കൊച്ചിയിലിറങ്ങേണ്ട വിമാനം ‘കണ്ണടച്ച്’തിരുവനന്തപുരത്ത് ഇറക്കി
കൊച്ചിയിലിറങ്ങേണ്ട വിമാനം ‘കണ്ണടച്ച്’തിരുവനന്തപുരത്ത് ഇറക്കി
Monday, October 24, 2016 12:21 PM IST
ന്യൂഡൽഹി: ദോഹയിൽനിന്നു കൊച്ചിയിലേക്കു പറന്ന ജെറ്റ് എയർവേസ് വിമാനം 150 യാത്രക്കാരുമായി തിരുവനന്തപുരത്ത് ബ്ലൈൻഡ് ലാൻഡിംഗ് നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണു സംഭവം. ലാൻഡ് ചെയ്യാൻ നടത്തിയ ആറു ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഏഴാം തവണ വിമാനം ബ്ലൈൻഡ് ലാൻഡിംഗ് നടത്തുകയായിരുന്നു. റൺവേ വ്യക്‌തമാകാതിരുന്നതിനാലാണ് ലാൻഡിംഗിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടത്.

ഒന്നും ചിന്തിക്കാതെ പൈലറ്റ് കണ്ണടച്ചുള്ള ലാൻഡിംഗിന് നിർബന്ധിതനാകുകയായിരുന്നു. തിരുവനന്തപുരത്ത് വിമാനം ഇറക്കുമ്പോൾ നൂറു കിലോമീറ്റർ ദൂരം മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തിൽ അവശേഷിച്ചിരുന്നുള്ളു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കഴിഞ്ഞയാഴ്ച സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കാമായിരുന്ന ലാൻഡിംഗ് എന്നാണു സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ബ്ലൈൻഡ് ലാൻഡിംഗ് നടത്തിയ ക്യാപ്റ്റനെ സംഭവത്തിനുശേഷം ജെറ്റ് എയർവേസ് കോ പൈലറ്റിന്റെ റാങ്കിലേക്ക് തരം താഴ്ത്തി.

എന്നാൽ പൈലറ്റിന്റെ ബ്ലൈൻഡ് ലാൻഡിംഗ് തീരുമാനം ശരിയായിരുന്നെന്നാണു വിലയിരുത്തപ്പെടുന്നത്. പൈലറ്റും എയർ ട്രാഫിക് കൺട്രോളും തമ്മിലുള്ള സംഭാഷണത്തിൽ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് റൺവേ എവിടെയാണെന്നു താങ്കൾക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കണ്ണടച്ചു ലാൻഡ് ചെയ്യുകയാണെന്നായിരുന്നു പൈലറ്റിന്റെ മറുപടിയെന്നും ഡിജിസിഎയുടെ റിപ്പോർട്ടിൽ പറയുന്നു.


വിമാനം കൊച്ചിക്കു മുകളിലെത്തിയപ്പോൾ 4,844 കിലോ ഇന്ധനമുണ്ടായിരുന്നു. കൊച്ചിയിലിറങ്ങാൻ നടത്തിയ മൂന്നു ശ്രമങ്ങളും റൺവേ വ്യക്‌തമായി കാണാതിരുന്നതു കൊണ്ടു പാഴായി. ബംഗളൂരിലേക്കു പറക്കണമെങ്കിൽ കുറഞ്ഞത് 3,306 കിലോ ഇന്ധനം വേണ്ടിയിരുന്നു. തുടർന്നാണു വിമാനം തിരുവനന്തപുരത്തേക്കു തിരിച്ചു വിട്ടത്.

ബ്ലൈൻഡ് ലാൻഡിംഗ്

റൺവേ വ്യക്‌തമായി കാണാതെ വരുമ്പോൾ റേഡിയോ ഗൈഡ് ലൈൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്താൽ മാത്രം വിമാനം നിലത്തിറക്കുന്നതിനെയാണ് ബ്ലൈൻഡ് ലാൻഡിംഗ് എന്നു പറയുന്നത്. പൈലറ്റിന്റെ ആത്മവിശ്വാസവും യാത്രക്കാരുടെ ഭാഗ്യവുമാണ് ഈ ഘട്ടത്തിൽ ഏറെ നിർണായകം, യുദ്ധ സാഹചര്യങ്ങളിൽ റൺവേയിലെ ലൈറ്റുകൾ തെളിയാതെ പൂർണമായും ഇരുട്ടു വീഴുന്ന സാഹചര്യങ്ങളിലും സൈനിക വിമാനങ്ങൾ ഇത്തരത്തിൽ റേഡിയോ ഗൈഡ് ലൈൻ നിർദേശങ്ങളുടെ പിൻബലത്തിൽ ബ്ലൈൻഡ് ലാൻഡിംഗ് നടത്താറുണ്ട്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.