ബ്രദർഹുഡ് നേതാവ് ബാദിക്കും 35 പേർക്കും ജീവപര്യന്തം
Monday, May 30, 2016 12:11 PM IST
കയ്റോ: ഇസ്മാലിയ നഗരത്തിൽ 2013 ജൂലൈയിൽ നടത്തിയ അക്രമങ്ങളുടെ പേരിൽ മുസ്ലിം ബ്രദർഹുഡ് നേതാവ് മുഹമ്മദ് ബാദിക്കും മറ്റു 35 പേർക്കും ഈജിപ്ഷ്യൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ബ്രദർഹുഡ് പ്രവർത്തകരും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു. ജനങ്ങളെ ആക്രമിച്ചു, പൊതുസ്‌ഥാപനങ്ങൾ കൈയേറി, ദേശീയ സുരക്ഷ അപകടത്തിലാക്കി തുടങ്ങിയ കുറ്റങ്ങളാണു ബാദിക്കും മറ്റുമെതിരേ ചുമത്തിയത്.

ഈ കേസിൽ 49 പ്രതികളെ മൂന്നുമുതൽ 15 വർഷംവരെ തടവിനും ഒമ്പതുപേരെ 15വർഷം തടവിനും 20 പേരെ പത്തുവർഷം തടവിനും ശിക്ഷിച്ചു.


തെളിവിന്റെ അഭാവത്തിൽ മറ്റ് 20 പേരെ വെറുതെവിട്ടു. 72കാരനായ ബാദിയുടെ പേരിൽ നിരവധി കേസുകളുണ്ട്. ഒരു കേസിൽ അദ്ദേഹത്തെയും മറ്റ് ഏതാനും നേതാക്കളെയും നേരത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2011ലെ ജയിൽചാട്ടത്തിന്റെ പേരിൽ ബാദിയെയും നൂറോളം മറ്റു നേതാക്കളെയും വധശിക്ഷയ്ക്കു വിധിച്ചെങ്കിലും മേൽക്കോടതി പ്രസ്തുത വിധി റദ്ദാക്കി.

മുഹമ്മദ് മുർസിയെ പുറത്താക്കി പ്രസിഡന്റ് അൽ സിസി അധികാരം ഏറ്റെടുത്തതിനെത്തുടർന്ന് 2013 നവംബറിൽ ബ്രദർഹുഡിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.