ബംഗാളിലെ സൈനിക വിന്യാസം: പാർലമെന്റിൽ ബഹളം
ബംഗാളിലെ സൈനിക വിന്യാസം: പാർലമെന്റിൽ ബഹളം
Friday, December 2, 2016 3:11 PM IST
ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ തുടക്കം മുതൽ നോട്ട് വിഷത്തിൽ ഉടക്കിനിന്ന പ്രതിപക്ഷം ഇന്നലെ പശ്ചിമ ബംഗാളിലെ സൈനിക വിന്യാസത്തിന്റെ പേരിൽ പാർലമെന്റിൽ പ്രതിഷേധമുയർത്തി.

ലോക്സഭയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ ആണു വിഷയമുന്നയിച്ചത്. സേനയെ ഇത്തരത്തിലൊരു നീക്കത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മുഖ്യമന്ത്രിയുടെ നേർക്ക് ഇത്തരത്തിൽ തുടർച്ചയായുണ്ടാകുന്ന ആക്ഷേപം ശരിയല്ല. മമതയുടെ ജീവൻ അപകടത്തിലാണെന്നും തൃണമൂൽ നേതാവ് പാർലമെന്റിനു പുറത്തും പറഞ്ഞു. പശ്ചിമ ബംഗാളിലെ ടോൾ പ്ലാസകളിൽ സൈനിക വിന്യാസം നടത്തിയതു സംബന്ധിച്ചു പ്രതിരോധ മന്ത്രിയുടെ വിശദീകരണം വേണമെന്നും തൃണമൂൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ഉൾപ്പെടെ മറ്റു പ്രതിപക്ഷ കക്ഷികളും ഇതിനെ പിന്തുണച്ചു. അടിയന്തരാവസ്‌ഥയ്ക്കു സമാനമായ സാഹചര്യം ബംഗാളിൽ സൃഷ്‌ടിക്കാനാണു കേന്ദ്രം ആസൂത്രണം ചെയ്യുന്നതെന്നും സുദീപ് ആരോപിച്ചു.

എന്നാൽ, ടോൾ പ്ലാസകളിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം തുടരുന്ന മമതാ ബാനർജിയുടെ നിലപാടിൽ വേദനയുണ്ടെന്നാണു പ്രതിരോധമന്ത്രി മനോഹർ പരീക്കർ നൽകിയ മറുപടി. സൈന്യത്തെ ഇത്തരമൊരു വിവാദത്തിലേക്ക് വലിച്ചിഴച്ചതു നിർഭാഗ്യകരമാണ്. അതിൽ അദ്ഭുതവും വേദനയുമുണ്ട്. മമതയുടെ പ്രതിഷേധം രാഷ്ട്രീയ ഇച്ഛാഭംഗം മൂലമാണെന്നും പരീക്കർ പറഞ്ഞു. സൈന്യത്തിന്റെ പതിവ് പരിശീലന പരിപാടി മാത്രമായിരുന്നു ഇത്. ഉത്തർപ്രദേശിലും ജാർഖണ്ഡിലും കഴിഞ്ഞ വർഷം സൈന്യത്തെ വിന്യസിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്‌ഥരുടെ അനുമതിയോടെയാണ് ഇതെല്ലാം ചെയ്തതെന്നും പരീക്കർ വ്യക്‌തമാക്കി. നവംബറിൽ നടത്താനിരുന്ന സൈനിക വിന്യാസം കോൽക്കത്ത പോലീസിന്റെ അഭ്യർഥനയെ തുടർന്നാണ് ഡിസംബറിലേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇതും സംബന്ധിച്ച് ബംഗാളിലെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ അറിയിച്ചിരുന്നു.

സൈന്യത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നാണ് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞത്. ജനാധിപത്യത്തെയും രാജ്യത്തെ ജനങ്ങളെയും സംരക്ഷിക്കുന്നവരാണ് സൈനികർ. സൈന്യം ചെയ്തത് പതിവു പരിശീലനപരിപാടിയുടെ ഭാഗം മാത്രമാണ്. ഇതിനെ രാഷ്ട്രീയവത്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ തൃണമൂലിനൊപ്പം പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം ഉന്നയിച്ചു.

പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്കോ ഡിജിപിക്കോ സൈനിക വിന്യാസം സംബന്ധിച്ചു വിവരം നൽകിയില്ല. ഇതാദ്യമായാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി ഇത്തരത്തിലൊരു പ്രതിഷേധത്തിനിറങ്ങേണ്ടി വരുന്നത്. ജമ്മു കാഷ്മീരിൽ പോലും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഗുലാം നബി പറഞ്ഞു.


സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് തൃണമൂൽ അംഗം സുകേന്ദു ശേഖർ റോയ് പറഞ്ഞു. ടോൾ പ്ലാസകൾ കൈയടക്കിയ സൈന്യം വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന് മമത ബാനർജി പ്രതിഷേധമുയർത്തിയതിന്റെ അനന്തരഫലമാണോ ഇതെന്നു പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ സൈനികവിന്യാസം കഴിഞ്ഞ വർഷം ഡിസംബറിലും പശ്ചിമ ബംഗാളിൽ നടന്നിട്ടുണ്ടെന്ന പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേയുടെ മറുപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം രൂക്ഷമാക്കി. വിവരം ഹൗറയിലെ മജിസ്ട്രേറ്റിനെ ധരിപ്പിച്ചിരുന്നു എന്നാണ് ഭാംറേ പറഞ്ഞത്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് തൃണമൂൽ ആരോപിച്ചത്. സൈനികവിന്യാസം സംബന്ധിച്ച് സംസ്‌ഥാന സർക്കാരിനെ അറിയിച്ചിരുന്നു എന്നത് തെറ്റായ വിവരമാണെന്നും തൃണമൂൽ ആരോപിച്ചു. ഇതുസംബന്ധിച്ച് സർക്കാർ നൽകുന്ന വിരം തെറ്റാണെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ അംഗം ഡെറിക് ഒബ്രിയൻ ക്രമപ്രശ്നം ഉന്നയിച്ചു. സൈനികവിന്യാസം സംബന്ധിച്ച് തെറ്റായ വിവരമാണ് സർക്കാർ സഭയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്തിന്റെ അനുമതിയില്ലാതെ സൈന്യത്തെ വിന്യസിച്ചത് ഫെഡറൽ സംവിധാനത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. വിഷയത്തിൽ മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസും കോൺഗ്രസും മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തിനിടെ സഭ നിയന്ത്രിക്കാൻ ഉപാധ്യക്ഷൻ പണിപ്പെട്ടു.

ഇതിനിടെ ശബ്ദം ഉയർത്തി സംസാരിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയെ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ നടപടിയെടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ശാസിച്ചു. ചെയറിനെ അനുസരിക്കുക എന്ന അടിസ്‌ഥാനനിയമം അറിയാത്തവർ എംപിയാകാൻ അർഹതയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പ്രതിഷേധമുയർത്തി ഭരണപക്ഷവും എഴുന്നേറ്റു. ബിജെപി അംഗം ഭുപേന്ദർ യാദവിനോട് ‘ഷട്ട് അപ്’ എന്നു പറഞ്ഞാണ് ഉപാധ്യക്ഷൻ ശാസിച്ചത്. അതേസമയം, മമത വിലകുറഞ്ഞ രാഷ്ട്രീയ നാടകമാണ് കളക്കുന്നതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

സർക്കാരിനെ താറടിച്ചു കാണിക്കാനും സൈന്യത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുമുള്ള തന്ത്രമാണിതെന്നും നായിഡു പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു. രാജ്യസഭ ഉച്ചകഴിഞ്ഞു ചേർന്നെങ്കിലും പ്രതിപക്ഷം ബഹളമുയർത്തിയതോടെ ഇന്നലത്തേക്കു പിരിഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.