നോട്ട് നിരോധനം: എല്ലാ കേസുകളും തിങ്കളാഴ്ചത്തേക്കു നീട്ടി
നോട്ട് നിരോധനം: എല്ലാ കേസുകളും തിങ്കളാഴ്ചത്തേക്കു നീട്ടി
Friday, December 2, 2016 3:11 PM IST
ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ തീരുമാനത്തിലെ ഭരണഘടനാ സാധുത പരിശോധിക്കണം എന്നതുൾപ്പെടെയുള്ള എല്ലാ ഹർജികളും തിങ്കളാഴ്ചത്തേക്കു മാറ്റി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആവശ്യങ്ങളുന്നയിച്ചു നിരവധി ഹർജികളാണു കോടതിയുടെ മുമ്പാകെയുള്ളതെന്നും ഇവയെല്ലാം തരംതിരിച്ചശേഷം തിങ്കളാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇതു പ്രകാരം ഹർജിക്കാർക്കു വേണ്ടി ഹാജരാവുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരാവുന്ന അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയും ഹർജികൾ തരംതിരിക്കും. അതിനുശേഷം ഇവ ഓരോന്നായി തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിമുതൽ പരിഗണിക്കും.

നോട്ട് പിൻവലിച്ചതിനു ശേഷമുള്ള ഓരോ ദിവസവും കേരളം, കോൽക്കത്ത, ജയ്പൂർ, ബോംബെ തുടങ്ങിയ ഹൈക്കോടതികളിലായി നിരവധി കേസുകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഇവയെല്ലാം കൈകാര്യം ചെയ്യാൻ കേന്ദ്രസർക്കാരിന് അസാധ്യമാണെന്നും അതിനാൽ ഇവ ഒന്നിച്ച് പരിഗണിച്ച് ഒന്നുകിൽ ഡൽഹി ഹൈക്കോടതിയിലോ അല്ലെങ്കിൽ സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ചിനു മുമ്പാകെയോ മാറ്റണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കേസുകൾ തരംതിരിച്ച് ക്രമപ്പെടുത്തി ഹാജരാക്കാൻ അറ്റോർണി ജനറലിനോടും സിബലിനോടും ചീഫ് ജസ്റ്റീസ് നിർദേശിക്കുകയായിരുന്നു. നോട്ട് നിരോധന വിഷയത്തിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ മാത്രമല്ല ഉന്നയിക്കാനുള്ളതെന്നും ആ തീരുമാനത്തിലെ ഭരണഘടനാ സാധുതകൂടി പരിശോധിക്കേണ്ടതുള്ളതിനാൽ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് ഇത് വാദംകേൾക്കണമെന്നും ഇന്നലെ കപിൽ സിബൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളും തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.


നോട്ട് നിരോധനത്തിലെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹർജി, വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സ്റ്റേചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം, റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകൾ നൽകിയ ഹർജി, 100 രൂപയ്ക്കു മുകളിലുള്ള എല്ലാ നോട്ടുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നൽകിയ ഹർജി, തമിഴ്നാട്, രാജസ്‌ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ജില്ലാ സഹകരണ ബാങ്കുകൾ ഉൾപ്പെടെ സമർപ്പിച്ച ഹർജി തുടങ്ങി 17 കേസുകളാണ് ഈ വിഷയത്തിൽ സുപ്രീംകോടതിക്കു മുന്നിലുള്ളത്. ഇതിനു പുറമേ വിവിധ ഹൈക്കോടതികളിലായി 70ലേറെ ഹർജികൾ വേറെയും ഉണ്ട്.

ഹർജികളിലെല്ലാം വ്യത്യസ്തങ്ങളായ ആവശ്യങ്ങളും ഉണ്ട്. അതിനുപുറമേ കേസിൽ കേന്ദ്രസർക്കാർ എതിർകക്ഷിയായതിനാൽ സർക്കാരിന്റെ അഭിഭാഷകർ ഹാജരാകേണ്ടതുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.