അർമേനിയൻ പ്രസിഡന്റ് സെർസ് സർക്കീസിയനോടും സഭാ തലവൻമാരോടുമൊപ്പം പ്രാർഥനയിൽ പങ്കെടുത്തു.

അനുസ്മരണ ചടങ്ങുകൾക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമിലെ പേപ്പൽ സമ്മർ റസിഡൻസിൽ താമസിച്ചിരുന്ന അർമേനിയൻ വംശജരുടെ പിൻഗാമികളുമായി അദ്ദേഹം സംവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.