മുത്തലാഖ് വിഷയം രാഷ്ട്രീയവത്കരിക്കരുത്: മോദി
മുത്തലാഖ് വിഷയം രാഷ്ട്രീയവത്കരിക്കരുത്: മോദി
Monday, October 24, 2016 12:21 PM IST
മഹോബ (ഉത്തർപ്രദേശ്): മുത്തലാഖ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർഥിച്ച മോദി, മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം ദുരിതത്തിലേക്കു തള്ളിവിടാൻ അനുവദിക്കില്ലെന്നും വ്യക്‌തമാക്കി.

ഫോണിൽക്കൂടി മൂന്നുതവണ തലാഖ് പറഞ്ഞു നശിപ്പിക്കാനുള്ളതല്ല മുസ്ലിം സ്ത്രീകളുടെ ജീവിതമെന്നും ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപിയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കവേ മോദി പറഞ്ഞു.

ഹിന്ദു വിഭാഗക്കാർ പെൺ ഭ്രൂണഹത്യ ചെയ്യുമ്പോൾ ജയിൽ ശിക്ഷ നല്കുന്നതിനു തുല്യമായ കുറ്റമാണ് ഫോണിലൂടെ മുത്തലാഖ് ചൊല്ലുമ്പോഴുമുള്ളത്. ഹിന്ദു–മുസ്ലിം അല്ലെങ്കിൽ ബിജെപി ഇതര പാർട്ടികൾ തമ്മിലുള്ള തർക്ക വിഷയമല്ല മുത്തലാഖ്. സ്ത്രീകൾക്ക് തുല്യനീതിയും അവകാശവും ലഭിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ചില പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്.


സ്ത്രീകളുടെ അവകാശം എന്നത് ഹിന്ദു–മുസ്ലിം വിഷയമല്ല, വികസന പ്രശ്നമാണെന്ന അഭ്യർഥനയാണ് ടിവി ചർച്ചകളിൽ പങ്കെടുക്കുന്നവരോടുള്ളതെന്നും മോദി പറഞ്ഞു. ഖുറാൻ അറിയാവുന്ന ജ്‌ഞാനികളാണ് ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടത്. വിദ്യാസമ്പന്നരായ മുസ്ലിം സ്ത്രീകൾ ധാരാളമുള്ള സമൂഹമാണ് നമ്മുടേത്. മാറ്റം ആഗ്രഹിക്കുന്നവരാണ് ഇത്തരം ചർച്ചകളിൽ പങ്കെടുക്കേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ ചില പാർട്ടികൾ തങ്ങളുടെ കുടുംബത്തെ രക്ഷിക്കാനും മറ്റു ചിലർ അധികാരത്തിനുംവേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാൽ, ബിജെപി ഉത്തർപ്രദേശിനെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.