പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ലാ ബാങ്കുകളിലേക്ക്
പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ലാ ബാങ്കുകളിലേക്ക്
Friday, December 2, 2016 3:11 PM IST
ന്യൂഡൽഹി: നോട്ട് പിൻവലിച്ചതിനെത്തുടർന്നു പ്രതിസന്ധിയിലായ സഹകരണ മേഖലയെ ശക്‌തിപ്പെടുത്താൻ സംസ്‌ഥാനത്തെ പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ ജില്ലാ സഹകരണ ബാങ്കുകളിലേക്കു മാറ്റുന്ന കാര്യം ആലോചിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡൽഹിയിൽ പറഞ്ഞു. സർക്കാർ സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ലാ സഹകരണ ബാങ്കുകളിലേക്കു മാറ്റാൻ സർക്കാർ ആലോചനയുണ്ടെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. സഹകരണ ബാങ്കുകൾ നൽകിയ ഹർജിയിൽ ഇന്നലെ സുപ്രീംകോടതിയിൽനിന്നുണ്ടായ പരാമർശം പ്രതീക്ഷ നൽകുന്നതാണെന്നും തോമസ് ഐസക് പ്രതികരിച്ചു.

ബിവറേജസ് കോർപറേഷൻ ഉൾപ്പെടെയുള്ള സ്‌ഥാപനങ്ങളിൽ ഇപ്പോൾ പുതിയ നോട്ടുകൾ ധാരാളം ലഭിക്കുന്നുണ്ട്. ഈ വരുമാനം സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിക്കാതെ സഹകരണ ബാങ്കിൽ നിക്ഷേപിക്കാനാണു സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ബിവറേജസ് കോർപറേഷനു പുറമേ ദേവസ്വം ബോർഡ്, കെഎസ്ഇബി, കേരള വാട്ടർ അഥോറിറ്റി, കെഎസ്ആർടിസി, ക്ഷേമനിധി ബോർഡുകൾ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ല സഹകരണബാങ്കുകളിലേക്കു മാറ്റാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്‌ഥാന സർക്കാർ സ്‌ഥാപനങ്ങളിൽനിന്നുള്ള വരുമാനം സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്നതു വഴി ഇപ്പോൾ പ്രതിസന്ധി നേരിടുന്ന സഹകരണ മേഖലയെ പിടിച്ചുനിർത്താൻ കഴിയും. എന്നാൽ, സർക്കാർ അക്കൗണ്ടുകളുള്ള മറ്റു ബാങ്കുകളെ ഈ നീക്കം പ്രതിസന്ധിയിലാക്കും. മറ്റു സഹകരണ സംഘങ്ങളിലെ നിക്ഷേപം ജില്ലാ സഹകരണ ബാങ്കിലേക്കു മാറ്റുന്ന കാര്യവും സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്.


നോട്ട് പിൻവലിച്ച കേന്ദ്രസർക്കാർ നടപടി പരാജയപ്പെട്ടതായി തെളിഞ്ഞുവെന്നും തോമസ് ഐസക് പറഞ്ഞു. തീരുമാനത്തിലൂടെ കഷ്‌ടപ്പെടുന്നതു സാധാരണക്കാരായ ജനങ്ങളാണ്. പുതിയ നോട്ട് അച്ചടിക്കാനും വിതരണം ചെയ്യാനുമുള്ള ചെലവ് ഒന്നര ലക്ഷം കോടിയാണ്.

ദേശീയ നഷ്‌ടം രണ്ടര ലക്ഷം കോടിയോളം വരും. തുടക്കത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളാണു പ്രതിസന്ധിയുടെ ഇരയായതെങ്കിൽ സംഘടിത തൊഴിൽ മേഖലയും ദുരിതത്തിലാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.