മുംബൈ ആക്രമണം: ലഖ്വിക്ക് പാക് കോടതി നോട്ടീസ്
മുംബൈ ആക്രമണം: ലഖ്വിക്ക് പാക് കോടതി നോട്ടീസ്
Monday, May 30, 2016 12:45 PM IST
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സക്കിർ റഹ്മാൻ ലഖ്വി ഉൾപ്പെടെ ഏഴ് കുറ്റാരോപിതർക്കും പാക്കിസ്‌ഥാൻ സർക്കാരിനും ഇസ്ലാമാബാദ് ഹൈക്കോടതി നോട്ടീസ് അയച്ചു.

ആക്രമണത്തിനായി ഭീകരർ ഇന്ത്യയിലെത്തിയ ബോട്ട് പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടർന്നാണിത്. തുറമുഖനഗരമായ കറാച്ചിയിൽ അധികൃതരുടെ കസ്റ്റഡിയിലാണ് ബോട്ട് ഇപ്പോഴുള്ളത്. ഇതോടൊപ്പം ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതിയിലുള്ള കേസിന്റെ മുഴുവൻ രേഖകളും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ വിചാരണത്തീയതി പിന്നീട് അറിയിക്കുമെന്നും ഹൈക്കോടതി വൃത്തങ്ങൾ അറിയിച്ചു. മുംബൈ തീരത്ത് എത്താൻ ഭീകരർ ഉപയോഗിച്ച അൽ ഫൗസ് എന്ന ബോട്ട് പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിലെത്തിയത്. ഭീകരാക്രമണത്തിനായി കറാച്ചി തുറമുഖത്തുനിന്നാണ് പത്ത് ഭീകരർ എകെ–47 തോക്ക് ഉൾപ്പെടെ മാരകായുധങ്ങളുമായി 2008 നവംബർ 23 നു യാത്രതിരിച്ചത്.


അൽ ഫൗസ് ഉൾപ്പെടെ മൂന്ന് ബോട്ടുകൾ ഉപയോഗിച്ചാണ് ഭീകരർ ലക്ഷ്യസ്‌ഥാനത്ത് എത്തിയതെന്ന് ഫെഡറൽ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.