ലണ്ടനു സ്വാതന്ത്ര്യം വേണമെന്ന്
Saturday, June 25, 2016 11:24 AM IST
ലണ്ടൻ: ലണ്ടൻ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു നിവേദനം.

ബ്രിട്ടൻ യൂണിയൻ വിട്ടുപോരുന്നതിനെതിരേയാണ് 59.9 ശതമാനം ലണ്ടൻകാർ വ്യാഴാഴ്ച വോട്ടുചെയ്തത്. പക്ഷേ രാജ്യത്തെ വിധി മറിച്ചായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ചേഞ്ച് ഡോട്ട് ഓർഗ് എന്ന സൈറ്റിൽ ‘ലണ്ടിപെൻഡൻസ്’ (ലണ്ടനു സ്വാതന്ത്ര്യം) പ്രചാരണം. ഒരുദിവസംകൊണ്ട് 40000 പേർ ഇതിൽ ചേർന്നു.

ലണ്ടനെ ലോകധനകാര്യ തലസ്‌ഥാനമാക്കി ഉയർത്തിയത് യൂറോപ്യൻ യൂണിയനിലെ ഭാഗഭാഗിത്വമാണ്. യൂറോപ്പിലും അമേരിക്കയിലുമുള്ള ബാങ്കുകൾ ലണ്ടനിൽ ശാഖകളോ മുഖ്യഓഫീസുകളോ തുറന്നു. ഇത് 14 ലക്ഷത്തിലധികം ബാങ്കിംഗ് ജോലികൾ ലണ്ടനിൽ ഉണ്ടാക്കി.

ബ്രിട്ടൻ യൂണിയൻ വിട്ടാൽ മിക്ക യൂറോപ്യൻ ബാങ്കുകളും പ്രവർത്തനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു മാറ്റും. യൂറോപ്യൻ കേന്ദ്രബാങ്ക് ഇന്നലെ നൽകിയ മുന്നറിയിപ്പും ആശങ്ക കൂട്ടി. ബ്രിട്ടനിലെ ഓഫീസിൽനിന്ന് യൂറോപ്പിൽ സേവനങ്ങൾ നൽകാൻ ബാങ്കുകൾക്കുള്ള അനുമതി റദ്ദാക്കുമെന്ന് യൂറോപ്യൻ കേന്ദ്രബാങ്ക് ഗവേണിംഗ് കൗൺസിൽ അംഗം ഫ്രാൻസ്വാ വിൽറോ ഡി ഗാലോ മുന്നറിയിപ്പ് നൽകി.


യൂറോപ്പിലെ 110 ലക്ഷം ധനകാര്യ സേവനജോലികളിൽ 20 ലക്ഷം ബ്രിട്ടനിലാണ്. അതിന്റെ മൂന്നിൽ രണ്ടു ഭാഗം ലണ്ടനിലും. യൂറോപ്പിലേക്കുള്ള ഇടപാടുകൾ കുറഞ്ഞാൽ ലണ്ടനിലെ തൊഴിൽനഷ്ടം വളരെ വലുതായിരിക്കും.

ബ്രിട്ടനിൽ ഫാക്ടറി ഉത്പാദനത്തേക്കാൾ ജിഡിപിയിലേക്കു സംഭാവന ലഭിക്കുന്നതു ധനകാര്യ സേവനമേഖലയിൽനിന്നാണ്. ജിഡിപിയുടെ 12 ശതമാനം വരും ധനകാര്യ മേഖലയുടെ സംഭാവന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.