പാക് വെടിവയ്പ്; ആറു വയസുകാരനും ജവാനും കൊല്ലപ്പെട്ടു
പാക് വെടിവയ്പ്; ആറു വയസുകാരനും ജവാനും കൊല്ലപ്പെട്ടു
Monday, October 24, 2016 12:21 PM IST
ജമ്മു: അതിർത്തിയിൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്നലെ ആറുവയസുകാരനും ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടു.

ആർഎസ് പുരയിലെ ലാലിയാൽ ഗ്രാമത്തിൽ വിക്കി കുമാർ എന്ന കുട്ടിയാണു മരിച്ചത്. ബിഹാറിൽനിന്ന് തൊഴിൽതേടി ഗ്രാമത്തിൽ എത്തിയവരാണു വിക്കിയുടെ മാതാപിതാക്കൾ. ബിഎസ്എഫ് കോൺസ്റ്റബിൾ സുശീൽകുമാറാണു വീരമൃത്യു വരിച്ചത്. ഗ്രാമവാസികളായ ഒൻപതു പേർക്കും ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. മുപ്പതോളം കന്നുകാലികൾ ചത്തതായും നിരവധി വീടുകൾ തകർന്നതായും ജമ്മു ഡെപ്യൂട്ടി കമ്മീഷണർ സിമ്രൻദീപ് സിംഗ് പറഞ്ഞു.


ജമ്മു കാഷ്മീർ അന്താരാഷ്ട്ര അതിർത്തിയിൽ ആർഎസ് പുര, അർണിയ, കനാചക്, പർഖ്വാൾ എന്നിവിടങ്ങളിലെ 25 സൈനിക പോസ്റ്റുകൾക്കുനേരേയും ജനവാസകേന്ദ്രങ്ങൾക്കുനേരേയുമാണ് ഇന്നലെ പാക് സൈന്യം ആക്രമണം നടത്തിയത്.

അതേസമയം, ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ ഒന്നരവയസുള്ള കുട്ടിയുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടെന്നു പാക് സൈന്യം പറഞ്ഞു. ഹർപൽ, പുഖിലാൻ, ചർവാ സെക്ടറുകളിലാണ് ഇന്ത്യൻ സൈന്യം വെടിവയ്പു നടത്തിയതെന്നും പാക് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ പാക് അധീന കാഷ്മീരിൽ മിന്നലാക്രമണം നടത്തിയതിനുശേഷം പാക്കിസ്‌ഥാൻ 40 തവണ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.